ചൂഷണം - മനുഷ്യാന്തസ്സിനെ ഹനിക്കുന്ന തിന്മ ചൂഷണം - മനുഷ്യാന്തസ്സിനെ ഹനിക്കുന്ന തിന്മ  (©soupstock - stock.adobe.com)

കോടിക്കണക്കിന് മനുഷ്യർ ലൈംഗികചൂഷണങ്ങൾക്കിരകളാകുന്നുവെന്ന് യൂണിസെഫ്

ലോകത്താകമാനം മുപ്പത്തിയേഴ് കോടിയിലധികം സ്ത്രീകളും പെൺകുട്ടികളും അവരുടെ ചെറുപ്പത്തിൽ ലൈംഗികചൂഷണങ്ങൾക്കോ ബലാത്‌സംഗങ്ങൾക്കോ വിധേയരായിട്ടുണ്ടെന്ന് യൂണിസെഫ്. ഓൺലൈൻ ഉൾപ്പെടെ, നേരിട്ടല്ലാത്ത ചൂഷണങ്ങളുടെ കണക്കെടുത്താൽ ഇത് അറുപത്തിയഞ്ച് കോടിയിലേക്കെത്തും. ഇരുപത്തിനാല് മുതൽ മുപ്പത്തിയൊന്ന് കൊടിവരെ ആൺകുട്ടികളും ലൈംഗികചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് കണക്കുകൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്താകമാനം കോടിക്കണക്കിന് യുവജനങ്ങൾ ലൈംഗികചൂഷണങ്ങളുടെയും ബലാത്സംഗങ്ങളുടെയും ഇരകളായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. "പെൺകുട്ടികളുടെ അന്താരാഷ്ട്രദിനവുമായി" ബന്ധപ്പെട്ട് ഒക്ടോബർ പത്തിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ശിശുക്ഷേമനിധി ഈ കണക്കുകൾ പുറത്തുവിട്ടത്. മുപ്പത്തിയേഴ് കോടിയോളം സ്ത്രീകളും, ഇരുപത്തിനാല് മുതൽ മുപ്പത്തിയൊന്ന് വരെ കോടിയോളം പുരുഷന്മാരും അവരുടെ ചെറുപ്പത്തിൽ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി.

നേരിട്ടുള്ള ലൈംഗികചൂഷണങ്ങൾക്ക് മുപ്പത്തിയേഴ് കോടി സ്ത്രീകൾ വിധേയരായിട്ടുണ്ടെന്ന് കണക്കാക്കുന്ന യൂണിസെഫ്, പക്ഷെ, നേരിട്ടല്ലാതെ, ഓൺലൈൻ വഴിയും, വാക്കാലും ഉള്ള ചൂഷണങ്ങൾക്ക് അറുപത്തിയഞ്ച് കോടിയോളം സ്ത്രീകൾ ഇരകളായിട്ടുണ്ടെന്ന് അറിയിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് സ്ത്രീകളും ഇത്തരം പ്രവൃത്തികൾക്ക് വിധേയരായിട്ടുണ്ട്.

കൗമാരപ്രായത്തിലാണ് ഇവരിൽ ഭൂരിഭാഗവും ചൂഷണങ്ങൾക്ക് വിധേയരായതെന്ന് വിശദീകരിച്ച യൂണിസെഫ്, പതിനാല് മുതൽ പതിനേഴ് വരെയുള്ള പ്രായത്തിനിടയിലാണ് കൂടുതൽ പേരും ഇത്തരം ആക്രമണങ്ങളുടെ ഇരകളായിട്ടുള്ളതെന്ന് വ്യക്തമാക്കി.

പുരുഷന്മാരുടെ കാര്യത്തിലും സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമല്ല. ഇരുപത്തിനാല് മുതൽ മുപ്പത്തിയൊന്ന് കോടി വരെ പുരുഷന്മാരും ചെറുപ്പത്തിൽ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് യൂണിസെഫ് പ്രസ്താവിച്ചു. ഓൺലൈൻ വഴിയും, വാക്കാലും ഉള്ള ചൂഷണങ്ങളുടെ കണക്കെടുത്താൽ നാൽപത്തിയൊന്ന് മുതൽ അൻപത്തിമൂന്ന് കോടിവരെ പുരുഷന്മാരും ഇത്തരം അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.

കുട്ടികളുടെമേൽ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ നമ്മുടെ ധാർമ്മികമനഃസാക്ഷിയുടെമേൽ വലിയൊരു കറയായി നിൽക്കുമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. ഒക്ടോബർ പതിനൊന്നിനാണ് "പെൺകുട്ടികളുടെ അന്താരാഷ്ട്രദിനം” ആചരിക്കപ്പെടുന്നത്.

ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ അതിക്രമങ്ങൾക്കിരകളാകുന്നത് (22 ശതമാനം). തെക്കുകിഴക്കൻ ഏഷ്യയാണ് രണ്ടാം സ്ഥാനത്ത് (8 ശതമാനം).

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കാനായി ആഗോളതലത്തിൽ ശ്രമങ്ങൾ നടക്കേണ്ടതിന്റെയും, അവർക്ക് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഈ റിപ്പോർട്ടുകൾ ഓർമ്മിപ്പിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2024, 18:01