പിള്ളവാത പ്രതിരോധ മരുന്ന് പിള്ളവാത പ്രതിരോധ മരുന്ന്   (ANSA)

ഗാസയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നതിന് സംഘർഷ ശമനം മൗലികം!

ഗാസയിൽ കുട്ടികൾക്ക് തളർവാത പ്രതിരോധകുത്തിവയ്പ് നടത്തേണ്ടതുണ്ടെന്നും അതിന് സംഘർഷങ്ങൾ നിറുത്തി അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ കുഞ്ഞുങ്ങൾക്ക് തളർവാത പ്രതിരോധകുത്തിവയ്പ്പുകൾ നടത്തുന്നതിന് ജീവകാരുണ്യപരമായ കാരണങ്ങളാലുള്ള വെടിനിറുത്തൽ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (UNICEF) പറയുന്നു.

ഗാസ മുനമ്പിൽ ആഗസ്റ്റ് അവസാനത്തിലും സെപ്റ്റംബറിലുമായി തളർവാതരോഗ (പോളിയൊ) പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനുള്ള തീരുമാനത്തിൻറെ വെളിച്ചത്തിലാണ് ഇതിന് അടിസ്ഥാനപരമായ ഈ ആവശ്യകത ഈ സംഘടനകൾ ചൂണ്ടിക്കാട്ടിയത്.

രണ്ടു ഘട്ടമായിട്ടായിരിക്കും ഈ പ്രതിരോധകുത്തിവയ്പ്പു നടത്തുക. കുത്തിവയ്പ്പെടുക്കുന്നതിന് അതിനുള്ള സ്ഥലത്ത് കുഞ്ഞുങ്ങളെ സുരക്ഷിതമായി എത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നതിന് ഈ വെടിനിറുത്തൽ ആവശ്യമാണെന്നും വെടിനിറുത്തലിൻറെ അഭാവത്തിൽ പ്രതിരോധകുത്തിവയ്പു പരിപാടി നടത്തുക അസാധ്യമായിരിക്കുമെന്നും ഈ സംഘടനകൾ വ്യക്തമാക്കുന്നു.

ഗാസമുനമ്പിൽ തളർവാതരോഗാണുവിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ചേർന്ന് പോളിയൊ പ്രതിരോധകുത്തിവയ്പ്പു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ആറു ലക്ഷത്തി നാല്പതിനായിരം കുട്ടികൾക്ക് പ്രതിരോധമരുന്നു നല്കാനാണ് തീരുമാനം. ഗാസയിൽ 3 കുട്ടികളിൽ ഈ രോഗലക്ഷണങ്ങൾ കണ്ടതായി ഈ സംഘടനകൾക്ക് വിവരം ലഭിച്ചിരുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2024, 12:03