ഗാസായിൽ ഇരുപത് കുട്ടികൾ കൂടി കൊല്ലപ്പെട്ടു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ പ്രദേശത്ത് ഒക്ടോബർ ഒക്ടോബർ 29 ചൊവ്വാഴ്‌ച രാവിലെ ഉണ്ടായ ഒരു ബോംബാക്രമണത്തിൽ ഇരുപത് കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ബെയ്ത് ലാഹിയയിൽ ഒരു ബഹുനിലക്കെട്ടിടത്തിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ സാമൂഹ്യമാധ്യമമായ എക്‌സിൽ ഒക്ടോബർ 29-ന് ട്വീറ്റ് ചെയ്‌തു.
ഗാസാ പ്രദേശത്ത് ബോംബാക്രമണങ്ങൾ നിന്ദ്യമായ രീതിയിൽ സാധാരണജീവിതത്തിന്റെ ഭാഗമായിത്തീർന്നുവെന്ന് കാതറിൻ റസ്സൽ എഴുതി. പ്രദേശത്ത് അനുദിനം ആക്രമണങ്ങളുടെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം ശരാശരി അറുപത്തിയേഴ് കഴിയുമെന്ന് അവർ വ്യക്തമാക്കി.
ഗാസാ പ്രദേശത്തെ കുട്ടികൾ, തങ്ങളുടെ ജീവനും ഭാവിയും കൊണ്ട്, നിലവിലെ ആക്രമണങ്ങളുടെ വില നൽകുകയാണെന്നും, പ്രദേശത്ത് അന്താരാഷ്ട്രമാനവികനിയമത്തിന്റെ നഗ്നവും വ്യവസ്ഥാപിതവുമായ ലംഘനമാണ് അരങ്ങേറുന്നതെന്നും കാതറിൻ റസ്സൽ പ്രസ്താവിച്ചു.
കുട്ടികളുടെ നേർക്കുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിക്കണമെന്നും, അവരുടെ ജീവന്റെ ഉത്തരവാദിത്വം ഇവരുടേതുമാണെന്നും യൂണിസെഫ് അദ്ധ്യക്ഷ എക്‌സിൽ എഴുതി.
കുട്ടികളുടെ നേർക്കുൾപ്പെടെ, ഗാസാ പ്രദേശത്ത് നടക്കുന്ന ആക്രമണങ്ങൾ കൊടും ക്രൂരതയാണെന്ന് ഒക്ടോബർ 26 ശനിയാഴ്ച യൂണിസെഫ് കുറ്റപ്പെടുത്തിയിരുന്നു. ഗാസാ പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു ആക്രമണത്തിൽ ഒരു കുടുംബത്തിലേതന്നെ നിരവധി കുട്ടികൾ ഉൾപ്പെടെ പതിനാല് കുട്ടികൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു സന്ദേശത്തിലാണ് യൂണിസെഫ് അത്തരമൊരു സന്ദേശം പുറത്തുവിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: