അമേരിക്കയുടെ മുൻപ്രസിഡൻറിനെതിരെ നടന്ന വധശ്രമം ഭീതിതം, ആർച്ച്ബിഷപ്പ് തിമോത്തി!
ദേബൊറ കസ്തെല്ലാനൊ ലുബോവ്- ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ ഐക്യനാടുകളുടെ മുൻ പ്രസിഡൻറ് റൊണാൾഡ് ട്രംപിനു നേർക്കുണ്ടായ വധശ്രമം ഒരു ജനാധിപത്യസമൂഹമായിരിക്കേണ്ടിടത്ത് ഭീതിത പ്രവർത്തിയാണെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് തിമോത്തി ബ്രോള്യൊ.
ശനിയാഴ്‌ച (13/07/24) പെൻസിൽവാനിയയിലെ ബട്ട്ലറിൽ തിരഞ്ഞെടുപ്പു പ്രാചരണത്തിലേർപ്പെട്ടിരുന്ന ട്രംപിനു നേർക്കു 20 വയസ്സുകാരനായ തോമസ് മാത്യു ക്രൂക്സ് നിറയൊഴിച്ചതിനോടു വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിനനുവദിച്ച അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ആർച്ചുബിഷപ്പ്. തല വെട്ടിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രംപിന് വലതു ചെവിയുടെ മുകളിലാണ് വെടിയേറ്റത്.
അപരൻറെ മാനവ ഔന്നത്യത്തെ മാനിച്ചുകൊണ്ടു ആദരവോടെ ആയിരിക്കണം അമേരിക്കക്കാർ അഭിപ്രായവിത്യാസം പ്രകടിപ്പിക്കേണ്ടതെന്നും അഭിപ്രായവിത്യാസമുള്ളത് ആർക്കായാലും ആ വ്യക്തിയും ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെടിവെച്ച തോമസ് എന്ന ചെറുപ്പക്കാരൻ സുരക്ഷാപ്പൊലീസിൻറെ വെടിയേറ്റു മരിച്ചു. ഡൊണാൾഡ് ട്രംപിനെതിരെ നടന്ന ആക്രമണം, ജനാധിപത്യത്തിനേറ്റ മുറിവാണെന്നും, അക്രമരാഷ്ട്രീയമല്ല, സമാധാനത്തിൻറെ രാഷ്ട്രീയമാണ് ആവശ്യമെന്നും, പരിശുദ്ധ സിംഹാസനം ഒരു വാർത്താക്കുറിപ്പിൽ പ്രതികരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: