ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രെട്ടറി അന്തോണിയോ ഗുത്തേറെസ് ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രെട്ടറി അന്തോണിയോ ഗുത്തേറെസ്  

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐക്യരാഷ്ട്രസഭ ജനറൽ സെക്രെട്ടറി

നവംബർ 29-ന് ആചരിക്കപ്പെടുന്ന “പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്രദിനവുമായി” ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സെക്രെട്ടറി ജനറൽ അന്തോണിയോ ഗുത്തേറെസ് സന്ദേശം നൽകി. ഈ ദിനാചരണത്തിന്റെ പ്രേരകലക്ഷ്യങ്ങളിൽനിന്ന് നാം ഏറെ അകലെയാണെന്നും, ഇത്തവണത്തേത് മുൻ വർഷങ്ങളിലേതിനേക്കാൾ ദുഃഖപൂർണ്ണമായ ആചരണമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട സന്ദേശത്തിൽ ഐക്യരാഷ്ട്രസഭാസെക്രെട്ടറി പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാലസ്തീൻ ജനതയുടെ അന്തസ്സിനോടും, അവകാശങ്ങളോടും, നീതിയോടും, സ്വയം നിർണ്ണയാവകാശത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ദിനം ഈ വർഷവും നവംബർ ഇരുപത്തിയൊൻപതിന് ആചരിക്കപ്പെടുമ്പോഴും, ഈ ദിനാചരണം സ്ഥാപിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളിൽനിന്ന് നാം ഏറെ അകലെയാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട സന്ദേശത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ സെക്രെട്ടറി ജനറൽ അന്തോണിയോ ഗുത്തേറെസ് അപലപിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്ന് എഴുതിയ ഐക്യരാഷ്ട്രസഭാ ജനറൽ സെക്രെട്ടറി, പക്ഷെ, പാലസ്തീൻ ജനതയെ ഒന്നായി ശിക്ഷിക്കുന്നതിനെയും നമുക്ക് ന്യായീകരിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു.

ഒരു വർഷത്തിനിപ്പുറം ഗാസാ പ്രദേശം തകർന്നിരിക്കുകയാണെന്നും, നാൽപ്പത്തിമൂവായിരത്തിലധികം പാലസ്തീൻകാരാണ് ഇതിനോടകം കൊല്ലപ്പെട്ടതെന്നും, അനുദിനം ഗാസാ പ്രദേശത്തെ മാനവികപ്രതിസന്ധി വളർന്നുകൊണ്ടിരിക്കുകയാണെന്നും അന്തോണിയോ ഗുത്തേറെസ് എഴുതി. കൊല്ലപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കിഴക്കൻ ജെറുസലേം ഉൾപ്പെടെയുള്ള, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന സൈനികനടപടികളും, കുടിയൊഴിപ്പിക്കലും, അതിക്രമങ്ങളും ഭീഷണികളും കൂടുതൽ വേദനയും അനീതിയും വളർത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രദേശത്ത് അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കുകയും, തടവുകാരായി തട്ടിക്കൊണ്ടുപോകപ്പെട്ടവരെ വ്യവസ്ഥകളില്ലാതെ മോചിപ്പിക്കുകയും, അന്താരാഷ്ട്ര നീതികോടതിയും ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയും ആവശ്യപ്പെട്ടതുപോലെ, പാലസ്തീനിൽ അനധികൃതമായി അധിനിവേശം നടക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് യു.എൻ. സെക്രെട്ടറി ജനറൽ ആവശ്യപ്പെട്ടു.

ജെറുസലേം പൊതു തലസ്ഥാനമാക്കി, ഇസ്രായേലും പാലസ്തീനായും രണ്ടു രാജ്യങ്ങളായി സമാധാനത്തോടും സുരക്ഷയിലും കഴിയുന്ന ഒരു വ്യവസ്ഥയിലേക്ക് വളരാൻ കഴിയണമെന്ന നിർദ്ദേശം ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ചു.

പാലസ്തീൻ ജനതയ്ക്ക് അവശ്യ മാനവികസഹായങ്ങൾ എത്തിക്കുന്നതിന് പിന്തുണ നൽകുന്നതിനായി ഏവരും മുന്നോട്ടുവരണമെന്നും അന്തോണിയോ ഗുത്തേറെസ് ആവശ്യപ്പെട്ടു. പാലസ്തീൻ ജനതയ്ക്ക് സമാധാനത്തിലും, സുരക്ഷയിലും, അന്തസ്സോടെയും ജീവിക്കാനുള്ള അവകാശത്തിനായി ഐക്യരാഷ്ട്രസഭ തങ്ങളുടെ ഐക്യദാർഢ്യം തുടർന്നും നൽകുമെന്നും ഐക്യരാഷ്ട്രസഭാ ജനറൽ സെക്രെട്ടറി തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2024, 15:25