സുഡാനിൽ ബോംബാക്രമണത്തിൽ അഞ്ചു കുട്ടികൾ കൊല്ലപ്പെട്ടു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുന്നതായി യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആഗസ്റ്റ് മാസം പതിനാലാം തീയതി എൽ ഒബെയിദ് നഗരത്തിൽ നടന്ന ബോംബാക്രമണത്തിൽ അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെടുകയും 20 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2023 ഏപ്രിലിൽ, യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതായും, പരിക്കുകൾ ഏറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, സുഡാനിൽ, തുടർച്ചയായ രണ്ടാം അധ്യയന വർഷവും മിക്ക സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. തന്മൂലം ഏകദേശം 19 ദശലക്ഷം കുട്ടികളാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ പുറത്തു കഴിയുന്നത്.
സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 110 ലധികം സ്‌കൂളുകളും, ആശുപത്രികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു സ്കൂളുകൾ കുടിയിറക്കപ്പെട്ടവർക്കായി താത്ക്കാലിക അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ്. ഖാർത്തൂം സംസ്ഥാനത്തെ അൽ ഹത്താനയിലും യൂണിസെഫ് സംഘടനയുടെ മേൽനോട്ടത്തിലുള്ള ശിശുസൗഹൃദ കേന്ദ്രത്തിലും ഗ്രനേഡ് ആക്രമണം ഉണ്ടാവുകയും, രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കുട്ടികൾക്കെതിരായ ഗുരുതരമായ അവകാശലംഘനമാണെന്നു സംഘടന കുറ്റപ്പെടുത്തി. ലൈംഗികമായ അതിക്രമങ്ങളും കുട്ടികൾക്കെതിരെ വർധിക്കുന്നതായും സംഘടന റിപ്പോർട്ട് ചെയ്യുന്നു. 2022 മുതൽ 2023 വരെ, കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങളിൽ അഞ്ചിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുവാനും സംഘടന എല്ലാവരോടും ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: