തിരയുക

ഗാസായിൽനിന്നുള്ള ഒരു ചിത്രം ഗാസായിൽനിന്നുള്ള ഒരു ചിത്രം  (AFP or licensors)

വടക്കൻ ഗാസായിലെ പോളിയോ പ്രതിരോധമരുന്നുവിതരണം മാറ്റിവച്ചു: യൂണിസെഫ്

ഗാസാ പ്രദേശത്ത് നടന്നുവരുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരികയും, കുടിയൊഴിക്കപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ പോളിയോ വാക്സിനുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ മൂന്നാം പാദം മാറ്റിവച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സാമൂഹ്യപ്രവർത്തകർക്ക് വടക്കൻ ഗ്യാസായിലേക്കുള്ള പ്രവേശനം ഏറെക്കുറെ അസാധ്യം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ പ്രദേശമുൾപ്പെടെ പാലസ്തീനായിൽ നടന്നുവരുന്ന ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചതിനാലും, കുടിയൊഴിപ്പിക്കപ്പെട്ടവർ ക്രമാതീതമായി കൂടിയതിനാലും, വടക്കൻ ഗാസായിലേക്കുള്ള പ്രവേശനം ഏതാണ്ട് അസാധ്യമായതിനാലും, പോളിയോ പ്രതിരോധമരുന്നുകൾ നൽകുന്നതിനായി സംഘടിപ്പിച്ചിരുന്ന പദ്ധതിയുടെ മൂന്നാം പാദം മാറ്റിവയ്ക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. ഒക്ടോബർ 23 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ശിശുക്ഷേമനിധി ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

പാലസ്തീൻ ആരോഗ്യമന്ത്രാലയം, ലോകാരോഗ്യസംഘടന, ശിശുക്ഷേമനിധി, അഭയാർത്ഥികൾക്കായുള്ള കമ്മീഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകൾ ചേർന്ന് നടത്തി വന്നിരുന്ന പ്രതിരോധ പ്രതിരോധമരുന്നുവിതരണത്തിന്റെ മൂന്നാം ഘട്ടമാണ് മാറ്റി വച്ചിരിക്കുന്നത്. ഒക്ടോബർ 23 ബുധനാഴ്ച ആരംഭിക്കാനിരുന്ന ഈ മൂന്നാം ഘട്ടത്തിൽ, വടക്കൻ ഗാസാ പ്രദേശത്തുള്ള ഒരുലക്ഷത്തിഇരുപതിനായിരത്തോളം കുട്ടികൾക്കാണ് വാക്സിൻ നൽകാൻ പദ്ധതിയിട്ടിരുന്നത്.

നിലവിൽ, പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബോംബാക്രമണങ്ങൾ നടക്കുന്നതുമൂലം, വടക്കൻ ഗാസായിൽ ആളുകളുടെ സുരക്ഷിതമായ സ്വാതന്ത്രസഞ്ചാരം തടസ്സപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ച യൂണിസെഫ്, തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാൻ മാതാപിതാക്കൾക്ക് പോംവഴികളില്ലെന്ന് വിശദീകരിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ നടന്നുവന്ന പ്രഥമ പോളിയോപ്രതിരോധമരുന്നുവിതരണത്തിന്റെ തുടർച്ചയായായിരുന്നു ഒക്ടോബർ 23-ന് ആരംഭിക്കാനിരുന്ന പ്രതിരോധമരുന്നിന്റെ രണ്ടാം ഡോസ് വിതരണം.

ഒക്ടോബർ പതിനാല് വരെയുള്ള കാലയളവിൽ ഗാസാ പ്രദേശത്ത് പത്തുവയസ്സിൽ താഴെയുള്ള നാലുലക്ഷത്തിലധികം (4.42.855) കുട്ടികൾക്കാണ് പോളിയോപ്രതിരോധമരുന്നുകൾ നൽകാനായതെന്ന് യൂണിസെഫ് അറിയിച്ചു. സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും, ഉടൻ വെടിനിറുത്തൽ നടപ്പാക്കണമെന്നും, ലോകാരോഗ്യസംഘടനയും, യൂണിസെഫും, മറ്റു സംഘടനകളും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2024, 16:53