ആഫ്രിക്കയിൽ എംപോക്സ് ഭീഷണി അതീവജാഗ്രതയിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
1970 ൽ കോംഗോയിൽ ആദ്യമായി കാണപ്പെട്ട എംപോക്സ് പകർച്ചവ്യാധി സമീപദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ആരോഗ്യഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനകം ഒരു ലക്ഷത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗബാധ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രത്യേകിച്ചും, ബുറുണ്ടി, റുവാണ്ട, ഉഗാണ്ട, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് രോഗാവസ്ഥകൾ ഉയർന്ന നിലയിൽ തുടരുന്നത്. ഇതിനോടകം രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരിൽ 60 ശതമാനം ആളുകളും ഇരുപതു വയസിനു താഴെ മാത്രം പ്രായമുള്ളവരാണ്, അവരിൽ 21 ശതമാനം പേരും അഞ്ചുവയസ്സിനു താഴെമാത്രം പ്രായമുള്ളവരാണ്.
രോഗബാധ ഏറ്റവും കൂടുതലുള്ള ബുറുണ്ടിയിൽ, കുട്ടികളുടെ പ്രതിരോധകുത്തിവയ്പുകളുടെ അഭാവവും, പോഷകാഹാരക്കുറവും വലിയ ഭീഷണി ആരോഗ്യമേഖലയിൽ ഉയർത്തുന്നുണ്ട്. രോഗനിർണയ സാമഗ്രികളുടെയും, മരുന്നുകളുടെയും കുറവ്, കുറഞ്ഞ സമൂഹ അവബോധം, ഉയർന്ന പ്രവർത്തനച്ചെലവ്, അവശ്യ ആരോഗ്യ സേവനങ്ങളുടെ തുടർച്ച തടസ്സപ്പെടാനുള്ള സാധ്യത എന്നിവയും വെല്ലുവിളികളായി മാറുകയാണ്.
രോഗം ആദ്യം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധം, ശാരീരിക ബന്ധം എന്നിവയിലൂടെയാണ് പുതിയ വകഭേദം പകരുന്നത്. കോംഗോയിൽ, 2023 സെപ്റ്റംബറിൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: