ഒളിമ്പിക്സ് വേദിയിൽ മതസൗഹാർദ്ദസമ്മേളനം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നൂറു വർഷങ്ങൾക്കു ശേഷം, സാഹോദര്യത്തിന്റെയും, സമഭാവനയുടെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടി, പാരീസിലെ ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച്, നോത്തർദം കത്തീഡ്രലിനു മുന്നിലുള്ള ചത്വരത്തിൽ, അഞ്ചു മതങ്ങളുടെ പ്രതിനിധികളും അംഗങ്ങളും ചേർന്ന് മതാന്തരസമ്മേളനം നടത്തി. ലോകം മുഴുവനെയും ഉൾക്കൊള്ളിക്കുന്ന അന്താരാഷ്ട്ര മത്സര വേദിയെന്ന നിലയിൽ ഒളിമ്പിക്സ് വിവിധ മതങ്ങളെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, സംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നുവെന്നത് വൈശിഷ്ട്യതയാണ്.
ആഗസ്റ്റ് മാസം നാലാം തീയതി ഫ്രഞ്ച് സമയം രാവിലെ പത്തുമണിക്ക് ചത്വരത്തിൽ വിവിധ മതങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരുകയും, കായികമത്സരങ്ങൾക്ക് മനുഷ്യരാശിക്ക് സംഭാവന ചെയ്യുവാൻ കഴിയുന്ന വിവിധ നന്മകളെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഫ്രാൻസിലെ പ്രൊട്ടസ്റ്റൻ്റ് ഫെഡറേഷൻ്റെ പ്രസിഡൻ്റ് ക്രിസ്റ്റ്യൻ ക്രീഗർ, ഓർത്തഡോക്സ് വിശ്വാസത്തിൻ്റെ പ്രതിനിധി ആൻ്റൺ ഗെല്യാസോവ്, പാരീസിലെ സഹായ മെത്രാനായ മോൺസിഞ്ഞോർ ഫിലിപ്പ് മാർസെറ്റ് എന്നിവരാണ് ക്രൈസ്തവമതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ. ഇവരെക്കൂടാതെ, ഇസ്ലാം, ജൂത, ബുദ്ധ, ഹിന്ദു മതങ്ങളിൽ നിന്നുള്ള നാല് പ്രതിനിധികളും പങ്കെടുത്തു. സാർവത്രികമായ സാഹോദര്യത്തിന്റെ കേന്ദ്രമെന്ന നിലയിൽ നോത്തർദം കത്തീഡ്രൽ തിരഞ്ഞെടുത്തതും സമ്മേളനത്തിന്റെ മാറ്റു കൂട്ടുന്നതായിരുന്നു.
1924 ജൂലൈ 5 ന് പാരീസിൽ നടന്ന ഒളിമ്പിക്സ് അവസരത്തിലാണ് ആദ്യമായി ഇപ്രകാരം ഒരു മതസൗഹാർദ്ദ സമ്മേളനം സംഘടിപ്പിച്ചത്. മിക്കവാറും എല്ലാ കായികതാരങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് നടത്തിയ 1924-ലെ ഈ ചടങ്ങിനെ മാധ്യമങ്ങൾ ഏറെ പ്രശംസിച്ചതും ചരിത്ര സത്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: