യെമെനിൽ കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യെമൻ സർക്കാരിന്റെ അധീനതയിലുള്ള ഇടങ്ങളിൽ പോഷകാഹാര കുറവ് മൂലം കുട്ടികൾക്ക് വിവിധ രോഗങ്ങൾ പിടിപെടുന്നതായി അന്താഷ്ട്ര സംഘടനകളായ, യൂനിസെഫ്, ഭക്ഷ്യകാർഷിക സംഘടന, ആരോഗ്യസംഘടന, ലോകഭക്ഷ്യപദ്ധതി എന്നിവർ മുന്നറിയിപ്പ് നൽകി. യെമന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഇത്തരം രോഗങ്ങൾ ഗുരുതരമായി പിടിപെടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഏകദേശം ആറുലക്ഷത്തിനു മുകളിലാണ്. ഇത് മുൻവർഷങ്ങളിലേതിനേക്കാൾ 34 ശതമാനം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോളറ, അഞ്ചാം പനി, മഞ്ഞപിത്തം തുടങ്ങിയ മാരകമായ അസുഖങ്ങളും വർധിച്ചു വരുന്നു.
2024 ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ വളരെ കുറവുള്ള മാസങ്ങളെന്നതിനാൽ നിരവധിയാളുകൾ പ്രത്യേകിച്ചും കുട്ടികൾ പട്ടിണി അനുഭവിക്കുന്നതായും പ്രാദേശികമായി റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം, സാമ്പത്തിക അസ്ഥിരത, ആവർത്തിച്ചുള്ള രോഗങ്ങൾ എന്നിവ രാജ്യത്തെ മുഴുവനായി വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
സാമൂഹിക സംരക്ഷണം, ആരോഗ്യം, ഭക്ഷണം, വെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രൂക്ഷമായ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിന് അടിയന്തരവും, സുസ്ഥിരവുമായ അന്താരാഷ്ട്ര പിന്തുണയും, നടപടിയും സംഘടനകൾ ആവശ്യപ്പെടുന്നു. അടിസ്ഥാന സേവനങ്ങളുടെ അഭാവം, ആവർത്തിച്ചുള്ള കുടിയൊഴിപ്പിക്കൽ എന്നിവയും യെമനിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: