മനുഷ്യക്കടത്ത് കടുത്ത മാനവ ഔന്നത്യലംഘനങ്ങളിൽ ഒന്ന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യക്കടത്തുകാരുടെ കെണിയിൽ വീഴുന്നതു കൂടുതലും കൊടുംദാരിദ്ര്യത്തിൽ കഴിയുന്നവരാണെന്ന് സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസ്ഥാനം വഹിക്കുന്ന സംഘം.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ അമ്പത്തിയാറാമത് യോഗത്തിൽ, അടുത്തയിടെ, മനുഷ്യക്കടത്തിനെ അധികരിച്ചു നടത്തിയ പ്രസ്താവനയിലാണ് ഈ നിരീക്ഷക സംഘം ഈ ആശങ്ക പ്രകടിപ്പിച്ചത്.
സ്വാഗതവും മെച്ചപ്പെട്ടൊരു ജീവിതവും പ്രതീക്ഷിച്ച് ജീവൻ പണയം വച്ച് കടൽ കടന്നെത്തുന്ന ഇവർ മരണത്തെയും ചൂഷണത്തെയും നേരിടേണ്ട അവസ്ഥയുണ്ടാകരുതെന്നും മനുഷ്യക്കടത്ത് കടുത്ത മാനവ ഔന്നത്യലംഘനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടണമെന്നും പ്രസ്താവനയിൽ കാണുന്നു.
മനസ്സിൻറെയും ആത്മാവിൻറെയും ശരീരത്തിൻറെയും സമാധാനം ലഭിക്കാനും വളരാനും കഴിയുന്ന സുരക്ഷിതമായ ഇടം കണ്ടെത്താൻ അവരെ സഹായിക്കുകയെന്നത് സമൂഹത്തിൻറെ കൂട്ടുത്തരവാദിത്വമാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. കടൽകടക്കുന്ന ഈ വിഭാഗക്കാരുടെ സുരക്ഷിതത്വത്തിൽ വരുന്ന വീഴ്ച പലപ്പോഴും അന്താരാഷ്ട്ര സഹകരണത്തിൻറെ അഭാവത്തിൻറെയും പ്രാദേശിക, ദേശിയ, അന്തർദ്ദേശീയ തലങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മനസ്സില്ലായ്മയുടെയും അനന്തരഫലമാണ് എന്നത് ഖേദകരമാണെന്നും ഈ പ്രസ്താവനയിൽ കാണുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: