സമാധാന പ്രക്രിയ സംസ്കൃതിയുടെ ഫലം, പാത്രിയാർക്കീസ് പിത്സബാല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാന സംസ്ഥാപന പ്രക്രിയ ഒരു സംസ്കാരത്തിൻറെ ഫലമാകയാൽ അത് വിദ്യാലയങ്ങളിൽ നിന്നു തുടങ്ങണമെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല പറയുന്നു.
“സമാധാനം സാദ്ധ്യമാണോ? മദ്ധ്യപൂർവ്വദേശത്തെ പ്രതിസന്ധി” എന്ന ശീർഷകത്തിൽ റോമിൽ സംഘടിപ്പിക്കപ്പെട്ട ഒരു വട്ടമേശ സമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
സമാധാനം എന്നത് ഒരു തിരഞ്ഞെടുപ്പാകയാൽ അത് സാദ്ധ്യമാണെന്നും എന്നാൽ രണ്ടു കക്ഷികൾ ഒരു ധാരണയിലെത്തുന്നതിൻറെ ഫലമായ രാഷ്ട്രീയ സമാധാനം മദ്ധ്യപൂർവ്വദേശത്ത് ഉണ്ടായിട്ടില്ല എന്നതുകൊണ്ട് അത് സാദ്ധ്യമല്ല എന്നല്ല അർത്ഥമാക്കുന്നതെന്നും പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല വ്യക്തമാക്കി.
ഇപ്പോൾ വ്യവസ്ഥാപനങ്ങൾ മരവിച്ചിരിക്കയാണെന്നും സംഘർഷങ്ങളുടെ മേൽ നിർണ്ണായക സ്വാധീനം ചെലുത്താൻ നതന്ത്രപരമായ നീക്കങ്ങൾക്ക് സാധിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സമൂഹം രൂപീകൃതമായിരിക്കുന്നത് വ്യവസ്ഥാപനങ്ങളാൽ മാത്രമല്ലെന്നും മറ്റു യാഥാർത്ഥ്യങ്ങളുമുണ്ടെന്നും സന്നദ്ധസേവന മേഖലയിലുള്ള എല്ലാവിഭാഗങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. പരസ്പരവിശ്വാസം പടിപടിയായി ഉണ്ടാക്കത്തക്കവിധം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അടിത്തട്ടിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന് ഇതിനായി ഒരുക്കം നടത്തണമെന്ന് പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: