നിസ്സംഗതയിൽ നിന്നുമുള്ള പരിവർത്തനമാണ് സമാധാനത്തിന്റെ ആദ്യപടി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലോകം മുഴുവൻ ഇന്ന് ആശങ്കകളുടെയും, അശാന്തിയുടെയും യാഥാർഥ്യത്തിലൂടെയാണ് കടന്നുപോകുന്നത്. സമാധാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ സാധിക്കുന്നില്ല എന്നത് ഏറെ വേദനാജനകമാണ്. മാധ്യമങ്ങളിൽ അനുദിനം നാം വായിക്കുന്നതും, കാണുന്നതും വലിയ യുദ്ധങ്ങളുടെ ഏതാനും ചില കദന കഥകൾ മാത്രമായിരുന്നു, എന്നാൽ അതിലും എത്രയോ വലുതാണ് ലോകത്തിൽ നിലനിൽക്കുന്ന രക്തരൂക്ഷിതമായ ചെറുതും, വലുതുമായ കലഹങ്ങളും, കലാപങ്ങളുമെന്നത് ചില അനുഭവങ്ങളിലൂടെ നമുക്ക് മനസിലാകും.
ഇത്തരം വേദനകൾ ലോകം മുഴുവൻ അനുഭവിക്കുവാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെന്നതും സത്യം. ഈ സാഹചര്യത്തിൽ വിവിധ കാലഘട്ടങ്ങളിൽ, സമാധാനത്തിനു ആഹ്വാനം നൽകികൊണ്ട് പരിശുദ്ധപിതാക്കന്മാർ നൽകിയ സമാധാന സന്ദേശങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. 1968 ൽ വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് ആദ്യ ലോക സമാധാനദിന സന്ദേശം നൽകുന്നത്. പുതിയ വർഷം ആരംഭിക്കുന്ന, ജനുവരി ഒന്നാണ്, ലോക സമാധാന ദിനമായി പാപ്പാ തിരഞ്ഞെടുത്തത്. കാരണം സമാധാനത്തിനുള്ള ആഹ്വാനത്തോടെ ഒരു പുതിയ തുടക്കത്തിന് മനുഷ്യകുലം മുഴുവൻ തയാറാകണമെന്ന ഉദ്ദേശത്തോടെയാണ് ഇപ്രകാരം ജനുവരി ഒന്ന് തിരഞ്ഞെടുക്കുവാൻ പാപ്പായെ പ്രേരിപ്പിച്ചത്.
തുടർന്ന് ഓരോ വർഷവും വിവിധ പാപ്പാമാർ, കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ച് സമാധാനദിന സന്ദേശങ്ങൾ വിവിധ വിഷയങ്ങളിന്മേൽ നൽകിപ്പോന്നു. ഇപ്രകാരം ഫ്രാൻസിസ് പാപ്പായും, തന്റെ പത്രോസിനടുത്ത അജപാലശുശ്രൂഷ ആരംഭിച്ച വർഷം മുതൽ ഓരോ വർഷവും, സമാധാന ദിനത്തിനുള്ള സന്ദേശങ്ങൾ നൽകിപ്പോരുന്നു. തന്റെ സാധാരണ സന്ദേശങ്ങളിലുൾപ്പെടെ, എപ്പോഴും സമാധാനത്തിനുള്ള ആഹ്വാനം നൽകുന്ന ഫ്രാൻസിസ് പാപ്പായുടെ ശൈലി, ലോകജനതയെ ഏറെ ആകർഷിച്ചിട്ടുള്ളതാണ്. എന്നാൽ ആകർഷണത്തിനുമപ്പുറം, താൻ പറയുന്ന ആശയങ്ങളെ, പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നു, ലോകത്തിനു മുഴുവൻ സമാധാനം പ്രദാനം ചെയ്യുക എന്നതാണ് ഏറെ പ്രധാനമെന്ന് പാപ്പാ ആവർത്തിച്ചാവശ്യപ്പെടുന്നു.
ഇപ്രകാരം 2016 ൽ തന്റെ ശുശ്രൂഷയുടെ മൂന്നാം വർഷം ഫ്രാൻസിസ് പാപ്പാ തന്റെ സമാധാനദിന സന്ദേശത്തിലൂടെ ആളുകളോട് ആഹ്വാനം ചെയ്യുന്ന രണ്ടു കാര്യങ്ങൾ ഇവയാണ്: നിസ്സംഗതയെ പരാജയപ്പെടുത്തുക, സമാധാനം കീഴടക്കുക.
നിസംഗത പുലർത്താത്ത ഒരു ദൈവമാണ് നമുക്കുള്ളത് എന്ന സത്യം എടുത്തുപറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. മനുഷ്യകുലത്തെ പറ്റി എപ്പോഴും കരുതലോടെ കാവലിരിക്കുന്ന ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.ഇപ്രകാരം മനുഷ്യന്റെ നന്മ നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്ന ദൈവം നമുക്ക് നൽകുന്ന ഒരു സമ്മാനമാണ് സമാധാനമെന്നത്. എന്നാൽ ഈ സമാധാനം നിവൃത്തിയാകുവാൻ നമ്മുടെ സഹകരണവും, കൂട്ടായ്മയും ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞുവയ്ക്കുന്നു.
യുദ്ധങ്ങളും, തീവ്രവാദ പ്രവർത്തനങ്ങളും, മനുഷ്യരാശിയിലുണ്ടാക്കുന്ന അസഹിഷ്ണുതകൾ പാപ്പാ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെയും, വംശീയതയുടെയും പേരിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന കുരുതികൾ, ‘മൂന്നാം ലോകമഹായുദ്ധ’മെന്നാണ് പാപ്പാ വിശേഷിപ്പിക്കുന്നത്. ഈ തിന്മയെ അതിജീവിക്കുന്നതിനു, പ്രത്യാശയുടെ കിരണങ്ങൾ നഷ്ടപ്പെടുത്താതിരിക്കുവാൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
തീവ്രവാദത്തിനൊപ്പം, മറ്റൊരു വേദനയാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ ഉളവാക്കുന്ന ദുരിതങ്ങൾ. സഭ എപ്പോഴും സമൂഹത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും, മനുഷ്യരാശിയുടെ ഉന്നമനം, യാതൊരു വിവേചനവും കൂടാതെ, സഭയുടെ ലക്ഷ്യവുമാണെന്നതിനു, രണ്ടാം വത്തിക്കാൻ കൗൺസിൽ മുൻപോട്ടു വയ്ക്കുന്ന പഠനരേഖകൾ തെളിവുകളാണെന്നു പാപ്പാ പറഞ്ഞു വയ്ക്കുന്നു. ഇന്നത്തെ മനുഷ്യരുടെയും എല്ലാറ്റിനുമുപരിയായി ദരിദ്രരുടെയും, കഷ്ടപ്പെടുന്ന എല്ലാവരുടെയും സന്തോഷങ്ങളും, പ്രതീക്ഷകളും, സങ്കടങ്ങളും, ഉത്കണ്ഠകളും, സഭയുടേതും കൂടിയാണെന്നുള്ള കൗൺസിൽ വചനങ്ങൾ,സമൂഹോന്മുഖമായ സഭയുടെ മാനം വെളിപ്പെടുത്തുന്നു.
സഭയുടെ ഈ സംഭാഷണ സ്വഭാവത്തെയാണ്, കരുണ എന്ന് വിളിക്കുന്നത്. മറ്റുള്ളവരോട് ക്ഷമിക്കുന്നതിനും, വിട്ടുകൊടുക്കുന്നതിനും കഴിവുള്ള എളിമയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയത്തിനു ഉടമകളായി തീരുന്നതിനുള്ള ആഹ്വാനമാണ് പാപ്പാ നൽകുന്നത്. ഇതിനു പാപ്പാ മുൻപോട്ടു വയ്‌ക്കുന്ന രണ്ടു ആശയങ്ങളുണ്ട്: ‘പരസ്പരമുള്ള ബന്ധവും, പരസ്പരമുള്ള ആശ്രിതത്വവും’. സാഹോദര്യത്തിന്റെയും, സമൂഹ ജീവിതത്തിന്റെയും അടിസ്ഥാനമാണ് ഈ രണ്ടു മനോഭാവങ്ങൾ. മറ്റുള്ളവരുടെ ദുർബലതയിൽ നിസ്സംഗത പുലർത്താതെ, ഉത്തരവാദിത്വത്തോടെ ‘അനിഷേധ്യമായ അന്തസ്സുള്ള സൃഷ്ടികൾ’ എന്ന നിലയിലേക്ക് അവരെ നയിക്കേണ്ടത് നമ്മുടെ കടമയാണെന്നും പാപ്പാ പറയുന്നു.
