ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം ഉക്രൈനിൽനിന്നുള്ള ഒരു ചിത്രം  (ANSA)

കഴിഞ്ഞ ഇരുപത് ദിനങ്ങളിൽ ഉക്രൈനിൽ ആക്രമണങ്ങളുടെ ഇരകളായത് നാൽപ്പതോളം കുട്ടികൾ: യൂണിസെഫ്

തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്ന ഉക്രൈനിൽ ദിനം തോറും രണ്ടു കുട്ടികൾ വീതം ആക്രമണത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബർ രണ്ടുമുതൽ സെപ്റ്റംബർ 25 വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ടത് 8 കുട്ടികൾ. 39 കുട്ടികൾക്ക് പരിക്കേറ്റു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ രണ്ടിന് ഉക്രൈനിൽ സ്‌കൂൾ വർഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, തുടർച്ചയായ ആക്രമണങ്ങളിൽ മുപ്പത്തിയൊൻപത് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികൾ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇരകളയേക്കാമെന്നും ശിശുക്ഷേമനിധി അറിയിച്ചു. സെപ്റ്റംബർ 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഉക്രൈനിലെ കുട്ടികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യൂണിസെഫ് വിവരിച്ചത്. രാജ്യത്ത് സെപ്റ്റംബർ മാസത്തിൽ മാത്രം ഇരുപത്തിയേഴ് സ്‌കൂൾ കെട്ടിടങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

യൂണിസെഫ് മിഷന്റെ മനുഷ്യാവകാശനിരീക്ഷണവിഭാഗം ഉക്രൈനിൽ നടത്തിയ പഠനങ്ങളിൽ, കഴിഞ്ഞ സെപ്റ്റംബർ രണ്ടുമുതലുള്ള ദിവസങ്ങളിൽ ദിവസം രണ്ടു കുട്ടികൾ വീതം ആക്രമണങ്ങൾക്ക് ഇരകളായിട്ടുണ്ടെന്ന് ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സെയ്‌ദ് പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഈ കാലയളവിൽ മാത്രം ഇന്നുവരെ നടന്ന ആക്രമണങ്ങളിൽ എട്ട് കുട്ടികൾ മരണമടയുകയും, മുപ്പത്തിയൊൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. യുവജനങ്ങളുടെ ജീവൻ അവസാനിപ്പിക്കുന്നതിനൊപ്പം, കുട്ടികളുടെ മനസ്സിലും ശരീരത്തിലും ഉണങ്ങാത്ത മുറിപ്പാടുകളും ഈ ആക്രമണങ്ങൾ അവശേഷിപ്പിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി.

പുതിയ സ്‌കൂൾവർഷം പ്രത്യാശയുടെ കാരണമാകേണ്ടതിനുപകരം, ദുരിതങ്ങളുടെ കഥകളാണ് കുട്ടികൾക്ക് മുന്നിൽ വയ്ക്കുന്നതെന്ന് പറഞ്ഞ മുനീർ, ഈ ചുരുങ്ങിയ കാലയളവിൽ മാത്രം ഇരുപത്തിയേഴ് സ്‌കൂൾ കെട്ടിടങ്ങൾ ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടുവെന്നും അറിയിച്ചു. കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുവാൻ വേണ്ട പരിശ്രമങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിൽ, ഉക്രൈൻ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്കിലെ കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഒരു പൊതുയോഗത്തിൽ, പൊതുജനത്തിന്റെ ജീവൻ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള "ഭാവിക്കുവേണ്ടിയുള്ള ഉടമ്പടി" അംഗരാഷ്ട്രങ്ങൾ സ്വീകരിച്ചിരുന്നു. സായുധസംഘർഷങ്ങൾക്കുവേണ്ടി ചിലവഴിക്കപ്പെടുന്ന സമ്പത്ത്, രാജ്യങ്ങളുടെ പൊതുവായ സാമ്പത്തികവളർച്ചയും, കുട്ടികളുടേതുൾപ്പെടെയുള്ള സാമൂഹ്യാവളർച്ചയും ലക്ഷ്യമാക്കി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ ഉടമ്പടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2024, 16:50