തിരയുക

സങ്കീർത്തനചിന്തകൾ - 89 സങ്കീർത്തനചിന്തകൾ - 89 

ഉടമ്പടിയിലും സ്നേഹത്തിലും വിശ്വസ്‌തനായ ദൈവവും ദൈവജനത്തിന്റെ സഹനങ്ങളും

വചനവീഥി: എൺപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - എൺപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എസ്രാഹ്യനായ ഏഥാന്റെ പ്രബോധനഗീതം എന്ന തലക്കെട്ടോടെയുള്ള എൺപത്തിയൊൻപതാം സങ്കീർത്തനം കർത്താവ് തന്റെ ജനത്തിന് നൽകിയ അനുഗ്രഹങ്ങളെ അനുസ്മരിച്ചുള്ള സ്തുതിഗീതത്തിന്റെയും (സങ്കീ. 89, 1-18), ദാവീദിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൈവികഅരുളപ്പാടുകളുടെയും (സങ്കീ. 89, 19-37), പാപത്തിന് ശിക്ഷയായി ദാവീദിനും അവന്റെ പിന്തലമുറകൾക്കും നേരിടേണ്ടിവന്ന ശിക്ഷകളുടെ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള വിലാപത്തിന്റെയും (സങ്കീ. 89, 38-51) വാക്യങ്ങൾ ഉൾക്കൊള്ളുന്ന സുദീർഘമായ ഒരു ഗീതമാണ്. ദൈവം തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നവനാണ് എന്ന ബോദ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ സങ്കീർത്തനത്തിൽ, വിവിധ ചിന്താധാരകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഒരു പൊതുവിലാപഗാനമായാണ് ഈ സങ്കീർത്തനം കണക്കാക്കപ്പെടുന്നത്. സങ്കീർത്തനഗ്രന്ഥങ്ങളിലെ മൂന്നാം ശേഖരത്തിന്റെ അവസാനഗീതമാണ് എന്ന ഒരു പ്രത്യേകതകൂടി എൺപത്തിയൊൻപതാം സങ്കീർത്തനത്തിനുണ്ട്.

സ്വർഗ്ഗാധിപനും രാജാവും വിശ്വസ്‌തനുമായ ദൈവം

എൺപത്തിയൊൻപതാം സങ്കീർത്തനത്തിന്റെ ആദ്യത്തെ പതിനെട്ട് വാക്യങ്ങൾ കൃതജ്ഞതാഗീതത്തിന്റെ ശൈലിയിലുള്ളവയാണ്. തലമുറകളോളം നീണ്ടുനിൽക്കുന്ന, ആകാശം പോലെ സുസ്ഥിരമായ വിശ്വസ്തതയുള്ളവനാണ് ദൈവമെന്ന് ആദ്യ വാക്യങ്ങളിൽത്തന്നെ സങ്കീർത്തകൻ എഴുതുന്നു (സങ്കീ. 89, 1-2). ദൈവത്തിന്റെ കുറവില്ലാത്ത വിശ്വസ്‌തത, അവന്റെ നാമത്തെ എന്നും പ്രകീർത്തിക്കാൻ ദൈവജനത്തെ ക്ഷണിക്കുന്നുണ്ട്. ഈയൊരു വിശ്വസ്തതയുടെ തെളിവായി സങ്കീർത്തകൻ നൽകുന്ന ഉദാഹരണം, ദാവീദിനോട് കർത്താവ് ചെയ്യുന്ന ശപഥമാണ് (സങ്കീ. 89, 3-4). രണ്ടു പ്രത്യേകതകൾ ഇവിടെ നാം അനുസ്മരിക്കേണ്ടതുണ്ട്. ദൈവമാണ് ഉടമ്പടിയുടേതായ വാഗ്ദാനം നൽകുന്നതും, തന്റെ ദാസനായ ദാവീദിനോട് വിശ്വസ്തതയിൽ തുടരുന്നതും. ദാവീദുമായി മാത്രമല്ല, അവന്റെ സന്തതിപരമ്പരകളിലേക്കും നീളുന്ന ഒരു വാഗ്ദാനമാണിത്.

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ പതിനെട്ട് വരെയുള്ള വാക്യങ്ങളിൽ ദൈവം ഇസ്രയേലിന്റെ ചരിത്രത്തിലുടനീളം പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതകരമായ പ്രവൃത്തികളുമാണ് സങ്കീർത്തകൻ അനുസ്മരിക്കുന്നത്. നീതിമാന്മാരാൽ സ്തുതിക്കപ്പെടേണ്ട (സങ്കീ. 89, 5), സ്വർഗ്ഗവാസികളിൽപ്പോലും സമാനരില്ലാത്ത (സങ്കീ. 89, 6), വിശുദ്ധരുടെ സമൂഹം പോലും ഭയപ്പെടുന്ന ഉന്നതനും ഭീതിദനുമാണ് യാഹ്‌വെ (സങ്കീ. 89, 7). സ്വർഗ്ഗവാസികൾക്ക് മാത്രമല്ല, ഭൂമിയിലും അവിടുന്നാണ് നാഥൻ എന്ന ചിന്ത വെളിപ്പെടുത്തുന്നവയാണ് എട്ട് മുതലുള്ള വാക്യങ്ങൾ. കടലിനെ ഭരിക്കുകയും, തിരമാലകളെ ശാന്തമാക്കുകയും ചെയ്യുന്ന (സങ്കീ. 89, 9), തന്റെ കരങ്ങൾകൊണ്ട് ശത്രുക്കളെ ചിതറിക്കുന്ന (സങ്കീ. 89, 10; 89, 13), ആകാശത്തിന്റെയും ഭൂമിയുടെയും ഉടമയായ, ലോകവും അതിലുള്ള സകലവും സ്ഥാപിച്ച (സങ്കീ. 89, 11-12), നീതിയിലും ന്യായത്തിലും സിംഹാസനമുറപ്പിച്ച, കാരുണ്യവാനും വിശ്വസ്തനുമാണ് ദൈവമെന്ന് സങ്കീർത്തകൻ ഏറ്റുപറയുന്നു (സങ്കീ. 89, 14). ഈ കർത്താവിനെ സ്തുതിക്കുവാൻ അനുഗ്രഹം ലഭിക്കുന്നതും, അവന്റെ പ്രകാശത്തിൽ നടക്കാൻ സാധിക്കുന്നതും, അവനിൽ അഭയം കണ്ടെത്താനാകുന്നതും ഭാഗ്യമായി കാണുന്ന സങ്കീർത്തകൻ, കർത്താവാണ് തങ്ങളുടെ ശക്തിയും, മഹത്വവും, പരിചയും, ഇസ്രയേലിന്റെ രാജാവും എന്ന് ഏറ്റുപറയുന്നു (സങ്കീ. 89, 15-18).

ഇസ്രയേലിന്റെ ദൈവവും ദാവീദ് രാജാവും

എൺപത്തിയൊൻപതാം സങ്കീർത്തനത്തിന്റെ പത്തൊൻപതാം വാക്യം മുതലുള്ള രണ്ടാം ഭാഗത്ത്, കർത്താവ് ദാവീദിനെ തിരഞ്ഞെടുത്ത സംഭവത്തിലേക്കും, അവനോട് താൻ എന്നും വിശ്വസ്തനായിരിക്കുമെന്നു ചെയ്ത വാഗ്ദാനത്തിലേക്കുമാണ് സങ്കീർത്തകൻ നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നത്. ദൈവമാണ് ചിലരെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതും, അസാധാരണമായ വഴികളിലൂടെ, അവരെ സംരക്ഷിച്ചു നടത്തുന്നതും, അവരെ ഉയർത്തുന്നതും. ദൈവം ദാവീദിനെ ജനത്തിൽനിന്ന് തിരഞ്ഞെടുത്ത് ഉയർത്തി (സങ്കീ. 89, 19), വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്‌ത്‌ (സങ്കീ. 89, 20), തന്റെ കരം അവനോടൊപ്പമുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിലും (സങ്കീ. 89, 21) ഇതുതന്നെയാണ് നമുക്ക് കാണാനാകുന്നത്. ശത്രുക്കൾക്ക് തോൽപ്പിക്കാനാകാത്തവിധം (സങ്കീ. 89, 22) താൻ അവനോടൊത്തായിരുന്ന് അവനെ സംരക്ഷിക്കുകയും, അവന്റെ ശത്രുക്കളെ തോൽപ്പിക്കുകയും ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട് (സങ്കീ. 89, 23-24). ദാവീദിനെയും അവന്റെ സന്തതിപരമ്പരകളെയും ശാശ്വതവും അചഞ്ചലവുമായ  സ്നേഹത്തിന്റെ ഉടമ്പടിയിലേക്ക് വിളിക്കുന്ന ദൈവത്തെയും, അത് തിരിച്ചറിഞ്ഞ്, അതിൽ ജീവിച്ച്, ദൈവത്തിന് സ്തുതിയും നന്ദിയുമർപ്പിക്കുന്ന ദാവീദിനെയും (സങ്കീ. 89, 25-29) ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാം.

വിശ്വസ്തതയിൽ ജീവിക്കുന്ന ദൈവം പക്ഷെ അതെ വിശ്വസ്തതയാണ് തന്റെ ജനത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് സങ്കീർത്തനത്തിന്റെ മുപ്പത് മുതലുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. തന്റെ നിയമം ഉപേക്ഷിക്കുകയും വിധികൾ അനുസരിക്കാതിരിക്കുകയും കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്‌താൽ, അവരുടെ ലംഘനത്തെ ദണ്ഡുകൊണ്ടും, അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കുമെന്ന് (സങ്കീ. 89, 30-32) മുന്നറിയിപ്പ് നൽകുന്ന ദൈവം പക്ഷെ, ദാവീദിനോടുള്ള തന്റെ കാരുണ്യം പിൻവലിക്കുകയോ, തന്റെ വിശ്വസ്തതയ്ക്കു ഭംഗം വരുത്തുകയോ, ഉടമ്പടി ലംഘിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നൽകുന്നുണ്ട് (സങ്കീ. 89, 33-34). ദാവീദിന്റെയും ദൈവജനത്തിന്റെയും പാപങ്ങളുടെയും വീഴ്ചകളുടെയും അവിശ്വസ്തതയുടെയും മുന്നിൽപ്പോലും അവസാനിക്കാത്ത ദൈവത്തിന്റെ കാരുണ്യമാണ്, മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് ആധാരമെന്ന് ഈ സങ്കീർത്തനവാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

പാപവും ശിക്ഷയും വിലാപവും

ദൈവം തിരഞ്ഞെടുത്ത ദാവീദിന്റെയും, അവന്റെ പിന്തലമുറയുടെയും വീഴ്ചകളും, അവ ഉണർത്തിയ ദൈവകോപവും ശിക്ഷയും, ആ ശിക്ഷയിൽ ജനം അനുഭവിക്കുന്ന വേദനകളും വിലാപങ്ങളുമാണ് സങ്കീർത്തനത്തിന്റെ മുപ്പത്തിയെട്ട് മുതലുള്ള വാക്യങ്ങളിൽ തുടങ്ങുന്ന മൂന്നാം ഭാഗത്ത് നാം കാണുന്നത്. തങ്ങളുടെ വീഴ്ചകൾ തിരിച്ചറിയുമ്പോഴും, തന്റെ ദാസനായ ദാവീദിനോട് ചെയ്‌ത വാഗ്ദാനമനുസരിച്ച്, വിശ്വസ്തതയിൽ തുടരണമേയെന്ന കർത്താവിനോടുള്ള ദൈവജനത്തിന്റെ പ്രാർത്ഥനയാണിത്. ചന്ദ്രനെപ്പോലെ എന്നേക്കും നിലനിൽക്കേണ്ട, ആകാശമുള്ളിടത്തോളം കാലം അചഞ്ചലമായിരിക്കേണ്ട വാഗ്‌ദാനത്തിൽനിന്ന് ദൈവം പിന്നോട്ട് പോയെന്ന് സങ്കീർത്തകൻ ഭയക്കുന്നു. കർത്താവ് തന്റെ അഭിഷിക്തനുനേരെ ക്രൂദ്ധനായിരിക്കുന്നുവെന്നും, അവനോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചുവെന്നും (സങ്കീ. 89, 38-39), അതുകൊണ്ടായിരിക്കാം ദാവീദിന് കിരീടം നഷ്ടമായതെന്നും, അവന്റെ രാജ്യത്തിന്റെ സംരക്ഷണഭിത്തികൾ തകർക്കപ്പെട്ടതെന്നും, അയൽക്കാർക്ക് പരിഹാസപാത്രമാകത്തക്കവിധം അവൻ വീണുപോയതെന്നും, ശത്രു അവനു നേരെ കരമുയർത്തിയതെന്നും സങ്കീർത്തകൻ കരുതുന്നു (സങ്കീ. 89, 40-42). കർത്താവാണ് രാജാവിന്റെ ശക്തി ഇല്ലാതാക്കിയതെന്നും, അവനിൽനിന്ന് ചെങ്കോൽ എടുത്തു മാറ്റിയതെന്നും, അവന്റെ യവ്വനത്തിന്റെ നാളുകൾ വെട്ടിച്ചുരുക്കിയതെന്നും, അവനെ അപമാനം കൊണ്ട് പൊതിഞ്ഞതെന്നും സങ്കീർത്തകൻ വിലപിക്കുന്നു (സങ്കീ. 89, 43-45).

സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത്, ദൈവസ്തുതിയുടെ വാക്കുകൾ എഴുതുകയും, രണ്ടാം ഭാഗത്ത്, കർത്താവ് ദാവീദിനെ തിരഞ്ഞെടുത്തത് ഓർമ്മിപ്പിക്കുകയും ചെയ്ത സങ്കീർത്തകൻ, സങ്കീർത്തനത്തിന്റെ ഈ മൂന്നാം ഭാഗത്ത്, ദാവീദും, അവന്റെ പിന്തുടർച്ചക്കാരും അനുഭവിക്കേണ്ടിവരുന്ന യാതനകൾ വിവരിച്ച ശേഷം, കർത്താവിനോട് അവന്റെ വിശ്വസ്‌തത കൈവെടിയരുതെന്നും, അവന്റെ ക്രോധം അവസാനമില്ലാതെ തുടരരുതെന്നും അപേക്ഷിക്കുന്നതാണ് നാല്പത്തിയാറുമുതലുള്ള വാക്യങ്ങളിൽ നാം കാണുക (സങ്കീ. 89, 46). ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചും മരണമെന്ന ഒഴിവാക്കാനാകാത്ത യാഥാർത്ഥ്യത്തെക്കുറിച്ചും, ജീവന്റെ സ്രഷ്ടാവായ ദൈവത്തെ അവൻ അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്റെ, ആഴമേറിയ സ്നേഹവും, അചഞ്ചലമായ വിശ്വസ്തതയും പരാമർശിക്കുന്ന സങ്കീർത്തകൻ, പാതാളത്തിന്റെ പിടിയിൽനിന്ന് മനുഷ്യനെ വിടുവിക്കാൻ സാധിക്കുന്നവനാണ് കർത്താവെന്ന് തിരിച്ചറിയുന്നില്ല (സങ്കീ. 89, 47-49). ജനതകളുടെ മുന്നിൽ താനും കർത്താവിന്റെ അഭിഷിക്തന്റെ പിൻഗാമികളും അനുഭവിക്കുന്ന നിന്ദനവും, പരിഹാസശരങ്ങളും ദൈവത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് സങ്കീർത്തകൻ ഈ വിലാപഗാനം അവസാനിപ്പിക്കുന്നത്. "കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേൻ, ആമേൻ" എന്ന അവസാനവാക്യം സങ്കീർത്തനങ്ങളുടെ മൂന്നാം ശേഖരത്തിന്റെ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടതാകാം എന്ന് കരുതപ്പെടുന്നു.

സങ്കീർത്തനം ജീവിതത്തിൽ

എൺപത്തിയൊൻപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഒരു വിലാപഗാനത്തിന്റെ പ്രത്യേകതകൾ നിലനിൽക്കുമ്പോഴും, ഈ വാക്യങ്ങൾക്ക് പിന്നിലുള്ള ദൈവാശ്രയബോധവും, കർത്താവാണ് അവന്റെ സൃഷ്ടികളായ നമുക്കേവർക്കുമുള്ള ഉറപ്പുള്ള അഭയസ്ഥാനവുമെന്ന തിരിച്ചറിവും നമ്മിലുണ്ടാകട്ടെ. മനുഷ്യരുടെ അവിശ്വസ്തതകൾക്കും, വീഴ്ചകൾക്കും പാപങ്ങൾക്കും അപ്പുറമാണ് ദൈവത്തിന്റെ സ്നേഹവും കരുണയും വിശ്വസ്തതയുമെന്ന ബോധ്യം, ജീവിതത്തിൽ നാം അനുഭവിക്കേണ്ടിവരുന്ന നിന്ദനങ്ങളുടെയും വേദനകളുടെയും മുന്നിൽ നമുക്ക് ധൈര്യവും പ്രത്യാശയും നൽകട്ടെ. സ്രഷ്ടാവും പരിപാലകനുമായ ദൈവം, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ കൈവെടിയാത്ത, എല്ലാ തിന്മകളിൽനിന്നും, പാപത്തിന്റെയും, മരണത്തിന്റെയും പിടിയിൽനിന്നും നമ്മെ മോചിക്കാൻ കഴിവുള്ള സർവ്വശക്തനാണെന്ന ചിന്തയും ബോധ്യവും നമ്മിൽ കൂടുതലായ ദൈവവിശ്വാസവും, ദൈവസ്നേഹവും, അവന്റെ ഉടമ്പടികളോടും കല്പനകളോടുമുള്ള വിശ്വസ്തതയും വളർത്തട്ടെ. എന്നും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രിയങ്കരരുമായി, അവന്റെ ആഴമേറിയ സ്നേഹസാന്നിദ്ധ്യത്തിലും ശക്തമായ സംരക്ഷണത്തിലും ജീവിക്കാൻ ദൈവം നമ്മിൽ തന്റെ കാരുണ്യം വർഷിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2024, 17:12