ചാഡിലുള്ള സുഡാൻ അഭയാർത്ഥികളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഐക്യരാഷ്ട്രസഭ
ഒഗുസ്തീൻ ആസ്ത, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ ന്യൂസ്
അനുദിനം അറുനൂറോളം സുഡാൻ അഭയാർത്ഥികൾ ചാടിലേക്കെത്തുന്നുണ്ടെന്നും, ഇത് സുഡാൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സംഘർഷത്തിന്റെയും അവിടുത്തെ അരക്ഷിതാവസ്ഥയുടെയും തെളിവാണെന്നും, "അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ടരസഭയുടെ ഹൈക്കമ്മീഷന്റെ" ചാഡിലുള്ള പ്രാതിനിധി മഗത്ത് ഗീസ്.
സുഡാനിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ആറുലക്ഷത്തോളം പേരാണ് ചാഡിലേക്ക് അഭയം തേടി എത്തിയത്. 2024-ൽ മാത്രം ഒരുലക്ഷത്തി മുപ്പതിനായിരം ആളുകൾ അതിർത്തി കടന്നെത്തിയതായി ഐക്യരാഷ്ട്രസഭാസംഘടനയുടെ പ്രതിനിധി അറിയിച്ചു. വരും മാസങ്ങളിൽ രണ്ടര ലക്ഷത്തോളം ആളുകൾ കൂടി എത്തുമെന്നാണ് കരുതുന്നതെന്നും മഗത്ത് ഗീസ് പ്രസ്താവിച്ചു. നിലവിൽ ദദ്രെ എന്ന ചാഡ് അതിർത്തിയിൽ രണ്ടു ലക്ഷത്തോളം സുഡാൻ പൗരന്മാരാണ് അഭയം തേടി നിൽക്കുന്നതെന്നും, ഇവരിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇവർ കടന്നുപോകുന്നതെന്നും മഗത്ത് ഗീസ് കൂട്ടിച്ചേർത്തു.
ചാഡ് - സുഡാൻ അതിർത്തി പ്രദേശത്തുൾപ്പെടെയുള്ള മാനവികപ്രതിസന്ധി ഇനിയും വഷളായേക്കുമെന്നും, സുഡാനിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം പ്രദേശത്ത് കൂടുതൽ അസ്ഥിരതാവസ്ഥ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും ഐക്യരാഷ്ട്രസഭാസംഘടനയുടെ പ്രതിനിധി ഓർമ്മിപ്പിച്ചു.
സുഡാനിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ അഭിമുഖീകരിക്കാനായി അന്താരാഷ്ട്രസമൂഹം അടിയന്തിരനടപടികൾ എടുക്കണമെന്നും, സംഘർഷങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കണമെന്നും മഗത്ത് ഗീസ് ആവശ്യപ്പെട്ടു. സുഡാനിലെ സംഘർഷങ്ങൾ ആരംഭിച്ചതിനു ശേഷം "അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ടരസഭയുടെ ഹൈ കമ്മീഷൻ" ആളുകൾക്കായി ആറ് പുതിയ അഭയാർത്ഥി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ അൻപതിനായിരത്തോളം പേരെയെങ്കിലും സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് സംഘടന അറിയിച്ചു. മറ്റ് അഞ്ചിടങ്ങൾ കൂടി പൂർത്തിയായി വരികയാണെന്നും മഗത്ത് ഗീസ് വ്യക്തമാക്കി. അഭയാർത്ഥികൾക്കായി അടിയന്തിരമായി കൂടുതൽ ഇടങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: