ദൈവീകപിതൃത്വം നമ്മെ സഹോദരങ്ങളാക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമാധാനത്തിന്റെ അടിസ്ഥാനവും മാർഗവും, സാഹോദര്യമാണെന്ന സന്ദേശം അടിവരയിട്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ നാല്പത്തിയേഴാമത് ആഗോള സമാധാന ദിനത്തിന്റെ സന്ദേശം നൽകിയത്. ഫ്രാൻസിസ് പാപ്പാ ഏകദേശം പതിനൊന്നു വർഷങ്ങൾക്കു മുൻപ് നൽകിയ ഈ സന്ദേശത്തിന്റെ ശരിയായ അർത്ഥം ഉൾക്കൊള്ളുവാനും, യഥാർത്ഥ സമാധാനം, ആഗ്രഹിക്കുവാനും, അതിനായി പ്രാർത്ഥിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമെല്ലാവരും കടന്നുപോകുന്നത്. സാഹോദര്യത്തിന്റെ ആവശ്യം ഫ്രാൻസിസ് പാപ്പായുടെ എക്കാലത്തെയും സന്ദേശങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിരുന്നു. 2013 ൽ തന്റെ പത്രോസിനടുത്ത അജപാലനശുശ്രൂഷ ഫ്രാൻസിസ് പാപ്പാ ആരംഭിക്കുന്ന കാലഘട്ടത്തിലും, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ അറിയപ്പെടാതെ അരങ്ങേറിക്കൊണ്ടിരുന്ന നിരവധി ആഭ്യന്തര യുദ്ധങ്ങളുടെ മാറ്റൊലികൾ കേൾക്കുന്നുണ്ടായിരുന്നു. ഇതിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനാളുകളുടെ നിലവിളികൾ ഫ്രാൻസിസ് പാപ്പായ്ക്ക് കേൾക്കാമായിരുന്നു. ഇതിൽ നിന്നുമാണ്, ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നത്: നാമെല്ലാവരും സഹോദരന്മാരാണ്. വിശ്വസാഹോദര്യത്തിന്റെ സുവിശേഷമാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ആഗോള സമാധാന ദിന സന്ദേശത്തിന്റെ കാതൽ.
സാഹോദര്യത്തിന്റെ അടിസ്ഥാനം കുടുംബം
സമാധാനത്തിന്റെ അടിത്തറ സാഹോദര്യമെന്നു പറയുന്ന പാപ്പാ എടുത്തു പറയുന്ന മറ്റൊരു വസ്തുത, സാഹോദര്യത്തിന്റെ അടിസ്ഥാനം കുടുംബം ആണെന്നുള്ളതാണ്. തന്റെ ആദ്യ സമാധാന സന്ദേശമെന്ന നിലയിൽ ഫ്രാൻസിസ് പാപ്പാ അടിവരയിടുന്ന ഈ രണ്ടു വസ്തുതകളും കത്തോലിക്കാ സഭയുടെ മുഖമുദ്രയാണെന്നതിൽ തെല്ലും സംശയമില്ല. മനുഷ്യർക്കിടയിൽ പാലിക്കപ്പെടേണ്ട സാഹോദര്യവും, ഈ സാഹോദര്യം പ്രാവർത്തികമാക്കുവാൻ അവൻ ആയിരിക്കുന്ന കുടുംബ സാഹചര്യങ്ങളും, ലോക സമാധാനം ഉരുവാക്കുവാൻ ഏറെ അത്യന്താപേക്ഷിതമാണെന്ന് പാപ്പാ എടുത്തു പറയുന്നു.
മാതാപിതാക്കളുടെ കടമ
സന്ദേശത്തിന്റെ ആദ്യവാചകത്തിൽ തന്നെ പാപ്പാ പറയുന്നത്, ബന്ധങ്ങളിൽ ജീവിക്കേണ്ടുന്ന മനുഷ്യന്റെ അസ്തിത്വത്തിനു ജീവൻ നൽകുന്നതാണ് സാഹോദര്യം എന്നുള്ളതാണ്. ഈ യാഥാർഥ്യമാണ് മറ്റുള്ളവരെ സഹോദരനും, സഹോദരിയുമായി സ്വീകരിക്കുവാനും ഏറ്റെടുക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നത്. അതായത് സാഹോദര്യം കൂടാതെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ സാധിക്കുകയില്ല എന്നത് രത്നച്ചുരുക്കം. ഈ സാഹോദര്യത്തിന്റെ അറിവുകൾ നമുക്ക് പകർന്നുനൽകുന്ന വേദിയാണ് കുടുംബം. അറിവുകൾ പകർന്നുനൽകേണ്ട മാതാപിതാക്കളുടെ കടമകളും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. ഒരുപക്ഷെ മാതാപിതാക്കൾ ഈ കടമകൾ നിറവേറ്റുവാൻ മടികാണിക്കുന്നതുകൊണ്ടോ, യഥാർത്ഥ സാഹോദര്യത്തിന്റെ മാതൃകകൾ നല്കാത്തതുകൊണ്ടോ, വിശ്വസമാധാനത്തിനു കോട്ടം സംഭവിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. മാതാപിതാക്കളുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ കുടുംബത്തിന്‍റെ രൂപീകരണത്തിലൂടെയും, പരസ്പരപൂരകവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കിലൂടെയുമാണ് അത് യാഥാര്‍ത്ഥ്യമാകുന്നത്. സാഹോദര്യത്തിന്‍റെ ഉറവ കുടുംബമാകയാല്‍, അത് സമാധാനത്തിന്‍റെ അടിത്തറയും, ആദ്യപാതയുമാണ്. കാരണം ചുറ്റുമുള്ള ലോകത്ത് സ്നേഹം പരത്തുകയാണ് അസ്ഥിത്വത്തില്‍ കുടുംബത്തിന്‍റെ ദൗത്യം.
സാഹോദര്യം ദൈവവിളിയാണ്
സാഹോദര്യത്തിന്റെ ഈ ഊഷ്മളത ജീവിതത്തിൽ വർധിപ്പിക്കുന്നതിനും, കൂടുതൽ സഹോദരങ്ങളെ നേടുന്നതിനും, ഇന്ന് നല്കപ്പെട്ടിരിക്കുന്ന മാധ്യമസംവിധാനങ്ങളെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതും പാപ്പാ പറയുന്നുണ്ട്. മറ്റുള്ളവരെ സ്വന്തമെന്നു ഉൾക്കൊണ്ടുകൊണ്ട് ചേർത്ത് നിർത്തുവാനും, അവന്റെ ആവശ്യങ്ങളിൽ അവനെ സഹായിച്ചുകൊണ്ട് ജീവിതത്തിൽ സ്‌ഥായിയായ ഭാവം നേടിയെടുക്കുവാൻ അവനെ ഒരുക്കുന്നതുമാണ് സാഹോദര്യത്തിന്റെ മനോഹാരിത. കാരണം സാഹോദര്യസംസ്ഥാപനത്തിനുള്ള നമ്മുടെ കടമ ഒരു ദൈവവിളിയാണ്. എന്നാൽ നിസ്സംഗതയുടെ ആഗോളവത്ക്കരണം നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിൽ സമാധാനവും, സാഹോദര്യവും ഉരുവാക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞതാണെന്നുള്ള സത്യവും പാപ്പാ മറച്ചുവയ്ക്കുന്നില്ല. ജീവൻ കാത്തുസൂക്ഷിക്കുവാനും, സംരക്ഷിക്കുവാനുമുള്ള അവകാശത്തെയും, സ്വന്തം മതത്തിൽ വിശ്വസിക്കുന്നതിനുള്ള അവകാശത്തെയും ഹനിക്കുന്നത് സാഹോദര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്.
ആഗോളവത്കരണത്തിൽ നഷ്ടപ്പെട്ടുപോയ സാഹോദര്യം
"ആഗോളവത്ക്കരണം മനുഷ്യനെ തമ്മിൽ അടുപ്പിച്ചപ്പോൾ, അകന്നുപോയത് സാഹോദര്യം" ആണെന്നുള്ള ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറയുന്നുണ്ട്. ജീവിതചുറ്റുപാടുകളില്‍ കാണുന്ന അസമത്വവും, ദാരിദ്ര്യവും, അനീതിയും സാഹോദര്യത്തിന്‍റെ മാത്രമല്ല, സമൂഹത്തിലെ ഐക്യദാര്‍ഢ്യമില്ലായ്മയെയാണ് വിളിച്ചോതുന്നത്. ശരിയാണ്, ശാസ്ത്രവും, സാങ്കേതിക വിദ്യകളും മനുഷ്യർക്കിടയിലെ അകലം കുറച്ചപ്പോൾ, മനുഷ്യന്റെ ഉള്ളിൽ കുമിഞ്ഞുകൂടിയ തിന്മകൾ പലതാണ്: വ്യക്തിവാദം, അഹംഭാവം, ഭൌതിക ഉപഭോക്തൃത്വം, എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്രങ്ങൾ ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നതിനും, ബലഹീനരായ ആളുകളെ സമൂഹത്തിൽ നിന്നും ഒഴിവാക്കിക്കൊണ്ട്, ബലവാന്മാരുടെ കരങ്ങളിൽ ഏല്പിക്കപെടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നുണ്ട്. സാഹോദര്യത്തിൻ്റെ ആധികാരിക ബന്ധങ്ങൾ സൃഷ്ടിക്കാൻ സമകാലിക ധാർമ്മികതയ്ക്ക് പോലും സാധിക്കാത്ത ഒരു അവസ്ഥയെയാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ഏറ്റവും ക്രൂരമായ മുഖങ്ങളിൽ ഒന്നാണ്, പിതൃത്വത്തിന്റെ നിഷേധം പോലും. നമ്മെ സഹോദരങ്ങളാക്കുന്ന ഘടകം , ദൈവത്തിന്റെ ഏക പിതൃത്വം തിരിച്ചറിയുകയും, ആപിതൃത്വത്തിന്റെ തണലിൽ അപരനെ പരിപാലിക്കുന്ന നല്ല അയൽക്കാരൻ ആകുകയും ചെയ്യുക എന്നതാണ്.
"നിന്റെ സഹോദരൻ എവിടെ?"
"നിന്റെ സഹോദരൻ എവിടെ?" എന്നുള്ള ചോദ്യമാണ് പാപ്പാ നമ്മുടെ വിചിന്തനത്തിനായി ആദ്യം നൽകുന്നത്. ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യർ പക്ഷെ ജീവിതത്തിൽ അതുല്യരായിരുന്നു. വൈവിധ്യങ്ങളിലും ദൈവത്തിന്റെ പിതൃത്വത്തിൽ, പരസ്പരം സഹോദരങ്ങളായിരിക്കുവാനുള്ള വിളിയാണ് തുടക്കം മുതൽ ദൈവം നൽകുന്നത്. ഇതാണ് കായേന്റെയും ആബേലിന്റെയും ജീവിതം പഠിപ്പിക്കുന്നതെന്നും പാപ്പാ പ്രത്യേകം പറയുന്നു. ഐക്യത്തോടെ ജീവിക്കുക, പരസ്പരം പരിപാലിക്കുക എന്ന ദൈവീക ആഹ്വാനം ത്യജിച്ചുകൊണ്ട്, ലൗകീകമായ രീതിയിൽ മുൻപോട്ടു പോയതാണ്, സഹോദരനെ തിരിച്ചറിയുവാൻ കായേന് സാധിക്കാതെ പോയതും, അത് അവനെ പാപത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതും. സ്വാർത്ഥതയെന്ന വലിയ തിന്മ ഇന്നും സഹോദരനെ തിരിച്ചറിയുവാൻ സാധിക്കാത്തവണ്ണം നമ്മെ അന്ധരാക്കുന്നു.
" നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്"
തുടർന്ന് പാപ്പാ അടിവരയിടുന്ന മറ്റൊരു വചനഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം എട്ടാം തിരുവചനം," നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്". ഇത് ഒരു ആഹ്വാനമാണ്. പിതാവായ ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട്, അവനിൽ സഹോദരങ്ങളായി ജീവിക്കുന്നതിനുള്ള ആഹ്വാനം. നിസ്സംഗത, സ്വാർത്ഥത, വിദ്വേഷം എന്നിവയെ മറികടന്നുകൊണ്ട്, മറ്റുള്ളവരെ അവരുടെ എല്ലാ വ്യത്യാസങ്ങളോടുകൂടിയും അംഗീകരിക്കുവാൻ സുവിശേഷം നൽകുന്ന ആഹ്വാനം പാപ്പാ പുതുക്കുന്നു. കാരണം, മനുഷ്യ സാഹോദര്യം യേശുക്രിസ്തുവിലും, അവൻ്റെ മരണത്തിലും പുനരുത്ഥാനത്തിലും പുനർനിർമ്മിക്കപ്പെടുന്നു എന്നാണ് പാപ്പാ പറയുന്നത്. കാരണം ആരുടേയും ജീവിതം കുരിശിൽ മാത്രം അവസാനിക്കേണ്ടതല്ല മറിച്ച്, അത് ഉത്ഥാനത്തിലൂടെ നിത്യജീവനിലേക്കു പ്രവേശിക്കേണ്ടതാണ്. ഇതാണ് അനുരഞ്ജനത്തിന്റെ സാഹോദര്യം എന്ന് പറയുന്നത്. സാഹോദര്യത്തിനെതിരെയുള്ള എല്ലാ കടമ്പകളും മറികടന്നുകൊണ്ട് നമ്മെ വീണ്ടെടുത്ത ദൈവം, നമ്മുടെ ഇടയിൽ വീണ്ടും ശത്രുത വളർത്തുവാൻ ആഗ്രഹിക്കുന്നില്ല എന്നതും പാപ്പായുടെ സന്ദേശം വ്യക്തമാക്കുന്നു. അതിനാൽ ദൈവത്തിന്റെ സ്നേഹാധിഷ്ഠിതമായ പിതൃത്വമാണ് എല്ലാ സഹോദരബന്ധങ്ങളുടെയും അടിസ്ഥാനം എന്നും, ഈ ബന്ധത്തിന് അതിരുകൾ നിശ്ചയിക്കുന്നത് തെറ്റാണെന്നും പാപ്പാ പഠിപ്പിക്കുന്നു. അതിനാൽ സഹോദരങ്ങളുടെ വേദനയിൽ നിസ്സംഗതയോടെ നോക്കിനിൽക്കാതെ, അവരെ സഹായിക്കുവാനുള്ള നമ്മുടെ കടമയും പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നു.
സാഹോദര്യം വികസനം കൊണ്ടുവരുന്നു
ഇപ്രകാരം സാഹോദര്യം, സമാധാനത്തിനുള്ള അടിസ്ഥാനവും, മാർഗവുമാണെന്നു പാപ്പാ സന്ദേശത്തിൽ സമർത്ഥിക്കുന്നു. ഭാവിയെ നിർണ്ണയിക്കുന്നതിനും, വികസനം കൈവരിക്കുന്നതിനും മനുഷ്യനെ പ്രാപ്തനാക്കുന്നത്, ഈ സാഹോദര്യത്തിലടിയുറച്ച സമാധാനമാണ്. എന്നാൽ യുദ്ധങ്ങൾ ഒരു രാജ്യത്തിൻറെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന മൂഢധാരണ നിലനിൽക്കുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും ഉള്ളതെന്നതും സത്യം. ഈ സാഹോദര്യം രാജ്യങ്ങൾക്കിടയിൽ പോലും കൈത്താങ്ങലിന്റെയും, പരസ്പര സഹായത്തിന്റെയും വേദിയൊരുക്കുമ്പോഴാണ് ലോകത്തിന്റെ മുഴുവൻ വികസനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ സാധിക്കുന്നത്. ഒരാളുടെ പുരോഗതി മറ്റൊരാളുടെ വികസനത്തിന് തടസ്സമാകുന്നുണ്ടെങ്കിൽ, ആപുരോഗതി ശാശ്വതമായ ഒന്നല്ല എന്നും പാപ്പാ പറയുന്നു. സ്വാർത്ഥതയെന്ന വലിയ തിന്മ ഇന്നും സഹോദരനെ തിരിച്ചറിയുവാൻ സാധിക്കാത്തവണ്ണം നമ്മെ അന്ധരാക്കുന്നു.
