കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നടന്ന ഒരു റാലിയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നടന്ന ഒരു റാലിയിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം  (ANSA)

കുട്ടികളെ കാത്തിരിക്കുന്നത് ദുരിതപൂർണ്ണമായ ഭാവി: യൂണിസെഫ്

2050-ൽ കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായേക്കുമെന്ന് യൂണിസെഫ് റിപ്പോർട്ട്. നവംബർ 20 ബുധനാഴ്ച യൂണിസെഫ് പുറത്തുവിട്ട, "ലോകത്ത് കുട്ടികളുടെ സ്ഥിതി" എന്ന പഠനറിപ്പോർട്ടിലാണ്, കാലാവസ്ഥയുടെയും, ജനതകളുടെ കുടിയേറ്റങ്ങളുടെയും, സാങ്കേതികരംഗത്തുളള അസമത്വങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ വരും കാലങ്ങളിൽ കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ നവജാതശിശുക്കളുടെ അതിജീവനനിരക്കിലും വിദ്യാഭ്യാസരംഗത്തും മെച്ചപ്പെട്ട സ്ഥിതിയുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വരും കാലങ്ങളിൽ കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നവംബർ ഇരുപത് ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, കാലാവസ്ഥയിലെ തീവ്രമാറ്റങ്ങൾ, ജനതകളുടെ കുടിയേറ്റങ്ങൾ, സാങ്കേതികരംഗത്തുളള അസമത്വങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചു നടത്തിയ പഠനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ, "ലോകത്ത് കുട്ടികളുടെ സ്ഥിതി" എന്ന പേരിലുള്ള റിപ്പോർട്ട് യൂണിസെഫ് പുറത്തുവിട്ടത്.

രണ്ടായിരാമാണ്ടിന് ശേഷമുള്ള വർഷങ്ങളിൽ കുട്ടികൾ അനുഭവിച്ച ഉഷ്ണക്കാറ്റിനെ അപേക്ഷിച്ച് എട്ടു പ്രാവശ്യം വർദ്ധിച്ച ഉഷ്ണക്കാറ്റുകളായിരിക്കും 2050 മുതൽ 2059 വരെയുള്ള കാലത്ത് ജീവിക്കുന്ന കുട്ടികൾ അനുഭവിക്കേണ്ടിവരികയെന്ന് യൂണിസെഫ് അറിയിച്ചു. മഴക്കെടുതികൾ മൂലം കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂന്നിരട്ടിയായിരിക്കും. മുൻ വർഷങ്ങളേക്കാൾ രണ്ടിരട്ടിയോളം കാട്ടുതീ മൂലമുള്ള പ്രശ്നങ്ങളും കുട്ടികൾ അനുഭവിക്കേണ്ടിവരുമെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി.

2050-ൽ ആഫ്രിക്കയിലെ കുട്ടികളുടെ എണ്ണം അവിടുത്തെ ജനസംഖ്യയുടെ നാൽപ്പത് ശതമാനമായി കുറഞ്ഞേക്കുമെന്നും യൂണിസെഫ് അറിയിച്ചു. 2000-മാണ്ടിനുശേഷമുള്ള കാലത്ത് ഇത് അൻപത് ശതമാനമായിരുന്നു. കിഴക്കൻ ഏഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലും ഇത് പതിനേഴ് ശതമാനത്തിനും കീഴിലായിരിക്കും. മുൻ കാലങ്ങളിൽ ഇത് ക്രമപ്രകാരം ഇരുപത്തിയൊൻപതും ഇരുപതും ശതമാനം വീതമായിരുന്നു.

എന്നാൽ ആരോഗ്യരംഗത്ത് വർദ്ധിച്ചുവരുന്ന സൗകര്യങ്ങളുടെയും, വിദ്യാഭ്യാസരംഗത്തെ വളർച്ചയുടെയും ഭാഗമായി, നവജാതശിശുക്കളുടെ മരണനിരക്ക് കുറഞ്ഞേക്കുമെന്നും, വിദ്യാഭ്യാസരംഗത്ത് മെച്ചപ്പെട്ട സ്ഥിതിയുണ്ടാകുമെന്നും ശിശുക്ഷേമനിധിയുടെ പഠനങ്ങൾ കണക്കുകൂട്ടുന്നു. കഴിഞ്ഞ നൂറ് വർഷങ്ങളിൽ, കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യത വർദ്ധിച്ചിട്ടുണ്ടെന്നും, 2050-ൽ തൊണ്ണൂറ്റിയാറ് ശതമാനം കുട്ടികൾക്കും പ്രഥമവിദ്യാഭ്യാസമെങ്കിലും ലഭിച്ചേക്കുമെന്നും യൂണിസെഫ് അറിയിച്ചു.

കുട്ടികളുടെയും കൗമാരക്കാരുടെയും ആഗോളദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ ഇരുപത് ബുധനാഴ്ചയാണ്, വരും കാലങ്ങളിൽ കുട്ടികളുടെ ജീവിതം എപ്രകാരമായിരിക്കുമെന്നതിനെപ്പറ്റിയുള്ള ഈ പഠനറിപ്പോർട്ട് ഐക്യരാഷ്ട്രസഭാസംഘടന പുറത്തുവിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2024, 15:44