തിരയുക

വിശുദ്ധ സറ്റീഫൻറെ നിണസാക്ഷിത്വം, ചിത്രകാരൻ ലൂയിജി തല്യഫേറിയുടെ ഭാവനയിൽ വിശുദ്ധ സറ്റീഫൻറെ നിണസാക്ഷിത്വം, ചിത്രകാരൻ ലൂയിജി തല്യഫേറിയുടെ ഭാവനയിൽ 

നിണസാക്ഷിത്വത്തെ അധികരിച്ച് ഒരു സമ്മേളനം റോമിൽ!

രക്തസാക്ഷിത്വത്തെ അധികരിച്ച് ഒരു ചതുർദിന സമ്മേളനം റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യുട്ടിൽ നവമ്പർ 11-ന് ആരംഭിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രക്തസാക്ഷിത്വത്തെ അധികരിച്ച് ഒരു സമ്മേളനം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ ആഭിമുഖ്യത്തിൽ റോമിൽ നടന്നുവരുന്നു.

നവമ്പർ 11-ന് തിങ്കളാഴ്ച ആരംഭിച്ച ഈ ചതുർദിന സമ്മേളനം പതിനാലാം തീയതി വ്യാഴാഴ്ച സമാപിക്കും. വത്തിക്കാനടുത്തുള്ള അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യുട്ടാണ് സമ്മേളന വേദി. “ഇതിലും വലിയ സ്നേഹമില്ല. രക്തസാക്ഷത്വവും ജീവാർപ്പണവും” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ഇന്നലെകളിലെയും നമ്മുടെ കാലത്തെയും രക്തസാക്ഷികൾ ക്രിസ്തുവിനോടും സുവിശേഷത്തോടും സഭയോടും ഉള്ള തങ്ങളുടെ വിശ്വസ്തതയെ സാക്ഷ്യപ്പെടുത്തുന്നതിന്, സ്നേഹത്തിൻറെ പരമമായ ഒരു പ്രവർത്തനാത്താൽ, സ്വതന്ത്രമായും ബോധപൂർവ്വമായും തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഈ സമ്മേളനത്തിൻറെ ഉദ്ഘാടനവേളയിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ അനുസ്മരിച്ചു.

ക്രിസ്തു ഉറവിടവും മാതൃകയുമാകയുള്ള രക്തസാക്ഷിത്വത്തിനുള്ള കാരണം മാറ്റമില്ലാതെ തുടരുകയാണെങ്കിലും രക്തസാക്ഷിത്വത്തിൻറെ സാംസ്കാരിക പശ്ചാത്തലങ്ങളും തന്ത്രങ്ങളും മാറിയിട്ടുണ്ടെന്നും  ക്രിസ്ത്യൻ വിശ്വാസത്തോടോ ക്രിസ്തീയ മൂല്യങ്ങളുമായി ബന്ധപ്പെട്ട പെരുമാറ്റത്തോടോ ഉള്ള വെറുപ്പ് വ്യക്തമായി ഉയർത്തിക്കാട്ടാതിരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പകരം മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസീസ് പാപ്പാ സമ്മേളനത്തിൻറെ സമാപന ദിനമായ വ്യാഴാഴ്ച വത്തിക്കാനിൽ ദർശനം അനുവദിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2024, 17:26