ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ 

മതപരമായ അസഹിഷ്ണുതകൾക്കിരകളാകുന്നവർ വർദ്ധിക്കുന്നു, ബിഷപ്പ് മെയെർ!

മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം അനുവർഷം ആഗസ്റ്റ് 22-ന് ആചരിക്കപ്പെടുന്നു. ഈ ആക്രമണങ്ങൾക്കു മുന്നിൽ നിസ്സംഗത പാലിക്കാനാകില്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ആശങ്ക പ്രകടിപ്പിക്കുന്നു.

മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം അനുവർഷം ആഗസ്റ്റ് 22-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറയുന്നതിനു പകരം കൂടിവരുന്ന പ്രവണതയിൽ ഈ ആശങ്ക അറിയിച്ചത്. 2019-ൽ ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

മതത്തിൻറെ പേരിൽ തിരസ്കൃതരാകുന്നതും ആക്രമിക്കപ്പെടുന്നതും ക്രൈസ്തവർ മാത്രമല്ല എന്ന വസ്തുതയും ബിഷപ്പ് മെയെർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഇരകളാകുന്നവരുടെ വേദനകളിൽ നമുക്ക് നിസ്സംഗതപുലർത്താനാകില്ലെന്നും കാരണം ഈ ആക്രമണങ്ങൾ എല്ലായ്പോഴും മനുഷ്യാവകാശങ്ങളുടെ അടിത്തറയായ മാനവ ഔന്നത്യത്തിനെതിരായുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളിൽപ്പെട്ടതാണെന്ന വസ്തുതയും ബിഷപ്പ് മെയെർ അനുസ്മരിച്ചു. ആകയാൽ അവയ്ക്ക് സംരക്ഷണം ഉറപ്പാക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പ്രഥമതാഃ രാഷ്ട്രത്തിൻറെ ചുമതലായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2024, 12:53