സെപ്റ്റംബറിൽ ദക്ഷിണ സുഡാനിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തം സെപ്റ്റംബറിൽ ദക്ഷിണ സുഡാനിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തം  

ദക്ഷിണ സുഡാന് സഹായവുമായി ഇറ്റാലിയൻ സഭ

ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനതയ്ക്ക് സഹായമായി, ഇറ്റാലിയൻ കത്തോലിക്കാ സഭയും, കാരിത്താസ് സംഘടനയും രംഗത്തെത്തി. പരസ്പരസഹകരണവും, സഹായവും ഉറപ്പുവരുത്തുന്ന സിനഡൽ സഭയുടെ മാതൃകയാണ് ഈ ഉപവിപ്രവർത്തനങ്ങൾ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിസ്മരിക്കപ്പെട്ട സംഘട്ടനങ്ങളുടെ ഭൂമിയായ ദക്ഷിണ സുഡാൻ ജനതയ്ക്ക് സ്നേഹത്തിന്റെയും, സേവനത്തിന്റെയും, കാരുണ്യത്തിന്റെയും കരങ്ങളുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന എത്തി. തലസ്ഥാനമായ ജിയുബയിൽ എത്തുന്ന സന്നദ്ധ സേവകർ തുടർന്ന്, രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവനം നടത്തും. മാനവ വികസന സൂചിക പ്രകാരം, സൗത്ത് സുഡാൻ, സോമാലിയയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമാണ്. പ്രകൃതി സമ്പത്ത് ഉണ്ടായിരുന്നിട്ടും രാജ്യം വിവിധ തരത്തിലുള്ള പ്രതിസന്ധികളാൽ വലയുന്നുവെന്നത് ഏറെ പരിതാപകരമായ അവസ്ഥയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾ, ആഭ്യന്തരയുദ്ധത്തിൻ്റെ ഭീകരത, കുടിയിറക്കപ്പെട്ട നിരവധി ആളുകളുടെ സാന്നിധ്യം, പലായനം ചെയ്യുന്ന അഭയാർത്ഥികൾ എന്നീ ഘടകങ്ങൾ രാജ്യത്തിന്റെ സ്ഥിതി ഏറെ വഷളാക്കുന്നു. ഇക്കാരണങ്ങൾ 150,000-ത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും 12 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നാൽ ദക്ഷിണ സുഡാൻ കടുത്ത ദാരിദ്ര്യം വകവയ്ക്കാതെ, അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നത് തുടരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തൽ, ജലസംവിധാനങ്ങൾ പുനഃസ്ഥാപിക്കൽ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ നിർമ്മിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന രാജ്യത്ത് നടപ്പിലാക്കുന്നത്. മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ഏകീകരണത്തിനും പുനരധിവാസത്തിനുമായി ഇടവകകളിലെ സന്നദ്ധപ്രവർത്തകരുടെ പരിശീലനവും സംഘടന നടത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2024, 14:08