സാധാരണക്കാർക്കുവേണ്ടിയുള്ള ഉപവിപ്രവർത്തനങ്ങൾ തടസപ്പെടുത്തി നിക്കരാഗ്വൻ സർക്കാർ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയ്‌ക്കെതിരെ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ജനവിരുദ്ധ ഭരണം നടത്തുന്ന നിക്കരാഗ്വയിലെ സർക്കാർ, കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള കാരിത്താസ് സംഘടനയുടെ മതഗൽപ്പ പ്രവിശ്യയിലെ കേന്ദ്രം അനധികൃതമായി പൂട്ടിക്കുകയും, പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തു. കാരിത്താസ് സംഘടനയ്‌ക്കു പുറമെ , സമൂഹത്തിലെ അധസ്ഥിത വിഭാഗത്തിനായി പ്രവർത്തിക്കുന്ന മറ്റു പതിനാലു സംഘടനകളുടെയും പ്രവർത്തനങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ റദ്ദാക്കി. സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ ആസ്തികൾ സംസ്ഥാനത്തിന് കൈമാറുമെന്നും പ്രസ്താവനയിൽ പറയുന്നു.
2009 മാർച്ചു മാസം 26 നു ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മതഗൽപ്പയിലെ കാരിത്താസ് സംഘടനയുടെ കേന്ദ്രം, നാളിതുവരെ നിരവധിയാളുകളുടെ ആശാകേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നു. ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങൾക്കും, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങളില്ലാത്തവർക്കും നിരവധി ഉപകാരങ്ങളാണ് സംഘടന ചെയ്തുപോന്നത്.
കഴിഞ്ഞ ആഴ്ചകളിൽ വൈദികരുടെ അറസ്റ്റും, പുറത്താക്കലും തുടർച്ചയായി രേഖപ്പെടുത്തിയ മാതഗൽപയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഇപ്രകാരം കാരിത്താസ് സംഘടന റദ്ദു ചെയ്തത്. 2020-2023 കാലയളവിൽ സംഘടന അതിൻ്റെ സാമ്പത്തിക പ്രസ്താവനകൾ അവതരിപ്പിക്കാത്തതിനാലാണ് റദ്ദ് ചെയ്യുന്നതെന്നാണ് സർക്കാർ വെളിപ്പെടുത്തിയത്.
കാരിത്താസിൻ്റെയും മറ്റ് സംഘടനകളുടെയും നിയമപരമായ പദവി റദ്ദാക്കിയതോടെ, 2018 ഡിസംബർ മുതൽ ഇന്നുവരെ സർക്കാർ നിരോധിച്ച സർക്കാരിതര സംഘടനകളുടെ എണ്ണം 3,600 ആയി ഉയർന്നു, അവരുടെ ആസ്തികളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് കൈമാറുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: