മനുഷ്യക്കടത്തും കുടിയേറ്റവും കൂടിക്കുഴഞ്ഞ അവസ്ഥയിൽ, ഈശോസഭാ വൈദികൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യക്കടത്ത് എന്ന പ്രതിഭാസം ഉന്മൂലനം ചെയ്യുന്നതിനും അതിന് ഇരകളാകുന്നവരെ സംരക്ഷിച്ച് സാമൂഹ്യജീവിതത്തിൽ ഉൾച്ചേർക്കുന്നതിനും വഴികൾ ആരായുകയും ഉചിതമായ പഠനങ്ങൾ നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇന്തൊനേഷ്യയിൽ സ്ഥാപിതമായ “മാനവരാശിയുടെ സുഹൃത്തുക്കൾ” എന്ന അർത്ഥം വരുന്ന, “സഹബത്ത് ഇൻസാൻ” (Sahabat Insan) എന്ന സംഘടനയുടെ സ്ഥാപകാദ്ധ്യക്ഷൻ, ഈശോസഭാ വൈദികനായ ഇഗ്നേഷ്യസ് ഇസ്മർത്തോണൊ പറയുന്നു.
കുടിയേറ്റവും മനുഷ്യക്കടത്തും കൂടിക്കുഴഞ്ഞ ഒരു അവസ്ഥ സംജാതമായിട്ടുണ്ടെന്നും 79 വയസ്സു പ്രായമുള്ള അദ്ദേഹം പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ ലൊസ്സെർവത്തോരെ റൊമാനൊ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.
മനുഷ്യക്കടത്തെന്ന ഗുരുതരപ്രശ്നത്തെക്കുറിച്ച് കത്തോലിക്കർക്കു മാത്രമല്ല നാട്ടിലെ ഇസ്ലാം വിശ്വാസികൾക്കും ആശങ്കയുണ്ടെന്നും “മനുഷ്യക്കടത്തിന് ഇരകളായവരുടെ സ്വരം ദെവത്തിൻറെ സ്വരമാണ്” എന്ന മുദ്രാവാക്യത്തിൽ ആ ഇരകളുടെ കാര്യത്തിലുള്ള “സഹബത്ത് ഇൻസാൻ” സംഘടനയുടെ ഔത്സുക്യം പ്രകടമാണെന്നും ഫാദർ ഇഗ്നേഷ്യസ് പറയുന്നു.
ആവശ്യത്തിലിരിക്കുന്ന എല്ലാവർക്കും, മത വർഗ്ഗ ദേശ ഭാഷ ഭേദമന്യേ, സഹായം എത്തിക്കുന്നതിൽ ഈ സംഘടന സവിശേഷ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനുഷ്യക്കടത്തിനിരകളാകുന്നവർ ലൈംഗിക ചൂഷണം ഉൾപ്പടെ, നിരവധിയായ അനീതികൾക്ക് ഇരകളാകുന്നുണ്ടെന്ന വസ്തുതയും ഫാദർ ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: