ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ദൃശ്യം ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ദൃശ്യം  (REUTERS)

ഗാസാപ്രദേശത്ത് ഒരുലക്ഷത്തോളം കുട്ടികൾക്ക് പോളിയോവാക്സിനുകൾ നൽകാനായെന്ന് യൂണിസെഫ്

പാലസ്തീൻ-ഇസ്രേയൽ സായുധസംഘർഷം അവസാനമില്ലാതെ തുടരുന്നതിനിടെയും, ഗാസാ പ്രദേശത്തെ തൊണ്ണൂറ്റിമൂവായിരത്തോളം കുട്ടികൾക്ക് പോളിയോവാക്സിനുകൾ നൽകാനായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസയിലെ സാമൂഹ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനിടെയും, , കുട്ടികൾക്ക് പോളിയോ വാക്സിനുകൾ നൽകുന്നത് തങ്ങൾ തുടർന്നുവെന്നും, കഴിഞ്ഞ ദിവസം ആരംഭിച്ച ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൊണ്ണൂറ്റിമൂവായിരം കുട്ടികൾക്ക് ഈ പ്രതിരോധമരുന്ന് ലഭ്യമാക്കിയെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. അതോടൊപ്പം എഴുപത്തിയാറായിരത്തിലധികം കുട്ടികൾക്ക് വിറ്റാമിൻ എ നൽകാനായെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി. രണ്ട് മുതൽ പത്ത് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ്, തളർവാതരോഗത്തിന് കാരണമായേക്കാവുന്ന പോളിയോവൈറസിനെതിരായ ഈ മരുന്ന് ഐക്യരാഷ്ട്രസഭസംഘടന ലഭ്യമാക്കിയത്.

പോളിയോ വൈറസിൽനിന്ന് രക്ഷനേടാൻ മാത്രമല്ല, ഗാസാ പ്രദേശത്തെ കുട്ടികളുടെ ദീർഘകാല ആരോഗ്യപരിരക്ഷണത്തിനും സഹായകരമാകുന്നതാണ് തങ്ങൾ നടത്തിവരുന്ന പദ്ധതിയെന്ന്‌ യൂണിസെഫ് അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ഈ പ്രദേശങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം അവിടുത്തെ കുട്ടികൾ ഏറെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഒരു ദുർബലാവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു. ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, ഭക്ഷ്യസുരക്ഷയില്ലായ്മ തുടങ്ങിയ പ്രതിസന്ധികളാണ് ഈ കുട്ടികൾ നേരിടുന്നതെന്ന് യൂണിസെഫ് കൂട്ടിച്ചേർത്തു.

ജീവൻരക്ഷാസംവിധാനം ഏറെ പ്രധാനപ്പെട്ട ഒരു വസ്‌തുതയായി തുടരുന്ന ഈ പ്രദേശത്ത് ഓരോ വാക്സിൻ ഡോസുകളും, കുട്ടികളുടെ ജീവിതത്തെയും സുരക്ഷയെയും സംബന്ധിച്ചടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഒക്ടോബർ 15-ന് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ യൂണിസെഫ് ഓർമ്മിപ്പിച്ചു. മധ്യ ഗാസാ പ്രദേശത്ത് ഒക്ടോബർ പതിനാലിന് ആരംഭിച്ച ഈ പദ്ധതി ഒക്ടോബർ പതിനേഴോടെയാണ് അവസാനിക്കുക. ഇതിന്റെ തുടർച്ചയായുള്ള പദ്ധതി അടുത്ത ദിവസങ്ങളിൽ തങ്ങൾ തെക്കുകിഴക്കൻ പ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പാലസ്തീനയിലെ യൂണിസെഫ് വക്താവ് ജോനാഥൻ ക്രിക്സ് പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2024, 17:40