വർദ്ധിച്ച ബോംബാക്രമണങ്ങൾ ലെബനോനിലെ സാമൂഹ്യസേവനങ്ങൾ തകരാറിലാക്കുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലെബാനോനുനേരെയുള്ള ബോംബാക്രമണങ്ങൾ വർദ്ധിച്ചതുവഴി, രാജ്യത്തെ പൊതുജനത്തിന്റെ ജീവിതം ബുദ്ധിമുട്ടേറിയതായെന്നും, സാമൂഹ്യസേവനരംഗത്ത് വൻപ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 16 ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ലെബനോൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ശിശുക്ഷേമനിധി പരാമർശിച്ചത്. രാജ്യത്ത് കുട്ടികളുടെ ജീവിതത്തിനും ഈ ആക്രമണങ്ങൾ വലിയ പ്രതിസന്ധികളാണ് സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂണിസെഫ് അറിയിച്ചു.
ലെബാനോന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പതിനഞ്ചോളം ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ഇതിനുപുറമെ മറ്റ് എഴുപതോളം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായെന്നും യൂണിസെഫ് അറിയിച്ചു. ആറ് ആശുപത്രികൾ പ്രവർത്തനരഹിതമായെന്നും, അഞ്ചെണ്ണം ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.
രാജ്യത്ത് പത്ത് ലക്ഷത്തോളം ആളുകൾക്കാണ് ആരോഗ്യപരിപാലനകേന്ദ്രങ്ങൾ, ജലസേചനവിഭാഗം തുടങ്ങിയവയുടെ സേവനങ്ങൾ അടിയന്തിരമായി ആവശ്യമുള്ളത്. രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും പരുങ്ങലിലാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. രാജ്യത്ത് കുട്ടികളിൽ കോളറ, ഹെപ്പറ്റൈറ്റിസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചുവരികയാണ്.
ബോംബാക്രമണങ്ങൾ വർദ്ധിച്ചതോടെ, ലെബനോനിലെ അവശ്യസേവനങ്ങൾ ഉറപ്പുവരുത്തിയിരുന്ന വിവിധ കേന്ദ്രങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നും, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലെബനോനിലെ യൂണിസെഫ് പ്രതിനിധി എഡ്‌വേർഡ് ബിജ്ബെഡർ പ്രസ്താവിച്ചു.
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായും, അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായും വേണ്ട പരിശ്രമങ്ങൾ നടക്കണമെന്നും, അടിയന്തിര വെടിനിറുത്തൽ വേണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: