ഹൈതിയിൽ ഈ വർഷം കൊല്ലപ്പെട്ടത് 3600 പേർ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഹൈതിയിലെ ജനങ്ങൾ അനുദിനം കിരാതമായ ദുരുപയോഗങ്ങൾക്കും, ചൂഷണങ്ങൾക്കും, മനുഷ്യാവകാശലംഘനങ്ങൾക്കും ഇരകളാകുകയാണെന്നും, അവരുടെ ജീവനുനേരെ ഭീഷണിയുയരുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ കരീബിയൻ പ്രദേശത്തെ ഈ രാജ്യത്തുള്ള സാധാരണ ജനം കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രസ്താവന നടത്തിയത്.
2024-ൽ മാത്രം ഇതുവരെ രാജ്യത്ത് 3600 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ് അദ്ധ്യക്ഷ വ്യക്തമാക്കി. സായുധസംഘങ്ങൾ നടത്തുന്ന അതിക്രമങ്ങളിൽ കുട്ടികളുടേതുൾപ്പെടെയുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടെന്നും, പലർക്കും അംഗഭംഗം നേരിടേണ്ടിവരുന്നുണ്ടെന്നും, നിരവധി പേർ കൊല്ലപ്പെടുന്നുണ്ടെന്നും, മനുഷ്യാവകാശകമ്മീഷന്റെ ഓഫീസ് പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് കാതറിൻ റസ്സൽ പ്രസ്താവിച്ചു. നിരവധി സ്ത്രീകളും കുട്ടികളും ലൈംഗികാക്രമങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും, റിപ്പോർട്ട് വ്യക്തമാക്കി.
സായുധസംഘങ്ങൾ കുട്ടികളെ തങ്ങളുടെ കൂടെ ചേർക്കുന്നുണ്ടെന്നും, ഇത്തരം അക്രമിസംഘങ്ങളിൽ ഏതാണ്ട് മുപ്പത് മുതൽ അൻപത് വരെ ശതമാനം ആളുകൾ കുട്ടികളാണെന്നും പഠനങ്ങൾ വിശദീകരിക്കുന്നു.
രാജ്യത്ത് മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ ഏതാണ്ട് അൻപത്തിയഞ്ചു ലക്ഷം ആളുകൾക്ക് മാനവികസഹായം ആവശ്യമായിട്ടുണ്ട്. മൂന്നരലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏഴു ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ പലരും ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നതെന്നും, വിവിധ ചൂഷണങ്ങൾക്ക് ഇരകളാകാൻ സാധ്യതയുണ്ടെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയിൽ മാത്രം പോർട്ട് ഓഫ് പ്രിൻസിൽ നടന്ന ആക്രണമണങ്ങളെത്തുടർന്ന് നാലായിരത്തിലധികം ആളുകളാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായത്. നിരവധി സ്‌കൂളുകൾ അക്രമിക്കപ്പെട്ടതിനാൽ രാജ്യത്ത് ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസ സാദ്ധ്യതകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സായുധസംഘങ്ങൾ നിയന്ത്രിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ രാജ്യത്ത് മാനവികസഹായം ആവശ്യമുള്ളയിടങ്ങളിൽ സഹായമെത്തിക്കേണ്ടതുണ്ടെന്നും, സ്ഥിതിഗതികൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: