സമാധാനത്തിന് രാഷ്ട്രീയവും മതപരവുമായ യത്നം ആവശ്യം, പാത്രിയാർക്കീസ് പിത്സബാല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസയിൽ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയെ ജ്വലിപ്പിക്കുന്നതാണ് ഖത്തറിൻറെ തലസ്ഥാനമായ ദോഹയിൽ നടന്ന ദ്വിദിന മദ്ധ്യസ്ഥ ചർച്ചകൾ എന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ഥ പിത്സബാല്ല (Card. Pierbattista Pizzaballa).
ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ,അമേരിക്കൻ ഐക്യനാടുകൾ, ഖത്തർ, ഈജപ്ത് എന്നീ മൂന്നു നാടുകളുടെ മദ്ധ്യസ്ഥതയിൽ വ്യാഴം,വെള്ളി എന്നീ ദിനങ്ങളിൽ ദോഹയിൽ നടന്ന സമാധാന ചർച്ചയെക്കുറിച്ച് വത്തിക്കാൻ മാദ്ധ്യമവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചർച്ചയുടെ തുടർച്ച അടുത്തുതന്നെ ഈജിപ്തിൻറെ തലസ്ഥാനമായ കെയ്റോയിൽ നടക്കാൻ പോകുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാത്രിയാർക്കീസ് പിത്സബാല്ല ഭാവികാര്യങ്ങൾ പ്രതീക്ഷ പകരുന്നവയാണെന്ന് പ്രസ്താവിച്ചു.
പ്രതിബന്ധങ്ങൾ ഉണ്ടെങ്കിൽത്തന്നെയും ഒരു ധാരണയിലെത്തിച്ചേരാൻ അനുകൂല സാഹചര്യങ്ങൾ ഇപ്പോഴുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലിനെതിരെ ഇറാൻറെ ആക്രമണ ഭീഷണി നിലനില്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാത്രിയാർക്കീസ് പിത്സബാല്ല സംഘർഷാവസ്ഥ അവസാനിച്ചിട്ടില്ലെന്നും നാം വ്യാമോഹത്തിൽ നിപതിക്കരുതെന്നും പറഞ്ഞു. സംഘർഷങ്ങൾക്കറുതിയുണ്ടാകുന്നതിനും സമാധാനം വാഴുന്നതിനും വേണ്ടി നാം രാഷ്ട്രീയമായി മാത്രമല്ല, മതപരമായും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: