സുഡാനിൽ കോളറ പ്രതിരോധ വാക്സിനുകൾ എത്തിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സുഡാൻ രാജ്യത്തുടനീളം തീവ്രമായി ബാധിക്കുന്ന കോളറ രോഗത്തിൽ നിന്നും ജനങ്ങളെ, പ്രത്യേകിച്ചും കുട്ടികളെ സംരക്ഷിക്കുവാൻ ഏകദേശം 1.4 ദശലക്ഷം, കോളറ പ്രതിരോധ വാക്സിനുകൾ എത്തിച്ചു. യൂണിസെഫ് സംഘടനയുടെ പ്രത്യേക വിമാനത്തിലാണ് മരുന്നുകൾ എത്തിച്ചത്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലായി, കഴിഞ്ഞ ജൂലൈ മുതൽ, പതിനെട്ടായിരത്തോളം കോളറ ബാധിതരാണ് ചികിത്സ തേടുന്നത്. ഏകദേശം 550 ഓളം ആളുകൾ ഈ കഴിഞ്ഞ മാസങ്ങളിൽ കോളറ ബാധമൂലം മരണപ്പെട്ടിട്ടുമുണ്ട് . അഞ്ചു വയസിനു താഴെയുള്ള 3.4 ദശലക്ഷം കുട്ടികളും കോളറ രോഗത്തിന്റെ പിടിയിൽ അകപ്പെടുവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മാസം ഏകദേശം നാലുലക്ഷത്തോളം പ്രതിരോധ വാക്സിനുകൾ സുഡാനിൽ എത്തിച്ചുകൊണ്ട് പ്രതിരോധ കാമ്പയിനുകൾ ആരംഭിച്ചിരുന്നു. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളായ ഗെഡാറെഫ്, കസാല, നൈൽ എന്നിവിടങ്ങളിൽ 1.81 ദശലക്ഷം ആളുകൾക്ക് വാക്‌സിനേഷൻ നൽകാനാണ് കാമ്പെയ്‌നുകൾ ലക്ഷ്യമിടുന്നത്. കോളറ കൂടാതെ, സുഡാനിലെ 18 ൽ 12 സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി, മലേറിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളും പിടിപെടുന്നത്, പ്രതികൂല ഘടകമായി തീർന്നിരിക്കുകയാണ്.
യുദ്ധം, കുടിയിറക്കം, പട്ടിണി എന്നിവയുടെ പശ്ചാത്തലത്തിൽ, ഈ പകർച്ചവ്യാധികളുടെ ആഘാതം കുട്ടികളിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നു യൂണിസെഫ് സംഘടന വിലയിരുത്തുന്നു. ശുദ്ധജലത്തിന്റെ അഭാവവും, ശുചിത്വമില്ലായ്മയും, പോഷകാഹാര കുറവും, രോഗപ്രതിരോധ ശക്തി കുറക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘർഷ ബാധിത പ്രദേശങ്ങളിലെ 70% ആശുപത്രികളും പ്രവർത്തനക്ഷമമല്ലാത്തതും രോഗപ്രതിരോധ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: