തകർക്കപ്പെട്ട കെട്ടിടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന പാലസ്തീൻ കുട്ടികൾ തകർക്കപ്പെട്ട കെട്ടിടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന പാലസ്തീൻ കുട്ടികൾ  (ANSA)

വടക്കൻ ഗാസായിലെ മാനവികസ്ഥിതിഗതികൾ അതീവഗൗരവതരം: യൂണിസെഫ്

ഗാസാപ്രദേശത്തേക്കുള്ള പ്രവേശനത്തിൽ നേരിടുന്ന തടസ്സങ്ങൾ മൂലം, ഒക്ടോബർ മാസത്തിൽ ഇതുവരെ എൺപത് ലോറി ഭക്ഷ്യസഹായസമഗ്രികൾ മാത്രമാണ് വടക്കൻ ഗാസായിൽ എത്തിക്കാൻ തങ്ങൾക്കായതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. പ്രദേശത്ത് അഞ്ചിലൊന്ന് കുട്ടികൾ പോഷകാഹാരക്കുറവ് മൂലം കടുത്ത പ്രതിസന്ധിയിലാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കൻ ഗാസയിലെ മാനവികസ്ഥിതിഗതികൾ ഗുരുതരമാണെന്നും, കുട്ടികൾ  ഉൾപ്പെടെ,നിർബന്ധിതമായി കുടിയിറക്കപ്പെട്ട ആയിരക്കണക്കിനാളുകൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യൂണിസെഫ്.  ഒക്ടോബർ മാസാരംഭം മുതൽ ഇതുവരെ എൺപത് ലോറി ഭക്ഷ്യസഹായസമഗ്രികൾ മാത്രമാണ് വടക്കൻ ഗാസായിൽ എത്തിക്കാൻ തങ്ങൾക്കായതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വ്യക്തമാക്കി. വടക്കൻ ഗാസായിലെ കുട്ടികളിൽ അഞ്ചിലൊന്ന് പേരും കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും, ഇത് അവരുടെ  ജീവനുതന്നെ ഭീഷണിയാണെന്നും യൂണിസെഫ് വ്യക്തമാക്കി. പ്രദേശത്തെ പോഷകാഹാരക്കുറവിന്റെ സ്ഥിതി അപകടകരമായ നിലയിലേക്കെത്തിയെന്നും,ഇവിടങ്ങളിൽ രണ്ടായിരത്തോളം കുട്ടികൾക്ക് ലഭിച്ചിരുന്ന ചികിത്സാസഹായം തടസ്സപ്പെട്ടുവെന്നും ശിശുക്ഷേമനിധി അറിയിച്ചു.

വടക്കൻ ഗാസാ പ്രദേശത്ത് കുട്ടികൾക്കായുള്ള ഏക ആശുപത്രിയായ കമൽ അദ്ധ്വാൻ അപകടഭീഷണി നേരിടുന്നുണ്ടെന്ന് അറിയിച്ച ഐക്യരാഷ്ട്രസഭാസംഘടന, ഈ ആശുപത്രിയിലെ നിരവധി കുട്ടികളുടെ ജീവൻ അപകടത്തിലാകാനുള്ള സാധ്യതയുണ്ടെന്ന് വിശദീകരിച്ചു. ഏതാണ്ട് നാലുലക്ഷത്തോളം ആളുകളാണ് വടക്കൻ ഗാസായിൽ ദുരിതപൂർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടുന്ന സമൂഹം വരും മാസങ്ങളിൽ കടുത്ത പട്ടിണിയുടെയും ദുരിതങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നേക്കാമെന്ന് യൂണിസെഫ് അറിയിച്ചു.

വടക്കൻ ഗാസായിൽ കുടിയിറക്കപ്പെട്ടവരായി കഴിയാൻ നിർബന്ധിതരായിരിക്കുന്ന ആളുകൾ പലവട്ടം, പലയിടങ്ങളിൽനിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ശിശുക്ഷേമനിധി അറിയിച്ചു. യൂണിസെഫിന്റെ മാനവികപ്രവർത്തനവിഭാഗം ഉപാധ്യക്ഷനായ റ്റെഡ് ചൈബാനാണ് വടക്കൻ ഗാസയിലെ കുട്ടികൾ അടക്കമുള്ള ആളുകൾ നേരിടുന്ന ഗുരുതരാവസ്ഥയെക്കുറിച്ചും കടുത്ത ഭീഷണിയെറിച്ചും ഒക്ടോബർ പതിനെട്ടാം തീയതി പ്രസ്താവന നടത്തിയത്.

വടക്കൻ ഗാസയിൽ സഹായമെത്തിക്കുന്നതിനെതിരെയുള്ള തടസ്സങ്ങൾ ഉടൻ മാറ്റണമെന്നും, മാനവികസഹായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2024, 17:01