തിരയുക

വാനരവസൂരിക്കെതിരെയുള്ള പ്രതിരോധമരുന്ന് വാനരവസൂരിക്കെതിരെയുള്ള പ്രതിരോധമരുന്ന്  (AFP or licensors)

ബുറുണ്ടിയിൽ കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾക്ക് വാനരവസൂരി ബാധിച്ചതായി ശിശുക്ഷേമനിധി

ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ അഞ്ഞൂറ്റിയറുപത്തിലധികം ആളുകൾക്ക് വാനരവസൂരി എന്ന മങ്കിപോക്സ്‌ ബാധിച്ചതായും, ഇവരിൽ ഏതാണ്ട് അറുപതിലധികം ശതമാനം ആളുകളും പത്തൊൻപത് വയസ്സിൽ താഴെയുള്ളവരാണെന്നും യൂണിസെഫ്. ആയിരത്തിയറുനൂറോളം പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. രാജ്യത്ത് സെപ്റ്റംബർ പതിനാറിന് സ്‌കൂൾവർഷം ആരംഭിച്ച അവസ്ഥയിൽ, മുപ്പതുലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കാൻ പരിശ്രമിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ബുറുണ്ടിയിൽ വാനരവസൂരി എന്ന മങ്കിപോക്സ്‌ ബാധിച്ച ആളുകളിൽ അറുപത്തിമൂന്ന് ശതമാനത്തോളം പേരും പത്തൊൻപത് വയസ്സിൽ താഴെയുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. അതേസമയം ഒന്ന് മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ബുറുണ്ടിയിലെ വാനരവസൂരി ബാധിച്ച ആളുകളിൽ മുപ്പത് ശതമാനവും. രാജ്യത്ത് ആകെമാനം ആയിരത്തിയറുന്നൂറോളം പേർക്ക് മങ്കിപോക്സ്‌ ബാധിച്ചതായി സംശയിക്കപ്പെടുന്നു.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ വാനരവസൂരി ബാധിച്ചവരുടെ എണ്ണം വർദ്ദിച്ചുവരുന്നതിൽ തങ്ങൾ ആശങ്കാകുലരാണെന്നും, അവരുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകി, ഈയൊരു സ്ഥിതി അവസാനിപ്പിക്കാൻ യൂണിസെഫ് പരിശ്രമിച്ചുവരികയാണെന്നും ബുറുണ്ടിയിലെ യൂണിസെഫ് പ്രതിനിധി ഫ്രാൻസ് ബേജിൻ അറിയിച്ചു.  സെപ്റ്റംബർ പതിനാറിന് സ്‌കൂൾവർഷം ആരംഭിച്ചതുകൊണ്ടുതന്നെ, കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസരംഗം ഉറപ്പാക്കുന്നതിനും പരിശ്രമങ്ങൾ ശക്തമാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

2024 ജൂലൈ 25-നാണ് ബുറുണ്ടിയിൽ ആദ്യ വാനരവസൂരി ബാധ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ നാല്പത്തിയൊൻപത് ജില്ലകളിൽ മുപ്പത്തിനാലിലുമായി മങ്കിപോക്സ്‌ ലക്ഷണത്തോടെയുള്ള 1774 പേരെക്കുറിച്ച് അറിവുലഭിച്ചിട്ടുണ്ടെന്നും, ഇവരിൽ 1576 പേരിൽ രോഗബാധ സംശയിക്കുന്നുവെന്നും യൂണിസെഫ് അറിയിച്ചു. ഇതുവരെ രാജ്യത്ത് മൊത്തം 564 പേരിലാണ് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത്.

മധ്യ-പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിൽ വാനരവസൂരി എന്ന സംക്രമികരോഗം കഴിഞ്ഞ ഏതാനും മാസങ്ങളായി പകരുന്നുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു. സ്‌കൂളുകളിൽ മങ്കിപ്പനി പകരുന്നത് തടയാനും, കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസയിടങ്ങൾ ഒരുക്കാനും യൂണിസെഫ് രാഷ്ട്രീയാധികാരികളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് സെപ്റ്റംബർ എട്ടാം തീയതി സംഘടന അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2024, 16:56