തിരയുക

നേപ്പാളിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം നേപ്പാളിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം 

നേപ്പാളിൽ വെള്ളപ്പൊക്കം മൂലം കടുത്ത പ്രതിസന്ധിയെന്ന് സഭാനേതൃത്വം

കനത്ത മഴയെത്തുടർന്ന് നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നേപ്പാളിലെ പ്രൊ അപ്പസ്തോലിക വികാരി. ഇരുനൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആയിരക്കണക്കിന് ജനങ്ങൾ ഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നേപ്പാളിലെ പ്രൊ അപ്പസ്തോലിക വികാരി ഫാ. സിലാസ് ബൊഗാത്തി. പേമാരിയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകൾ നശിച്ചുവെന്നും ആളുകൾക്ക് ഉറങ്ങുവാൻ പോലും ഇടമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, കാത്മണ്ഡുവിലും മറ്റു പലയിടങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് അറിയിച്ചു.

കാത്മണ്ഡുവിൽനിന്ന് കുറച്ചു കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഗോദാവരി ഗ്രാമത്തിൽ താമസിക്കുന്ന ഫാ. സിലാസ് ബൊഗാത്തി, അവിടെ താമസിക്കുന്ന പല കത്തോലിക്കാ കുടുംബങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ കടുത്ത ദാരിദ്ര്യാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയിച്ചുവെന്ന് ഫീദെസ് വാർത്താ ഏജൻസി എഴുതി.

സെപ്റ്റംബർ 27, 28 തീയതികളിൽ നേപ്പാളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടത്. സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 217 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിൽ 35 പേർ കുട്ടികളാണ്. 26 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 130 പേർക്ക് പരിക്കുകൾ ഏറ്റിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ നശിച്ചു. 13 വലിയ ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോളറ പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശികകേന്ദ്രങ്ങൾ അറിയിച്ചു. ഏതാണ്ട് 54 സ്കൂളുകൾക്ക് നാശനഷ്ടങ്ങൾ നേരിട്ടതുമൂലം പതിനായിരത്തിൽപ്പരം കുട്ടികൾക്ക് വിദ്യാഭ്യാസം താൽക്കാലികമായി തടസ്സപ്പെട്ടു.

ഏതാണ്ട് മൂന്ന് കോടി ജനങ്ങളുള്ള നേപ്പാളിൽ എൺപത് ശതമാനം പേരും ഹിന്ദുമതവിശ്വാസികളാണ്. എണ്ണായിരത്തോളം കത്തോലിക്കാരുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവർ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2024, 18:23