സങ്കീർത്തനചിന്തകൾ - 93 സങ്കീർത്തനചിന്തകൾ - 93 

പ്രപഞ്ചത്തിന്റെ അധിപനും നിയന്താവുമായ ദൈവം

വചനവീഥി: തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രത്യേകം തലക്കെട്ടുകളൊന്നുമില്ലാത്ത, വെറും അഞ്ചു വാക്യങ്ങൾ മാത്രമുള്ള ഒരു ഗീതമാണ് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം. ചെറുതെങ്കിലും, ദൈവികശക്തിയുടെ മഹത്വം പ്രഘോഷിക്കുന്ന ഒരു സങ്കീർത്തനമാണിത്. ലോകം മുഴുവൻ സൃഷ്‌ടിച്ച, തിന്മയുടെ രൂപമായി കണക്കാക്കുന്ന കടലിനെ തോൽപ്പിക്കുന്ന, കർത്താവിന്റെ രാജത്വമാണ് സങ്കീർത്തനം ഏറ്റുപറയുന്നത്. ദൈവത്തിനെതിരെ നിൽക്കുന്ന തിന്മയുടെ ശക്തിക്ക് എന്നന്നേക്കുമായി നിലനിൽപ്പില്ലെന്ന ബോധ്യവും ഉറപ്പുമാണ് ഈ സങ്കീർത്തനം വിശ്വാസികളിലേക്ക് പകരുക. കടലും, കൊടുങ്കാറ്റും, വെള്ളപ്പൊക്കവും ഒക്കെ തിന്മയുടെ അടയാളങ്ങളാണെങ്കിൽ, അവയുടെ ആർത്തിരമ്പുന്ന സ്വരത്തെ ഇല്ലാതാക്കാൻ ദൈവത്തിന് കഴിയുമെന്ന്, അവയുടെമേൽ വിജയം വരിക്കാൻ കർത്താവിനാകുമെന്ന് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ രാജത്വം, ഭരണം തുടങ്ങിയ ആശയങ്ങൾ പരാമർശിക്കുന്ന എട്ടു സങ്കീർത്തനങ്ങളുടെ ഒരു നിരയിൽ ആദ്യത്തേതാണ് ഈ കീർത്തനം. ജറുസലേമിൽ ആഘോഷിക്കപ്പെട്ടിരുന്ന ദൈവത്തിന്റെ രാജത്വത്തിരുനാൾ മുന്നിൽക്കണ്ടുള്ള ഒരു ഗീതമായും ഈ സങ്കീർത്തനം കണക്കാക്കപ്പെടുന്നു. ഇങ്ങനെ ദൈവത്തിന്റെ രാജത്വം, പ്രപഞ്ചശക്തികളുടെമേലുള്ള അവന്റെ അധികാരം എന്നീ ഘടകങ്ങൾ കണക്കിലെടുത്ത്, ഇസ്രയേലിന്റെ നാഥനായ ദൈവത്തെ ലോകമെങ്ങും അംഗീകരിക്കുന്ന ഒരു നാളെയെക്കുറിച്ചും, അവസാനനാളുകളിൽ വരുവാനിരിക്കുന്ന ദൈവത്തെക്കുറിച്ചും ഉള്ള ചിന്തകൾ അടങ്ങിയ ഈ സങ്കീർത്തനം പ്രവാസകാലത്തിനുശേഷം എഴുതപ്പെട്ടതാകാമെന്ന് കരുതപ്പെടുന്നു.

പ്രപഞ്ചസ്രഷ്ടാവും രാജാവുമായ ദൈവം

സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങൾ കർത്താവിന്റെ രാജത്വവുമായി ബന്ധപ്പെട്ടവയാണ്. മറ്റു ദൈവസങ്കൽപ്പങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലെങ്കിലും, ഇസ്രയേലിന്റെ ദൈവത്തിന്റെ പ്രാധാന്യവും ശക്തിയും രാജത്വവുമാണ് ഒന്നാം വാക്യത്തിൽ പ്രഘോഷിക്കപ്പെടുന്നത്. മഹിമ വസ്ത്രമായി അണിഞ്ഞ, ശക്തികൊണ്ട് അരമുറുക്കിയ അങ്ങനെ, ശക്തനായ ഒരു രാജാവിനെപ്പോല മഹത്വപൂർണ്ണനായ ദൈവം. നാല്പത്തിയേഴാം സങ്കീർത്തനത്തിലും, തൊണ്ണൂറ്റിയാറുമുതൽ തൊണ്ണൂറ്റിയൊൻപത് വരെയുള്ള സങ്കീർത്തനങ്ങളിലും, സിംഹാസനത്തിൽ വാഴുന്ന, പ്രപഞ്ചത്തെയും ജനതകളെയും വിധിക്കാൻ വരുന്ന, രാജാവെന്ന നിലയിൽ ദൈവത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് നാം കാണുന്നുണ്ട്. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്നെയാണ് ഇളക്കം തട്ടാത്ത വിധം ലോകത്തെ സുസ്ഥിതമായി സ്ഥാപിച്ചതെന്നും ഒന്നാം സങ്കീർത്തനവാക്യത്തിന്റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നു.

ലോകത്തെ സുസ്ഥിരമായി ഉറപ്പിച്ചവന്റെ സിംഹാസനവും സ്‌ഥിരമാണെന്നും, അവൻ അനാദി മുതലേ ഉള്ളവനാണെന്നും രണ്ടാം വാക്യം ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവത്തിനും, അവന്റെ രാജ്യത്തിനുമെതിരെ സ്വരമുയർത്തുന്നവരുണ്ടെങ്കിലും, അവർക്ക് വിജയം അന്യമാണെന്ന ഒരു ബോധ്യം കൂടി ഈ വാക്യം പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസികളെ, പ്രത്യേകിച്ച് ഇസ്രായേൽ ജനതയെ സംബന്ധിച്ച് പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടതും, സുസ്ഥിരവുമായ സിംഹാസനത്തിൽ എന്നേക്കും വാഴുന്നവനും അനാദിമുതലെ ഉള്ളവനുമായ ദൈവമാണ് തങ്ങൾക്കൊപ്പമുള്ളത് എന്ന ചിന്ത ഏറെ ധൈര്യവും ആശ്വാസവും അഭിമാനവും നൽകുന്നതാണ്. മാനുഷികവും ഭൗമികവുമായവ, ഭൂമിയിലെ സിംഹാസനങ്ങളും അധികാരങ്ങളും, താത്കാലികമാണ്, എന്നാൽ നിലനിൽക്കുന്നത് ദൈവത്തിന്റെ രാജ്യവും അവന്റെ അധികാരവും മാത്രമാണ്.

തിന്മയെ തോൽപ്പിക്കുന്ന ദൈവം

സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങൾ ലോകത്ത് ഉയരുന്ന തിന്മയുടെ ശക്തിയെയും, അവയേക്കാൾ ഉയർന്നവനായ ദൈവത്തെക്കുറിച്ചുമുള്ളവയാണ്. പ്രവാഹങ്ങൾ ഉയരുന്നതും, അവ ശബ്ദമുയർത്തുന്നതും ആർത്തിരമ്പുന്നതും, സമുദ്രവും, അതിന്റെ ഗർജ്ജനശ്വരവും, ഉയരുന്ന തിരമാലകളും ഒക്കെ തിന്മയുടെ അടയാളങ്ങളായാണ് പലപ്പോഴും പുരാതനകെട്ടുകഥകളിലും ഐതിഹ്യങ്ങളിലും ഒക്കെ കരുതപ്പെട്ടിരുന്നത്. പഴയനിയമത്തിലും ഭൂമിയെ മുഴുവൻ മൂടുന്ന പ്രളയവും, മനുഷ്യജീവിതമെടുക്കുന്ന വെള്ളപ്പൊക്കവുമൊക്കെ തിന്മയുടെ പ്രതിഭാസങ്ങളായാണ് നാം കാണുന്നത്. പ്രവാഹങ്ങളും സമുദ്രവും ശബ്ദമുയർത്തുന്നത് ദൈവത്തിനെതിരെയാണെന്ന് സങ്കീർത്തനം വിശേഷിപ്പിക്കുന്നു. തിരമാലകളുയർത്തുന്ന കൊടുങ്കാറ്റുപോലെ, ദൈവത്തിനെതിരെ നിൽക്കുന്ന ഒരു വ്യക്തിയെപ്പോലെ, തിന്മയ്ക്ക് സങ്കീർത്തനം ഒരു സത്തയും വ്യക്തിത്വവും നൽകിയിരിക്കുന്നു. ഏതാണ്ട് രണ്ടര സഹസ്രാബ്ദങ്ങൾക്കപ്പുറം ജീവിച്ചിരുന്ന മനുഷ്യർക്ക് പ്രകൃതിയും, അതിലെ ശക്തികളും ഒക്കെ ഇത്തരത്തിൽ മാനുഷിക, ദൈവിക, പൈശാചിക ഭാവങ്ങളുള്ള അസ്‌തിത്വങ്ങളായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, അങ്ങനെയുള്ള ശക്തികളും അസ്തിത്വങ്ങളും മനുഷ്യരിൽ ഭീതിയും, ഭക്തിയും ഉയർത്തിയിരുന്നു. എന്നാൽ പ്രപഞ്ചശക്തികളേക്കാൾ വലിയവനാണ് അവയെ സൃഷ്‌ടിച്ച ദൈവമെന്ന ബോധ്യം വിശ്വാസികളിലേക്ക് ഈ സങ്കീർത്തനമുൾപ്പെടെ വിശുദ്ധഗ്രന്ഥപുസ്തകങ്ങൾ നൽകുന്നുണ്ട്. ആദിയിൽ ക്രമമില്ലാതിരുന്ന ഈ പ്രപഞ്ചത്തിൽ സൃഷ്ടികർമ്മത്തിനുശേഷം, എല്ലാത്തിനെയും ക്രമപ്പെടുത്തിയവൻ ദൈവമാണെന്ന ഒരു ചിന്ത, സൃഷ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ നാം കാണുന്നുണ്ടല്ലോ. കാലങ്ങളെയും അധികാരങ്ങളെയും ശക്തികളെയും അതിജീവിച്ച നിത്യനായ ദൈവമാണ് മനുഷ്യർക്ക് അഭയവും സങ്കേതവും.

ശക്തനും പരിശുദ്ധനുമായ ദൈവം

സങ്കീർത്തനത്തിന്റെ അവസാനവാക്യമായ അഞ്ചാം വാക്യം, കർത്താവിന്റെ കൽപ്പനകൾ വിശ്വാസ്യവും അലംഘനീയവുമാണെന്നും, അവന്റെ പരിശുദ്ധി ദേവാലയത്തിന് എന്നേക്കും യോജിച്ചതാണെന്നും പ്രഖ്യാപിക്കുന്നതാണ്. ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങളിലൂടെ സങ്കീർത്തകനവും വായനക്കാരായ വിശ്വാസികളും എത്തിച്ചേരുന്ന ഒരു നിഗമനം കൂടിയാണ് ഇവിടെ നാം കാണുക. ഭൂമിയെയും അതിലെ സകലതിനെയും നിയന്ത്രിക്കുന്നതിലൂടെയും ഉറപ്പിക്കുന്നതിലൂടെയും, തിന്മയുടെ ശക്തിയെന്ന് കരുതപ്പെടുന്ന സമുദ്രത്തെയും ആർത്തിരമ്പുന്ന പ്രവാഹങ്ങളെയും, ഗർജ്ജിക്കുന്ന തിരമാലകളെയും നിയന്ത്രിക്കുന്നതുവഴി, ദൈവകൽപ്പനകൾ വിശ്വാസ്യവും അലംഘനീയവുമാണെന്ന് സങ്കീർത്തനം വിശദീകരിക്കുന്നുണ്ട്. അതുപോലെതന്നെ, അനാദിമുതലേ നിലനിൽക്കുന്നവനും, സകലത്തിന്റെയും സ്രഷ്ടാവും നാഥനുമായ, ഉറപ്പിക്കപ്പെട്ട സിംഹാസനസ്ഥനായ, മഹിമയണിഞ്ഞ്, ശക്തികൊണ്ട് അരമുറുക്കിയ ദൈവം ഉന്നതനാണ്, അവന്റെ പരിശുദ്ധി ദൈവത്തിന്റെ അലയത്തിന് യോജിച്ചതാണ് എന്നും സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു.

സങ്കീർത്തനം ജീവിതത്തിൽ

പ്രപഞ്ചവും അതിലെ സകലവും സൃഷ്‌ടിച്ച ദൈവമായ കർത്താവിന്റെ ശക്തിക്കും മഹത്വത്തിനും മുന്നിൽ പ്രപഞ്ചശക്തികൾക്കോ, തിന്മയുടെ ശക്തികൾക്കോ പിടിച്ചുനിൽക്കാനാകില്ലെന്ന്, സമുദ്രത്തെയും, ശക്തമായ പ്രവാഹങ്ങളെയും നിയന്ത്രിക്കാൻ ശക്തനായ, പ്രപഞ്ചത്തിലെ സകലത്തെയും ക്രമപ്പെടുത്തിയ ദൈവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. അവന്റെ സിംഹാസനം മാത്രമാണ് എന്നേക്കും നിലനിൽക്കുന്നതെന്നും, അവൻ അനാദി മുതലേ ഉള്ള ദൈവമാണെന്നും, അവന്റെ കൽപ്പനകൾ അലംഘനീയമാണെന്നും, അവൻ വിശ്വസ്യനാണെന്നും ഓർമ്മിപ്പിക്കുന്ന സങ്കീർത്തനവാക്യങ്ങൾ നമ്മുടെ ദൈവവിശ്വാസത്തിനും, ഈ ഭൂമിയിലെ ജീവിതത്തിനും മാർഗ്ഗനിർദ്ദേശങ്ങളാകട്ടെ. അവന്റെ പരിശുദ്ധമായ സാന്നിദ്ധ്യം നമ്മുടെ ജീവിതം എപ്രകാരമുള്ളതാകണമെന്നുള്ള ഉദ്ബോധനമായി മുന്നിൽ നിൽക്കുന്നുണ്ട്. താൻ സൃഷ്ടിച്ച്, തിരഞ്ഞെടുത്ത്, ചേർത്തു നിറുത്തിയ തന്റെ ജനത്തിനായി എല്ലാം കൃത്യമായും ക്രമമായും ഒരുക്കിയ ദൈവം, നമ്മോടുള്ള സ്നേഹമാണ് തന്റെ പ്രവൃത്തികളിലും കൽപ്പനകളിലും വെളിവാക്കുന്നതെന്ന് തിരിച്ചറിയാം. എല്ലാം കടന്നുപോകുന്ന ഈ ലോകത്തിൽ, എന്നും നിലനിൽക്കുന്നവനായ ദൈവത്തോട് ചേർന്ന്, അവന്റെ പരിശുദ്ധിയിൽ പങ്കുചേർന്ന്, അവന്റെ സംരക്ഷണത്തിൽ ജീവിക്കാം. ജീവിതത്തിലെ തിരമാലകളുടെയും മഹാപ്രവാഹങ്ങളുടെയും മുന്നിൽ, ശക്തനായ ദൈവത്തിൽ അഭയം തേടാം. അവന്റെ പ്രീതിയും കരുണയും നമുക്ക് തുണയാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2024, 16:48