കുട്ടികളും കൗമാരക്കാരും പോഷണവൈകല്യത്തിൻറെ പിടിയിൽ, യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യപൂർവ്വദേശത്തും വടക്കെ ആഫ്രിക്കയിലും കുട്ടികളും കൗമാരപ്രായക്കാരുമുൾപ്പടെ എട്ടുകോടിയോളം പേർ ഏതെങ്കിലും തരത്തിലുള്ള പോഷണവൈകല്യം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).
ആ പ്രദേശങ്ങളിലെ കുട്ടികളിൽ മൂന്നിൽ ഒരു ഭാഗമാണിതെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. ആ പ്രദേശത്തു തന്നെ അമിതഭാരവും അമിതവണ്ണവുമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും സംഖ്യ 5 കോടി 50 ലക്ഷം വരുമെന്നും വടക്കെ ആഫ്രിക്കയിൽ 90 ലക്ഷം യുവതികൾ ഭാരക്കുറവുള്ളവരാണെന്നും യുണിസെഫ് പറയുന്നു.
ആ പ്രദേശങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ നിലവിലുള്ള സംഘർഷങ്ങളും പ്രതിസന്ധികളും മറ്റുതരത്തിലുള്ള വെല്ലുവിളികളും മൂലം കൂടുതൽ വഷളാകുന്ന അപകടമുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പു നല്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിൻറെയും ആരോഗ്യസേവനത്തിൻറെയും ഇതര അവശ്യസേവനങ്ങളുടെയും അഭാവം പോഷണവൈകല്യ പ്രശ്നത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും ഈ സംഘടന പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: