തിരയുക

സങ്കീർത്തനചിന്തകൾ - 94 സങ്കീർത്തനചിന്തകൾ - 94 

നീതിമാനായ വിധികർത്താവും തന്റെ ജനത്തിന്റെ രക്ഷകനുമായ ദൈവം

വചനവീഥി: തൊണ്ണൂറ്റിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിനാലാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരാധനാപ്രബോധനാഗീതമെന്ന് തോന്നിപ്പിക്കുന്ന ഒരു വൈയക്തികാവിലാപഗാനമാണ് തൊണ്ണൂറ്റിനാലാം സങ്കീർത്തനം. ദുഷ്ടരായ മനുഷ്യരുയർത്തുന്ന ഭീതിയുടെ മുന്നിൽ ദൈവസഹായത്തിനായി അപേക്ഷിക്കുകയാണ് സങ്കീർത്തകൻ. മുഴുവൻ ദൈവജനത്തിനുമെതിരായ പ്രവൃത്തികളായാണ് ശത്രുവിന്റെ പീഢനങ്ങളെ സങ്കീർത്തകൻ കാണുന്നത്. തിന്മ പ്രവർത്തിക്കുന്നവർക്കെതിരെ ശബ്ദമുയർത്തുന്ന സങ്കീർത്തകൻ, നീതിമാന്മാർക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പും പങ്കുവയ്ക്കുന്നുണ്ട്. വിലാപവും സ്തുതിയും ഇടകലർന്ന ഈ കീർത്തനം, ദൈവം തന്റെ ജനത്തിനുമേൽ ചൊരിയുന്ന കാരുണ്യത്തിലും അനുഗ്രഹങ്ങളിലുമുള്ള ഉറച്ച വിശ്വാസവും പങ്കുവയ്ക്കുന്നുണ്ട്. ദൈവത്തിന്റെ രാജത്വം, ഭരണം തുടങ്ങിയ ആശയങ്ങൾ പരാമർശിക്കുന്ന എട്ടു സങ്കീർത്തനങ്ങളുടെ ഒരു നിരയിൽ രണ്ടാമത്തേതാണ് ഈ കീർത്തനം. സങ്കീർത്തനത്തിലെ ദൈവശാസ്ത്രചിന്തകൾ കണക്കിലെടുത്ത്, പ്രവാസകാലത്തിനു ശേഷം എഴുതപ്പെട്ടതാകാം ഈ സങ്കീർത്തനം എന്നാണ് പൊതുവായി കരുതപ്പെടുന്നത്.

ദുഷ്ടരുടെ പ്രവൃത്തികളും ദുഷ്ടർക്കെതിരായ പ്രാർത്ഥനയും

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ദുഷ്ടരെ ശിക്ഷിക്കുന്നവനാണ് കർത്താവ് എന്ന ബോധ്യത്തിൽ സങ്കീർത്തകൻ നടത്തുന്ന പ്രാർത്ഥനയാണ്. "പ്രതികാരത്തിന്റെ ദൈവമായ കർത്താവ്" (സങ്കീ. 94, 1) എന്ന പ്രയോഗം ഇതാണ് വ്യക്തമാക്കുന്നത്. ഭൂമിയെ വിധിക്കുന്നവൻ അഹങ്കാരിക്ക് അർഹമായ ശിക്ഷ നൽകുമെന്ന ബോധ്യവും സങ്കീർത്തകനുണ്ട് (സങ്കീ. 94, 2). ഭൂമിയുടെയും അതിലെ നിവാസികളുടെയും മേൽ കർത്താവിനുള്ള അധികാരം, ദുഷ്ടന് ഉറപ്പായും ലഭിക്കുന്ന ശിക്ഷ എന്നീ ചിന്തകൾക്കൊപ്പം, പ്രതികാരവും വിധിയും മനുഷ്യരുടേതാകരുത് എന്നും, ദൈവമാണ് യഥാർത്ഥ വിധികർത്താവ് എന്നുമുള്ള ബോധ്യങ്ങൾ കൂടി സങ്കീർത്തകൻ ഈ വാക്യങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

മൂന്ന് മുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ ദുഷ്ടന്റെ പ്രവൃത്തികളെയും മനോഭാവത്തെയും ദൈവത്തിന് മുന്നിൽ വരച്ചുകാട്ടുന്ന വിശ്വാസിയെയാണ് നാം കാണുക. ദുഷ്ടന്മാർ എത്രനാൾ അഹങ്കാരത്തോടെ ഉയർന്നുനിൽക്കും (സങ്കീ. 94, 3) എന്ന് ദൈവത്തിന് മുന്നിൽ വിലാപസ്വരമുയർത്തുന്ന സങ്കീർത്തകൻ, ഗർവ്വിഷ്ഠമായ വാക്കുകളും വമ്പും പറയുന്ന ദുഷ്ടൻ (സങ്കീ. 94, 4), ദൈവത്തിന്റെ അവകാശമായി കണക്കാക്കപ്പെടുന്ന ജനത്തെ ഞെരിക്കുന്നുവെന്ന് തന്റെ കർത്താവായ ദൈവത്തോട് പരാതി പറയുന്നു (സങ്കീ. 94, 5). പൊതുസമൂഹത്തിൽ ദുർബലരും ഒറ്റപ്പെട്ടവരുമായി കരുതപ്പെടുന്ന, ഏവരുടെയും സഹായം ആവശ്യമുള്ള, വിധവയെയും വിദേശിയെയും അനാഥരെയും കൊന്നുകളയുന്നവനാണവൻ എന്ന വാക്യത്തിൽ ദുഷ്ടന്റെ ഹൃദയത്തിന്റെ കാഠിന്യം വ്യക്തമാകുന്നുണ്ട് (സങ്കീ. 94, 6). ഇസ്രായേൽ ജനം അനുഭവിച്ചതും അനുഭവിക്കുന്നതുമായ വേദനകൾകൂടിയാണ് ഈ വരികളിൽ നമുക്ക് കാണാൻ സാധിക്കുക. ദൈവചിന്തയില്ലാത്ത, ദൈവത്തെ അംഗീകരിക്കാത്തവർ കൂടിയാണ് ദുഷ്ടരെന്ന് ഏഴാം വാക്യം വ്യക്തമാക്കുന്നുണ്ട്. കർത്താവ് ഒന്നും കാണുന്നില്ല എന്നും, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്നും ദുഷ്ടർ പരിഹസിക്കുന്നു (സങ്കീ. 94, 7). ഇസ്രയേലിന്റെ ദൈവമായ യാഹ്‌വെയെ അംഗീകരിക്കാത്ത മനുഷ്യരെക്കുറിച്ചാണ് സങ്കീർത്തകൻ ഇവിടെ പ്രതിപാദിക്കുന്നത്.

ദുഷ്ടരോടുള്ള ചോദ്യങ്ങൾ

എട്ടുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ, ദൈവചിന്തയില്ലാത്ത, അജ്ഞതയിൽ ജീവിക്കുന്ന ദുഷ്ടരോടുള്ള സങ്കീർത്തകന്റെ ചോദ്യങ്ങളാണ് നാം കാണുക. ഇസ്രയേലിന്റെ ദൈവത്തെ തിരിച്ചറിയാനും, അംഗീകരിക്കാനും തക്ക വിവേകം നിങ്ങൾക്ക് എന്നാണ് കൈവരികയെന്ന് ചോദിക്കുന്ന സങ്കീർത്തകൻ (സങ്കീ. 94, 8), ചെവി നൽകിയവൻ കേൾക്കുന്നില്ലെന്നും, കണ്ണ് നൽകിയവൻ കാണുന്നില്ലെന്നും കരുതുന്നതിലെ വിഡ്ഢിത്തം എടുത്തുകാട്ടുന്നു (സങ്കീ. 94, 9). സകലവും സൃഷ്‌ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, ജനതകളെ നീതിപൂർവം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്, ദുഷ്ടരെ ശിക്ഷിക്കാൻ കഴിയില്ലെന്നോ, അറിവ് പകരുന്നവന് അറിവില്ലെന്നോ കരുതുന്നതിലെ മൗഢ്യം (സങ്കീ. 94, 10) വ്യക്തമാക്കുന്ന സങ്കീർത്തകൻ, കർത്താവ് ദുഷ്ടരുടെയും ശിഷ്ടരുടെയും, സകല മനുഷ്യരുടെയും വികാരവിചാരങ്ങൾ അറിയുന്നവനാണെന്നും, അവർ ഒരു ശ്വാസം മാത്രമാണെന്ന് (സങ്കീ. 94, 11) തിരിച്ചറിയുന്നുവെന്നും ഉദ്ബോധിപ്പിക്കുന്നു. ദൈവചിന്തയില്ലാതെയും, ദൈവത്തെ അവഗണിച്ചും സ്വന്തം കഴിവുകളിലും അറിവുകളിലും മാത്രം ആശ്രയിച്ച് ജീവിക്കാമെന്നും കരുതുന്ന മനുഷ്യരിലെ അജ്ഞതയും തെറ്റുമാണ് ഈ വാക്യങ്ങളിൽ വ്യക്തമാകുന്നത്.

നീതിമാന്മാർക്കായുള്ള ജ്ഞാനപ്രബോധനം

സങ്കീർത്തനത്തിന്റെ പന്ത്രണ്ടു മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങൾ കർത്താവിന്റെ കാരുണ്യവും തന്റെ വിശ്വാസികൾക്ക് അവൻ നൽകുന്ന സംരക്ഷണവും സംബന്ധിച്ച പ്രബോധനങ്ങളാണ്. ശത്രുക്കളാൽ ഞെരുക്കപ്പെടുന്ന ദൈവജനത്തിന്റെ സംരക്ഷകനായി ദൈവമുണ്ടാകുമെന്ന് സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. കർത്താവ് തന്റെ ജനത്തെ അവരുടെ വീഴ്ചകളിൽ ശിക്ഷിക്കുന്നതും അവരെ പഠിപ്പിക്കുന്നതും, അവരുടെ നിത്യമായ നാശത്തിനായല്ല, സംരക്ഷണത്തിനും നന്മയ്ക്കുമായാണ് (സങ്കീ. 94, 12). ഇസ്രായേൽ ജനതയ്ക്ക് തങ്ങളുടെ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കുന്ന സത്യങ്ങൾ കൂടിയാണ് ഈ വാക്യം. നേർവഴി നടത്താനായി തന്റെ ജനത്തെ ശിക്ഷിച്ച, അവർക്ക് ജ്ഞാനം പകർന്ന, കഷ്ടകാലങ്ങളിൽ അവർക്ക് വിശ്രമവും സംരക്ഷണവും നൽകിയ, അവർക്കെതിരെ പ്രവർത്തിച്ച ദുഷ്ടരെ ശിക്ഷിച്ച ദൈവമാണവൻ (സങ്കീ. 94, 13). തന്റെ അവകാശമായ ജനത്തെ പരിത്യജിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാത്ത ദൈവമാണ് ഇസ്രയേലിന്റെ കർത്താവ് (സങ്കീ. 94, 14). ദൈവത്തിന്റെ നീതിപൂർവകമായ വിധി മാനിച്ച് ജീവിക്കാൻ സങ്കീർത്തകൻ നീതിമാന്മാരെ, ദൈവത്തിന്റെ ജനത്തെ ആഹ്വാനം ചെയ്യുന്നു (സങ്കീ. 94, 15).

ശരണത്തോടെയുള്ള പ്രാർത്ഥനയും വിശ്വാസത്തോടെയുള്ള സ്തുതിയും

സങ്കീർത്തനത്തിന്റെ പതിനാറ് മുതലുള്ള വാക്യങ്ങൾ പ്രാർത്ഥനയും, പരാതിയും, നന്ദിയും,  ആനന്ദവും ഇടകലർന്നവയാണ്. തനിക്കെതിരെ നിൽക്കുന്ന ദുഷ്ടർക്കും ദുഷ്കർമ്മികൾക്കുമെതിരെ  നിൽക്കാൻ കർത്താവ് മാത്രമേയുള്ളൂ എന്നും, അവനില്ലായിരുന്നുവെങ്കിൽ തന്റെ ജീവൻ മൂകതയുടെ, ജീവനില്ലാത്തവരുടെ ദേശത്ത് എത്തുമായിരുന്നുവെന്നും സങ്കീർത്തകൻ തിരിച്ചറിയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു (സങ്കീ. 94, 16-17). കാലുകൾ വഴുതിയപ്പോൾ തന്റെ വിശ്വാസിയെ താങ്ങി നിറുത്തിയതും (സങ്കീ. 94, 18), ഹൃദയത്തിൽ ആകുലതകൾ ഏറിയപ്പോൾ ആശസമേകി ഉന്മേഷം നിറച്ചതും (സങ്കീ. 94, 19) ദൈവമാണ്.

ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളിൽ ദുഷ്ടരുടെ പ്രവൃത്തികളെക്കുറിച്ചുള്ള പരാതിയാണ് സങ്കീർത്തകൻ ദൈവത്തിനും മനുഷ്യർക്കും മുന്നിൽ വെളിവാക്കുന്നത്. ദൈവികചിന്തയോട് ചേർന്നുപോകാത്ത, മനുഷ്യരെ ദുരിതത്തിലാഴ്ത്തുന്ന നിയമങ്ങൾ നിർമ്മിക്കുന്ന ദുഷ്ടരാണവർ (സങ്കീ. 94, 20). നീതിമാന്റെ ജീവനെതിരെ ഒത്തുചേർന്ന്, നിർദോഷനെ മരണത്തിന് വിധിക്കുന്ന മനുഷ്യരാണവർ (സങ്കീ. 94, 21).

ദൈവത്തിലുള്ള ആനന്ദവും, അവന്റെ പ്രവൃത്തികളിലെ നന്മയും വെളിവാക്കുന്ന വാക്കുകളോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്ന ഏവർക്കും ശക്തികേന്ദ്രവും അഭയശിലയുമാണ് അവിടുന്ന് (സങ്കീ. 94, 22). തിന്മ ചെയ്യുന്നവരുടെ അകൃത്യങ്ങൾ അവരിലേക്ക് തന്നെ തിരിച്ചുവിടുകയും, അവരുടെ ദുഷ്ടതമൂലം അവരെ ഇല്ലാതാക്കുകയും, തൂത്തെറിയുകയും ചെയ്യുന്ന ദൈവമാണവൻ (സങ്കീ. 94, 23).

സങ്കീർത്തനം ജീവിതത്തിൽ

തൊണ്ണൂറ്റിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ഇസ്രായേൽ ജനത്തിന് മുന്നിലെന്നപോലെ, ദൈവികനീതിയിലും കരുണയിലും ശരണം വച്ച്, ദൈവാശ്രയബോധത്തിൽ വളർന്നുവരാനും, ദുഷ്ടതയുടെ പാത ഉപേക്ഷിച്ച് നന്മയുടെയും വിശ്വാസത്തിന്റെയും പാതയിലേക്ക് തിരികെ വരാനും ഉള്ള ഒരു ആഹ്വാനമാണ് സങ്കീർത്തകൻ നമുക്ക് മുന്നിൽ വയ്ക്കുന്നതെന്ന് തിരിച്ചറിയാം. ദൈവജനത്തിനെതിരെയുള്ള, പ്രത്യേകിച്ച് സമൂഹത്തിലെ ദുർബലർക്കും അനാഥർക്കും വിദേശിക്കുമെതിരെയുള്ള തിന്മപ്രവർത്തികൾ ദൈവത്തിന് മുന്നിൽ സ്വീകാര്യമല്ലെന്ന് തിരിച്ചറിയാം. തന്നിൽ ആശ്രയം തേടുന്നവരെ അവരുടെ ശത്രുക്കളുടെ കെണികളിൽനിന്നും രക്ഷിക്കുന്ന, കഷ്ടതയുടെ കാലത്തും സംരക്ഷണമേകുന്ന, അവരുടെ ക്ഷണികത തിരിച്ചറിഞ്ഞ്, പ്രാണനെ സംരക്ഷിക്കുന്ന ദൈവമാണ് ഇസ്രയേലിന്റെ ദൈവമെന്ന ബോധ്യം, നമ്മുടെ ജീവിതത്തിലും ദൈവാശ്രയബോധത്തോടെ ജീവിക്കാൻ സഹായമാകട്ടെ. എല്ലാ ശക്തികളെക്കാളും ശക്തനും, സർവ്വാധിനാഥനും, സകലതും അറിയുകയും സകലവും നിയന്ത്രിക്കുന്നവനുമായ ദൈവത്തിന്റെ സംരക്ഷണത്തിൽ ആനന്ദവും ആശ്വാസവും കണ്ടെത്താൻ നമുക്കും സാധിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2024, 17:05