തിരയുക

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റയാൾ - ഗാസായിൽനിന്നുള്ള ചിത്രം ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റയാൾ - ഗാസായിൽനിന്നുള്ള ചിത്രം  (AFP or licensors)

ഗാസാ, ലെബനോൻ, ഇസ്രായേൽ പ്രദേശങ്ങളിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്‌ത്‌ അന്താരാഷ്ട്രസംഘടനകൾ

ഗാസാ, ലെബനോൻ, ഇസ്രായേൽ പ്രദേശങ്ങളിൽ അടിയന്തിരവെടിനിറുത്തൽ നടപ്പിലാക്കണമെന്നും, ഇസ്രായേൽ സേനയുടെ ക്രൂരത തുടരാൻ അനുവദിക്കരുതെന്നും ഐക്യരാഷ്ട്രസഭംഗങ്ങളോട് ആഹ്വാനം ചെയ്‌ത്‌ 154 അന്താരാഷ്ട്രസംഘടനകൾ സംയുക്തഅഭ്യർത്ഥന സമർപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങളും മാനവികദുരന്തങ്ങളും അവസാനിപ്പിക്കാനായി അടിയന്തിരവെടിനിറുത്തൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ അന്താരാഷ്ട്രസംഘടനകൾ ഐക്യരാഷ്ട്രസഭംഗങ്ങൾക്ക് അഭ്യർത്ഥന നൽകി. ഗാസാ, ലെബനോൻ, ഇസ്രായേൽ പ്രദേശങ്ങളിൽ അടിയന്തിര വെടിനിറുത്തൽ നടപ്പിലാക്കണമെന്നും, പ്രദേശത്ത് വർദ്ധിച്ചുവരുന്ന മാനവികദുരന്തത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്ന വിധത്തിൽ ശിക്ഷാഭീതിയില്ലാതെ ആക്രമണം തുടരാൻ ഇസ്രായേൽ സേനയെ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്ന നൂറ്റിയൻപത്തിനാല് സംഘടനകൾ ഒപ്പിട്ട നിവേദനമാണ് ഐക്യരാഷ്ട്രസഭാംഗങ്ങൾക്ക് കഴിഞ്ഞ ദിവസം മുന്നിൽ സമർപ്പിക്കപ്പെട്ടത്.

2023 ഒക്ടോബർ ഏഴിന് പാലസ്തീൻ സായുധസംഘങ്ങൾ നടത്തിയ മാരക ആക്രമണമാണ്, ഇസ്രായേൽ അധിനിവേശ പാലസ്തീനയിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾക്ക് കാരണമെന്ന് നിവേദനത്തിൽ അംഗീകരിക്കുന്ന അന്താരാഷ്ട്രസംഘടനകൾ, പക്ഷെ ഇസ്രായേൽ സേനയുടെ കടുത്ത ആക്രമണം ഗാസായിൽനിന്ന് ലെബനോനിലേക്ക് വ്യാപിക്കുകയാണെന്ന് ഓർമ്മിപ്പിച്ചു.

ഇനിയും കിരാതമായ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ, ഇപ്പോൾത്തന്നെ പ്രവർത്തിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഇസ്രായേൽസേന, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തിയ ആക്രമണങ്ങൾ പോലെയുള്ള നിരവധി യുദ്ധനിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് നിവേദനത്തിൽ സംഘടനകൾ എടുത്തുപറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാകൗൺസിൽ, ഗാസായിൽ വെടിനിറുത്തലിന് ആവശ്യപ്പെട്ടുകൊണ്ടുള്ളതുൾപ്പെടെ നാല് പ്രമേയങ്ങൾ അവതരിപ്പിച്ചുവെന്നും, അന്താരാഷ്ട്രനീതിന്യായകോടതി, വംശഹത്യ കൺവെൻഷന്റെ രണ്ടാം ആർട്ടിക്കിൾ അനുസരിച്ച് ചെയ്യാൻ കഴിയുന്ന നടപടികൾ എടുക്കണമെന്നും, പാലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇസ്രയേലിനെ ഓർമ്മിപ്പിച്ചുവെന്നിരുന്നു എന്നതും നിവേദനം പരാമർശിച്ചു.

ഗാസാപ്രദേശത്തെ ആക്രമണം സംബന്ധിച്ച്, അന്താരാഷ്ട്രസമൂഹം അന്താരാഷ്ട്രനിയമങ്ങൾ  അവഗണിക്കുന്നതും, ഗാസായിൽ ഇസ്രായേൽ അനുഭവിക്കുന്ന ശിക്ഷാരാഹിത്യസ്ഥിതിയും, യുദ്ധരംഗത്ത് മുൻപില്ലാത്തവിധത്തിൽ അപകടകരമായ മാതൃകയാണ് നിർമ്മിക്കുന്നതെന്ന് നിവേദനത്തിൽ അന്താരാഷ്ട്രസംഘടനകൾ അപലപിച്ചു.

ഇസ്രായേൽ സേനയുടെ ആക്രമണങ്ങൾ നാൽപ്പത്തിമൂവായിരത്തിലധികം പാലസ്തീൻകാരുടെ ജീവനുകളെടുത്തെന്നും, ലെബനോനിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടെന്നും ഓർമ്മിപ്പിച്ച അന്താരാഷ്ട്രസംഘടനകൾ, ഗാസായുടെ എൺപതിനാല് ശതമാനവും, ലെബാനോന്റെ ഇരുപത്തിയഞ്ച് ശതമാനവും ഇടങ്ങളിൽനിന്ന് കുടിയൊഴിയാൻ ഇസ്രായേൽ ആളുകളെ നിർബന്ധിച്ചിരിക്കുകയാണെന്ന് പ്രസ്താവിച്ചു.

മദ്ധ്യപൂർവ്വദേശങ്ങളിൽ വളർന്നുവരുന്ന ദുരന്തം അവസാനിപ്പിക്കുവാനായി സർക്കാരുകൾ സാധിക്കുന്ന എല്ലാക്കാര്യങ്ങളും ചെയ്യണമെന്നും, ഇതൊരു നിയമപരമായ കടമയാണെന്നും നിവേദനത്തിൽ അന്താരാഷ്ട്രസംഘടനകൾ എഴുതി. അന്താരാഷ്ട്രനിയമങ്ങളും, യുദ്ധനിയമങ്ങളും പാലിക്കാതെയും, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തും മുന്നോട്ടുപോകുന്നവർ അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ അംഗരാഷ്ട്രങ്ങൾ ശ്രമിക്കണമെന്നും അഭ്യർത്ഥനയിൽ ഒപ്പിട്ട 154 സംഘടനകളും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2024, 18:04