തിരയുക

ഗാസാ പ്രദേശത്ത് ആക്രമണത്തിൽ തകർന്ന ഒരു സ്‌കൂൾ കെട്ടിടം - ഫയൽ ചിത്രം ഗാസാ പ്രദേശത്ത് ആക്രമണത്തിൽ തകർന്ന ഒരു സ്‌കൂൾ കെട്ടിടം - ഫയൽ ചിത്രം 

കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയും സ്‌കൂളുകൾ തകർത്തും യുദ്ധങ്ങൾ മുന്നേറുന്നു: യൂണിസെഫ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഉക്രൈനിൽ നാല് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഗാസയിൽ ഏതാനും കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, വ്യത്യസ്ത ആക്രമണങ്ങളിൽ ഈ പ്രദേശത്ത് നാല്‌ സ്‌കൂളുകളും ഇസ്രായേലിൽ ഒരു സ്‌കൂളും ആക്രമിക്കപ്പെട്ടുവെന്നും യൂണിസെഫ് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച രണ്ടു വ്യത്യസ്ത സന്ദേശങ്ങളിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നാല് കുട്ടികൾക്ക് പരിക്കേറ്റുവെന്ന് യൂണിസെഫ്. ജനവാസകേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പ്രായപൂർത്തിയാകാത്ത നാലുപേർക്ക് പരിക്കേറ്റത്. പതിനേഴ് വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കും എട്ടും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺകുട്ടികൾക്കുമാണ് പരിക്കേറ്റത്. സപൊറിസാസിയ, ഖാർകിവ് പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായത്.

ജനനിബിഡകേന്ദ്രങ്ങളിൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികളുടെ ജീവൻ സംരക്ഷിക്കണമെന്നും ഒക്ടോബർ ഒന്നാം തീയതി എഴുതിയ ഈ സന്ദേശത്തിൽ യൂണിസെഫ് ആവശ്യപ്പെട്ടു.

പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെ ഭാഗമായുണ്ടായ ആക്രമണങ്ങളിൽ ഗാസാ പ്രദേശത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളിൽ മാത്രം നാൾ സ്‌കൂളുകൾ ആക്രമിക്കപ്പെട്ടതായും ഏതാനും കുട്ടികൾ കൊല്ലപ്പെട്ടതായും ഇസ്രായേലിൽ ഒരു സ്‌കൂൾ ആക്രമിക്കപ്പെട്ടതായും യൂണിസെഫ് അറിയിച്ചു.

ഒക്ടോബർ മൂന്നിന് എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ വിവരം പുറത്തുവിട്ടത്. എവിടെയാണെങ്കിലും സ്‌കൂളുകൾ അക്രമണലക്ഷ്യമാകരുതെന്നും, കുട്ടികളെ ഉൾപ്പെടുത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2024, 18:09