നിസ്സംഗത അടയാളപ്പെടുത്തുന്ന സമൂഹം
മറ്റുള്ളവരെ പരിഗണിക്കാതിരിക്കുവാൻ, അവരുടെ നേർക്ക് കണ്ണുകളടക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ എന്റേതല്ല എന്ന മട്ടിൽ ജീവിക്കുന്ന "നിസംഗതയുടെ ആഗോളവൽക്കരണം" എന്ന പ്രതിഭാസമാണ് ഇന്ന് എങ്ങുമുള്ളത്. ഈ നിസ്സംഗത ആരംഭിക്കുന്നത് ദൈവവുമായുള്ള ബന്ധത്തിലാണ്, തുടർന്ന് ഇത് മറ്റു സൃഷ്ടികളോട് തുടരുന്നു.
മനുഷ്യൻ സ്വയം, തൻ്റെ ജീവിതത്തിൻ്റെയും സമൂഹത്തിൻ്റെയും രചയിതാവാണെന്ന് കരുതുന്നതിൽ നിന്നുമാണ് ഈ നിസ്സംഗതാ മനോഭാവം തുടങ്ങുന്നത്. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ, മറ്റൊരാളോടും, ദൈവത്തിനോടുപോലും കടപ്പാടുകളില്ല എന്ന രീതിയിൽ ജീവിതം നയിക്കുമ്പോൾ മനുഷ്യരാശിയെ ബാധിക്കുന്ന ദുരന്തങ്ങൾ അവരെ സംബന്ധിക്കുന്നതല്ല എന്ന തോന്നൽ അവരുടെ ഉള്ളിൽ രൂപം കൊള്ളുന്നു. ചുറ്റുമുള്ള യാഥാർത്ഥ്യത്തോടുള്ള ശ്രദ്ധക്കുറവായി നിസ്സംഗത മനുഷ്യനെ പിടിമുറുക്കുന്നു.
ഇവിടെയാണ് പരസ്പരബന്ധത്തിന്റെ ആവശ്യകത പാപ്പാ എടുത്തുപറയുന്നത്. നമ്മുടെ സുഖത്തിൽ മറ്റുള്ളവരുടെ ദുഃഖം മറന്നു പോകുവാൻ പാടില്ല. അവരുടെ പ്രശ്‌നങ്ങളിലും അവരുടെ കഷ്ടപ്പാടുകളിലും അവർ അനുഭവിക്കുന്ന അനീതികളിലും നമുക്ക് ഇടപെടേണ്ട കാര്യമില്ല എന്ന തോന്നൽ ഇന്ന് സമൂഹത്തിൽ പലരും വച്ചുപുലർത്തുന്നു. ഇത് സഹമനുഷ്യരോട് മാത്രമല്ല മറിച്ച് സകല ചരാചരങ്ങളോടും മനുഷ്യന്റെ പൊതു ഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു.
നിസ്സംഗത സമാധാന ഭീഷണി ഉയർത്തുന്നു
ദൈവത്തോടുള്ള നിസ്സംഗത വ്യക്തിയുടെ ആത്മീയമായ മേഖലയ്ക്ക് അപ്പുറത്തേക്ക് പോകുകയും പൊതു, സാമൂഹിക മേഖലകളെ ബാധിക്കുകയും ചെയ്യുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നത് ഇപ്രകാരമാണ്: "ദൈവത്തിൻ്റെ മഹത്വീകരണവും ഭൂമിയിലെ മനുഷ്യരുടെ സമാധാനവും തമ്മിൽ അടുത്ത ബന്ധമുണ്ട്". ഇത് അനീതിയുടെയും ഗുരുതരമായ സാമൂഹിക അസന്തുലിതാവസ്ഥയുടെയും അവസ്ഥയ്ക്ക് കാരണമാകുന്നു. മറ്റുള്ളവരുടെ മൗലികാവകാശങ്ങളും ആവശ്യങ്ങളും ചവിട്ടിമെതിച്ചുപോലും, അധികാരവും സമ്പത്തും കീഴടക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നതാണ് മനുഷ്യരുടെ സാമ്പത്തിക, രാഷ്ട്രീയ പദ്ധതികളുടെ ലക്ഷ്യമെന്നത് ഇന്നത്തെ കാലം അടയാളപ്പെടുത്തുന്നു.
അതിനാൽ നിസ്സംഗതയിൽ നിന്നുമുള്ള ഒരു പരിവർത്തനം പാപ്പാ ആഹ്വാനം ചെയ്യുന്നു. സഹോദരനോടുള്ള നിസ്സംഗതയായിരുന്നു കായേന്റെ ജീവിത്തിലെ ഏറ്റവും വലിയ ദുരിതം. ‘ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ?’ എന്ന നിഷേധാത്മകമായ ചോദ്യമുന്നയിക്കുന്ന കായേൻ, ഇന്നത്തെ സമൂഹത്തിന്റ ഒരു പ്രതിനിധിയാണ്. എന്നിരുന്നാലും, ദൈവം നിസ്സംഗനല്ല. പാപത്തിൽ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുവാൻ വേണ്ടി തന്റെ സ്വന്തം പുത്രനെ ഈ ലോകത്തിലേക്ക് അയക്കുന്ന പിതാവിന്റെ ഹൃദയം മനുഷ്യനെ ചേർത്തുനിർത്തുന്നതിന്റെ തെളിവാണ്. ദൈവത്തിന്റെ ഈ കാരുണ്യമുഖമായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മുഖമുദ്ര. “സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കാനും, കരയുന്നവരോടൊപ്പം കരയാനും” പൗലോസ് ശ്ലീഹ ക്ഷണിക്കുന്നതുപോലെ, സഭ മനുഷ്യരുടെ ദാസനും മധ്യസ്ഥനുമാകുന്നു.
നിസ്സംഗതയെ മറികടക്കാൻ ഐക്യദാർഢ്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പാപ്പാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ആശയം. പ്രാഥമികവും അത്യാവശ്യവുമായ വിദ്യാഭ്യാസം, സഹവർത്തിത്വവും പങ്കുവെക്കലും, മറ്റുള്ളവരോടുള്ള ശ്രദ്ധയും കരുതലും എന്നിങ്ങനെയുള്ള മൂല്യങ്ങൾ ജീവിതത്തിൽ പുലർത്തുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. ഐക്യദാർഢ്യത്തിൻ്റെയും കരുണയുടെയും അനുകമ്പയുടെയും സംസ്കാരത്തിൻ്റെ ഫലമാണ് സമാധാനം എന്ന പുണ്യം. നിസ്സംഗതയെ എങ്ങനെ മറികടക്കാമെന്നും കൂടുതൽ മാനുഷിക സമൂഹത്തിലേക്കുള്ള പാതയിൽ നല്ല ശീലങ്ങൾ രൂപപ്പെടുത്താമെന്നും തെളിയിക്കുന്ന ഉദാഹരണങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതത്തിൽ ഉദാസീനത എങ്ങനെ പ്രകടമാകുന്നു എന്ന് തിരിച്ചറിയാനും അതിനെ മാറ്റിക്കൊണ്ട് മറ്റുള്ളവരെ ചേർത്ത് നിർത്തുന്ന ഒരു ജീവിതം കരുപ്പിടിപ്പിക്കുവാനും പാപ്പാ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: