എത്യോപ്യയിലെ അഭയാർഥികേന്ദ്രങ്ങൾ എത്യോപ്യയിലെ അഭയാർഥികേന്ദ്രങ്ങൾ  

എത്യോപ്യയിൽ മനുഷ്യക്കടത്തുകൾ വർധിക്കുന്നു

മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് എത്യോപ്യയിൽ അനുദിനം വർധിക്കുന്നുവെന്ന് സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

എത്യോപ്യയിലെ പല പ്രദേശങ്ങളിലും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ വർദ്ധിച്ചുവരികയാണെന്ന്   സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളും, ഗറില്ല പ്രസ്ഥാനങ്ങളും മോചനദ്രവ്യം തങ്ങളുടെ സാമ്പത്തികസ്രോതസ്സായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക ജനങ്ങൾക്കിടയിൽ അധികാരികളോടുള്ള ഭയവും, അവിശ്വാസവും വർധിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഈ തട്ടിക്കൊണ്ടുപോകലുകൾക്കുണ്ട്.

ജൂലൈ മാസം ആദ്യം സർവകലാശാല വിദ്യാർത്ഥികളായ നൂറോളം ആളുകളെ കടത്തികൊണ്ടുപോയത് ഏറെ വിവാദമായിരുന്നു. 8,000 മുതൽ 17,000 യുഎസ് ഡോളർ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട കൊള്ളക്കാർ, ഇതുവരെ ബന്ദികളിൽ ഒരാളെ പോലും വിട്ടയച്ചിട്ടില്ല. ഒറോമിയയിലാണ് മിക്ക തട്ടിക്കൊണ്ടുപോകലുകളും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മറ്റു പ്രദേശങ്ങളിലും ആളുകളുടെ സ്വൈര്യജീവിതത്തിനു വിഘാതം വരുത്തുകയാണ് ഈ പ്രവൃത്തികൾ.

സാധാരണയായി പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചുകൊണ്ട് നടത്തിയിരുന്ന തട്ടിക്കൊണ്ടുപോകലുകൾ ഇന്ന്, സാധാരണക്കാരായ ജനങ്ങളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഉപവി പ്രവർത്തനങ്ങൾക്കായുള്ള സംഘടനകളിലെ അംഗങ്ങളെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ  അംഹാര മേഖലയിൽ എട്ടോളം സന്നദ്ധപ്രവർത്തകരാണ് ഇപ്രകാരം  കൊല്ലപ്പെട്ടിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2024, 15:43