ബെയ്‌റൂട്ടിൽ ഫ്രാൻസിസ്കൻ വൈദികരുടെ സംരക്ഷണത്തിലുള്ള ചില കുട്ടികൾ - ഫയൽ ചിത്രം ബെയ്‌റൂട്ടിൽ ഫ്രാൻസിസ്കൻ വൈദികരുടെ സംരക്ഷണത്തിലുള്ള ചില കുട്ടികൾ - ഫയൽ ചിത്രം 

ലെബനോനിൽ എൺപത് കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ലെബനോനിൽ എൺപത് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, നൂറുകണക്കിന് കുട്ടികൾക്ക് പരിക്കേറ്റുവെന്നും യൂണിസെഫ്. രാജ്യത്ത് മൂന്ന് ലക്ഷം കുട്ടികൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അദ്ധ്യക്ഷ കാതറിൻ റസ്സൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനോനിൽ കഴിഞ്ഞ ഒരാഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ എൺപത് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും നൂറുകണക്കിന് കുട്ടികൾക്ക് പരിക്കേറ്റുവെന്നുമാണ് വാർത്താമാധ്യമങ്ങൾ വ്യക്തമാക്കുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ കാതറിൻ റസ്സൽ. രാജ്യത്തെ മാനവികത കടന്നുപോകുന്ന അവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് താൻ ഉത്കണ്ഠാകുലയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അദ്ധ്യക്ഷ വ്യക്തമാക്കി.

ഗവണ്മെന്റ് കണക്കുകൾ പ്രകാരം രാജ്യത്തിനുള്ളിൽ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത് പത്തുലക്ഷം ആളുകളാണെന്നും, എന്നാൽ അവരിൽ മൂന്ന് ലക്ഷവും കുട്ടികളാണെന്നും ശിശുക്ഷേമനിധി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളും വഴികളിൽ അന്തിയുറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും, അവശ്യസാധനങ്ങൾ പോലുമില്ലാതെയാണ് അവർ വീടുകൾ ഉപേക്ഷിച്ചിറങ്ങിയതെന്നും യൂണിസെഫ് വ്യക്തമാക്കി.

ഇത്തരമൊരു പ്രതിസന്ധിയിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും തങ്ങളാലാകുന്ന സഹായം ലഭ്യമാക്കാൻ ശിശുക്ഷേമനിധി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച ഐക്യരാഷ്ട്രസംഘടന, ശുദ്ധജലവും, മരുന്നുകളും, ശുചീകരണസൗകര്യങ്ങളും ഒരുക്കാൻ തങ്ങൾ പരിശ്രമിക്കുകയാണെന്ന് അറിയിച്ചു. എന്നാൽ വളർന്നുവരുന്ന ആക്രമണങ്ങൾ മനുഷ്യരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണെന്നും, ലെബനോനിൽ കരമാർഗ്ഗമുണ്ടാകുന്ന ഏതൊരു ആക്രമണവും നിലവിലെ ദുഃസ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നും വ്യക്തമാക്കി.

വിദ്വേഷം അവസാനിപ്പിക്കാനും, കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കാനും ഇരുരാജ്യങ്ങളോടും യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാനവികസേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്വാതന്ത്ര്യമായി പ്രവർത്തിക്കുവാൻ അന്താരാഷ്ട്രനിയമം അനുസരിക്കുന്ന സ്വാതന്ത്ര്യം ഉറപ്പാക്കാനും യൂണിസെഫ് അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2024, 18:16