തിരയുക

കരുത്തേകി നയിക്കുക കരുത്തേകി നയിക്കുക 

യുവജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യൂണിസെഫ്

ലോകത്താകമാനമുള്ള യുവജനങ്ങളിൽ ഏഴിലൊന്ന് പേരും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് യൂണിസെഫ്. യൂറോപ്പിൽ ലക്ഷക്കണക്കിന് യുവതീയുവാക്കൾ മാനസികാരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. യൂറോപ്പിൽ യുവജനങ്ങളുടെ മരണത്തിന് പ്രധാനപ്പെട്ട ഒരു കാരണം ആത്മഹത്യ. ഒക്ടോബർ 10 മുതൽ 13 വരെ തീയതികളിൽ റോമിൽ നടക്കുന്ന സാബിർ ആഘോഷസമ്മേളനത്തിൽ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമവതരിപ്പിച്ച് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ പത്തിന്, “മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആഗോളദിനം” ആഘോഷിക്കുന്ന അവസരത്തിൽ, ലോകത്ത് ഏഴിൽ ഒരാൾ എന്ന കണക്കിൽ കൗമാരക്കാർ മാനസികാരോഗ്യവുമായി ബന്ധെപ്പെട്ട ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ ഒൻപതിന് പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ലോകത്തെ യുവജനങ്ങൾ കടന്നുപോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ശിശുക്ഷേമനിധി പരാമർശിച്ചത്.

യൂറോപ്പിൽ മാത്രം പത്തൊൻപത് വയസ്സിൽത്താഴെയുള്ള അറുപത് ലക്ഷത്തോളം യുവാക്കളും അൻപത്തിമൂന്ന് ലക്ഷത്തോളം യുവതികളും മാനസികാരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രസ്താവിച്ചു. ഇവിടെ പതിനഞ്ചിനും പത്തൊൻപത്തിനും മദ്ധ്യേ പ്രായമുള്ളവരുടെ മരണത്തിന്റെ കാരണങ്ങളിൽ രണ്ടാമത്തേത് ആത്മഹത്യയാണെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി. 2020-ൽ മാത്രം യൂറോപ്പിൽ 931 യുവജനങ്ങളാണ് ആത്മഹത്യ ചെയ്‌തത്‌-

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് ആത്മഹത്യാപ്രവണത കൂടുതലുള്ളതെന്നും ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവിച്ചു. പതിനെട്ട് വയസ്സിന് മുൻപുതന്നെ മാനസികാരോഗ്യവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നാൽപ്പത്തിയെട്ട് ശതമാനവും തിരിച്ചറിയാനാകുമെന്ന് സംഘടന വ്യക്തമാക്കി.

മെഡിറ്ററേനിയൻ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ പത്ത് മുതൽ പതിമൂന്ന് വരെ തീയതികളിൽ റോമിൽ നടക്കുന്ന സാബിർ ആഘോഷത്തിൽ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പരിപാടികളുമായി യൂണിസെഫ് പങ്കെടുക്കും.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആഗോളദിനം ആചരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, ഇറ്റലിയിൽ യൂണിസെഫ് ഘടകം, വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2024, 17:54