നൈജീരിയയിലെ മിലിറ്ററി സംഘം നൈജീരിയയിലെ മിലിറ്ററി സംഘം  

നൈജീരിയയിൽ മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി, നൈജീരിയയിൽ ബെന്യൂ സ്റ്റേറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളുടെ സ്ഥിതിയെ പറ്റിയുള്ള ആശങ്കകൾ തുടരുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മധ്യ കിഴക്കൻ നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി സായുധരായ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു. ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്‌സിന്റെ ദേശീയ വാർഷികസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോകവെയാണ് തട്ടിക്കൊണ്ടുപോയത്. വിദ്യാർത്ഥികളുടെ വേഗത്തിലുള്ള മോചനം ഉറപ്പാക്കാൻ ബന്ധപ്പെട്ട കക്ഷികളുമായി അശ്രാന്തമായി ചർച്ചകളിൽ ഏർപ്പെടുന്നുവെന്ന് ഫെഡറേഷന്റെ ചുമതലയുള്ളവർ അറിയിച്ചു.

തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥികളിൽ പന്ത്രണ്ടു പേർ മൈദുഗുരി സർവകലാശാലയിൽ പഠിക്കുന്നവരാണ്. ജിഹാദിസ്റ്റ് തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിൻ്റെ ജന്മസ്ഥലമായ ബോർണോ സ്റ്റേറ്റിൻ്റെ തലസ്ഥാനമാണ് മൈദുഗുരി. അതേസമയം മറ്റു എട്ടുപേർ ജോസ് സർവകലാശാലയിൽ നിന്നുമുള്ളവരാണ്. ചില പ്രാദേശിക സ്രോതസ്സുകൾ പ്രകാരം, 20 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത് ഫുലാനി ആട്ടിടയൻമാരുടെ സംഘമാണെന്ന് കരുതപ്പെടുന്നു.

നൈജീരിയയിൽ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധിയാളുകളെ തട്ടിക്കൊണ്ടുപോകുന്നത് തുടർക്കഥയാണെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു. ഈ 20 വിദ്യാർത്ഥികളുടെ അന്വേഷണത്തിന് ഡ്രോണുകളുടെ ഉപയോഗത്തിനും, നിയമപാലകരെ അണിനിരത്താനും  ബെന്യൂ സ്റ്റേറ്റ് ഗവർണർ ഉത്തരവിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2024, 15:48