തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
മലയാളം പരിപാടി
കാര്യക്രമം പോഡ്കാസ്റ്റ്
വെള്ളപ്പൊക്ക ദുരിതത്തിൽ നേപ്പാൾ - ഫയൽ ചിത്രം വെള്ളപ്പൊക്ക ദുരിതത്തിൽ നേപ്പാൾ - ഫയൽ ചിത്രം 

തെക്കേ ഏഷ്യൻ പ്രദേശങ്ങളിൽ അറുപത് ലക്ഷത്തോളം കുട്ടികൾ വെള്ളപ്പൊക്കഭീഷണിയിൽ: യൂണിസെഫ്

കടുത്ത കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം ഏഷ്യയുടെ തെക്കൻ പ്രദേശങ്ങളിൽ ഏതാണ്ട് അറുപത് ലക്ഷത്തോളം കുട്ടികൾ വെള്ളപ്പൊക്കഭീഷണി നേരിടുന്നുണ്ടെന്ന് യൂണിസെഫ്. നേപ്പാൾ, ബംഗ്ളാദേശ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളും കാലാവസ്ഥാപ്രതിസന്ധികൾ നേരിടുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ കടുത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ മൂലം യുവജനങ്ങളും കുടുംബങ്ങളും പ്രതിസന്ധിയിലാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ജൂലൈ 30 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് തെക്കേ ഏഷ്യൻ രാജ്യങ്ങൾ നേരിടുന്ന കാലാവസ്ഥാപ്രതിസന്ധിയെക്കുറിച്ച് യൂണിസെഫ് പ്രത്യേകം പരാമർശിച്ചത്.

കടുത്ത കാലാവസ്ഥാപ്രതിസന്ധികളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനങ്ങൾ അറിയിച്ച യൂണിസെഫ്, ഇത്തരം പ്രതിസന്ധികളിൽപ്പെട്ട തെക്കേ ഏഷ്യയിലെ അറുപത് ലക്ഷത്തോളം കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും കാര്യത്തിൽ തങ്ങൾ ആശങ്കാകുലരാണെന്ന് വ്യക്തമാക്കി.

തെക്കേ ഏഷ്യയിലുള്ള പലയിടങ്ങളിലും കടുത്ത മഴയും വെള്ളപ്പൊക്കവും മൂലം കുട്ടികൾക്കും കുടുംബങ്ങൾക്കും ശുദ്ധജല ലഭ്യതയിൽ തടസ്സങ്ങൾ നേരിടുന്നുവെന്ന് വ്യക്തമാക്കിയ യൂണിസെഫ്, ഇവിടങ്ങളിലെ കുട്ടികൾ ഉൾപ്പെടുന്നവർ നിർജ്ജലീകരണം, വയറിളക്കം പോലുള്ള പലവിധ രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവ നേരിടുന്നുണ്ടെന്ന് അറിയിച്ചു. വെള്ളപ്പൊക്കവും, കനത്ത മഴയും, മറ്റു ദുരിതങ്ങളും മൂലം നിരവധിയിടങ്ങളിൽ വീടുകൾക്ക് പുറമെ സ്‌കൂളുകളും റോഡുകളും തകരുന്നുണ്ടെന്നും, കുട്ടികളുടെ വിദ്യാഭ്യാസം പോലും തകരാറിലാകുന്നുണ്ടെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു. പലയിടങ്ങളിലും തങ്ങളുടെ വീടുകൾ വിട്ടിറങ്ങാൻ നിർബന്ധിതരായ കുട്ടികൾ സ്വന്തനാട്ടിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുണ്ടെന്നും, ചിലപ്പോഴെങ്കിലും അവർ  ദുരുപയോഗങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകുന്നുണ്ടെന്നും വ്യക്തമാക്കി.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങളിൽ നേപ്പാളിൽ 109 പേരും, അഫ്ഗാനിസ്ഥാനിൽ 58 പേരും, പാകിസ്ഥാനിൽ 124 പേരും മരണമടഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം വെള്ളപ്പൊക്കങ്ങൾ മൂലം അഞ്ചു ലക്ഷത്തോളം കുട്ടികളും അവരുടെ കുടുംബങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും യൂണിസെഫ് അറിയിച്ചു. വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി നൂറ്റിയറുപത്തിലധികം ആളുകൾ മരണമടഞ്ഞതായി പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

കുട്ടികളുടെയും, അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പദ്ധതികൾ തയ്യാറാക്കാനും, അടിയന്തിരസഹായം ആവശ്യമുള്ളിടത്ത് എത്തിക്കാനും തയ്യാറാകാൻ സർക്കാരുകളോട് തങ്ങൾ ആവശ്യപ്പെടുന്നുവെന്നും യൂണിസെഫ് പത്രക്കുറിപ്പിൽ എഴുതി.  കാലാവസ്ഥാപ്രതിസന്ധികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ അന്താരാഷ്ട്രസമൂഹത്തിന്റെ സഹായവും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2024, 15:24
Prev
February 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
232425262728 
Next
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031