സാഹോദര്യം ദാരിദ്യം ഇല്ലാതാക്കുന്നു
അതുകൊണ്ട് ലോകത്തിൽ നിന്നും ദാരിദ്ര്യത്തെ പിഴുതെറിയുവാൻ രാജ്യങ്ങൾക്കിടയിലെ സാഹോദര്യത്തിനു സാധിക്കുമെന്ന വലിയ സന്ദേശമാണ് പാപ്പാ നൽകുന്നത്. ദാരിദ്ര്യത്തിന്റെ കാരണം വസ്തുക്കളുടെ അഭാവമല്ല, മറിച്ച് അസമത്വങ്ങളുടെ വേലിയേറ്റവും, പങ്കുവയ്ക്കലിന്റെ അനീതിയുമാണെന്ന് സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. അതിനാൽ മറ്റുള്ളവരുമായുള്ള സാഹോദര്യബന്ധമാണ് ഏറ്റവും വിലയേറിയ നന്മയെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ ജീവിതശൈലി തുടർന്നാൽ, വിശ്വസമാധാനം സാധ്യമാകുമെന്ന് പാപ്പാ പറയുന്നു. ഗുരുതരമായ സമകാലിക സാമ്പത്തിക പ്രതിസന്ധികൾ മനുഷ്യനെ ദൈവത്തിൽ നിന്നും, സഹോദരങ്ങളിൽ നിന്നും അകറ്റുന്ന പ്രവണതയും ഫ്രാൻസിസ് പാപ്പാ പ്രത്യേകം പറയുന്നുണ്ട്. എന്നാൽ, പ്രതിസന്ധികൾ സാമ്പത്തിക വികസന മാതൃകകളുടെ ഉചിതമായ പുനർവിചിന്തനത്തിനും ജീവിതശൈലിയിലെ മാറ്റത്തിനും ഇടയാക്കണമെന്നു പാപ്പാ പറയുന്നു. അങ്ങനെ പുതിയ ജീവിത ശൈലികൾ രൂപപ്പെടുത്തുമ്പോഴാണ്, യുദ്ധങ്ങളിലേക്കുള്ള ചായ്‌വുകൾ ഇല്ലായ്മ ചെയ്യുവാൻ നമുക്ക് സാധിക്കുന്നത്. ആയുധങ്ങൾ ഒഴിവാക്കിക്കൊണ്ട്, സംഭാഷണം, ക്ഷമ, അനുരഞ്ജനം എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് കടന്നുചെല്ലുവാനുള്ള ജീവിത ശൈലികൾ ഓരോരുത്തരും വളർത്തികൊണ്ടുവരണം. സമാധാനത്തിനുവേണ്ടിയുള്ള ആവശ്യം മനുഷ്യന്റെ അവകാശമാണെന്ന വസ്തുത മറന്നുപോകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യങ്ങളും, അഴിമതിയും നിറഞ്ഞ ഒരു ലോകത്തിൽ, മറ്റുള്ളവനെ പറ്റി ഓർക്കുവാൻ എല്ലാവരും താത്പര്യം കാണിക്കണമെന്നും, അതുവഴി സാഹോദര്യവും സമാധാനവും കെട്ടിപ്പടുക്കണമെന്നതുമാണ് പാപ്പായുടെ സന്ദേശത്തിന്റെ കാതൽ.
സാഹോദര്യം ദൈവസ്നേഹത്തിന്റെ പ്രതിഫലനം
വിശ്വമാനവികതയ്ക്ക് ആധാരമായ ദൈവത്തിന്‍റെ ‘ഏകപിതൃത്വ’ത്തെ അംഗീകരിക്കാത്ത സാഹോദര്യത്തിന് സ്ഥായീഭാവമില്ലാത്തതിനാല്‍, ആനുകാലിക ധാര്‍മ്മിക വ്യവസ്ഥിക്ക് സമഗ്രമായ സാഹോദര്യത്തിന്‍റെ കെട്ടുറപ്പുണ്ടാക്കുക ക്ലേശകരമായിരിക്കും. പൊതുവായ ഏകപിതൃത്വത്തെ ആധാരമാക്കിയാല്‍ മാനവസാഹോദര്യം ഏകീഭവിപ്പിക്കുവാനാകും, അവിടെ മനുഷ്യര്‍ പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ‘അയല്‍ക്കൂട്ടം’ വളര്‍ത്തിയെടുക്കുവാനും സാധിക്കും. മഹത്തരമായ ഈ ജീവിതശൈലിയാണ് പ്രകൃതിയോടുള്ള മനുഷ്യന്റെ അഗാധബന്ധത്തിന്റെയും അടിസ്ഥാനം. സാഹോദര്യം കണ്ടെത്തുകയും സ്നേഹിക്കുകയും അനുഭവിക്കുകയും പ്രഖ്യാപിക്കുകയും സാക്ഷ്യപ്പെടുത്തുകയും വേണം. എന്നാൽ സാഹോദര്യത്തെ പൂർണമായി സ്വാഗതം ചെയ്യാനും, ജീവിക്കാനും നമ്മെ അനുവദിക്കുന്നത് ദൈവം നൽകിയ സ്നേഹം മാത്രമാണ്, പാപ്പാ ഉപസംഹരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: