തിരയുക

വഴിയോരങ്ങളിൽ കഴിയാൻ നിർബന്ധിതരായവർ - ലെബനോനിൽനിന്നുള്ള ഒരു ചിത്രം വഴിയോരങ്ങളിൽ കഴിയാൻ നിർബന്ധിതരായവർ - ലെബനോനിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ലെബനോനിൽ മൂന്നരലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധജലലഭ്യതാപ്രതിസന്ധിയെന്ന് യൂണിസെഫ്

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി തുടർന്നുവരുന്ന ആക്രമണങ്ങൾ മൂലം ലെബനോനിൽ ലക്ഷക്കണക്കിന് ആളുകൾക്കുള്ള ശുദ്ധജലവിതരണം തടസ്സപ്പെടുന്നുവെന്ന് യൂണിസെഫ്. രാജ്യത്ത് ഏതാണ്ട് ഇരുപത്തിയെട്ട് ജലവിതരണപദ്ധതികളാണ് തകർക്കപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനോനിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നടന്നുവരുന്ന ബോംബാക്രമണങ്ങളിൽ ഇരുപത്തിയെട്ടോളം ജലവിതരണപദ്ധതികൾ തകർക്കപ്പെട്ടുവെന്നും, ഇതുമൂലം മൂന്നരലക്ഷത്തിലധികം (3.60.000) ആളുകൾക്ക് ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങൾ കുറഞ്ഞുവെന്നും യൂണിസെഫ്. ഒക്ടോബർ 23 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഐക്യരാഷ്ട്രാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ലെബനോനിലെ ജനങ്ങൾ, പ്രത്യേകിച്ച് തെക്കൻ ലെബനോനിലെ കുട്ടികളും കുടുംബങ്ങളും, അഭയാർത്ഥികളും നേരിടുന്ന ശുദ്ധജലപ്രതിസന്ധിയെക്കുറിച്ച് അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ, ലെബനോനിലെ ആളുകൾക്ക്, പ്രത്യേകിച്ച് അഭയാർത്ഥികൾക്കും സാധാരണ കുടുംബങ്ങൾക്കും ജലവിതരണം തടസ്സപ്പെടാതിരിക്കാൻ, യൂറോപ്യൻ യൂണിയൻ, യു.കെ., സ്വിറ്റ്സർലൻഡ് തുടങ്ങിയവരുടെ സാമ്പത്തികസഹായത്തോടെ, ഊർജ്ജ, ജല വിതരണമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശ്രമിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു.

അടുത്തിടെ 95 ജലപമ്പുകളും, 18 ടൺ ക്ളോറിനും, 24 കിലോമീറ്ററുകൾ നീളമുള്ള പൈപ്പുകളും ലഭിച്ചതിനാൽ ബെയ്‌റൂട്ടിലും മൗണ്ട് ലെബനോണിലുമുള്ള ജലവിതരണപദ്ധതികളിലൂടെ ശുദ്ധജലവിതരണം ലഭ്യമാക്കുന്നതുവഴി, രോഗപ്രതിരോധത്തിനുള്ള സാദ്ധ്യതകൾ വർദ്ധിക്കുമെന്ന് ശിശുക്ഷേമനിധി പ്രസ്താവിച്ചു.

രാജ്യത്ത് സാധാരണജനത്തിന് അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിവരികയാണെന്ന്, ലെബാനോനുനേരെയുള്ള ആക്രമണങ്ങളും, ഇതിനെത്തുടർന്നുണ്ടാകുന്ന വലിയ കുടിയൊഴിപ്പിക്കലുകളും പരാമർശിച്ചുകൊണ്ട്, ലെബനോനിലേക്കുള്ള യൂണിസെഫ് പ്രതിനിധി എഡ്‌വേഡ്‌ ബീഗ്ബേഡർ അപലപിച്ചു. അന്താരാഷ്ട്രമാനവികനിയമങ്ങളനുസരിച്ച്, ജലവിതരണമുൾപ്പെടെ അവശ്യസാധനങ്ങളുടെ വിതരണശ്രംഖല സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 17:06