പഞ്ചാബിൽ മലിനവായുമൂലം ബുദ്ധിമുട്ടുന്നത് ഒരു കോടിയിലധികം കുട്ടികൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാകിസ്ഥാനിലെ വായുമലിനീകരണം വർദ്ധിച്ചതുമൂലം പഞ്ചാബ് പ്രവിശ്യയിൽ മാത്രം ഒരുകോടിയിലധികം കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ പ്രദേശത്ത് പുകമഞ്ഞ് വർദ്ധിച്ചതിനാൽ, മലിനവും വിഷലിപ്തവുമായ വായുവാണ് ഇവിടെയുള്ള കുട്ടികൾ ശ്വസിക്കുന്നതെന്നും, ഇത് തികച്ചും ആശങ്കാകുലമാണെന്നും പാകിസ്താനിലെ യൂണിസെഫ് പ്രതിനിധി അബ്ദുള്ളാ ഫാദിൽ നവംബർ പതിമൂന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ശുദ്ധവായുവിനെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ ഗുണനിലവാരക്കണക്കുകളേക്കാൾ നൂറിലധികം മലിനീകരണമാണ് ലാഹോറിലും മുൾത്താനിലും കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയതെന്ന് യൂണിസെഫ് അറിയിച്ചു. വായുമലിനീകരണത്തോത് വർദ്ധിച്ചതിനാൽ കുട്ടികളുടെ സുരക്ഷാ കണക്കിലെടുത്ത് ഈ പ്രദേശങ്ങളിൽ നവംബർ പകുതിവരെ സ്‌കൂളുകൾ അടച്ചിരിക്കുകയാണെന്നും, അതുവഴി, ഒരുകോടി അറുപത് ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന COP29 സമ്മേളനം അസർബൈജാനിലെ ബാകുവിൽ നവംബർ 11 മുതൽ 22 വരെ തീയതികളിൽ നടക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, കാലാവസ്ഥാപ്രതിസന്ധിയെ തരണം ചെയ്യാനുള്ള പ്രതിബദ്ധത പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുവരാൻ രാജ്യങ്ങൾ ശ്രമിക്കണമെന്ന് യൂണിസെഫ് പ്രതിനിധി ഓർമ്മിപ്പിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, ശൂന്യാകാശത്തുനിന്ന് പോലും കാണത്തക്ക വിധത്തിൽ വായുമലിനീകരണം വർദ്ധിച്ചുവെന്നും ശിശുക്ഷേമനിധി പ്രതിനിധി പ്രസ്താവിച്ചു. കാലാവസ്ഥാമലിനീകരണമാണ് രാജ്യത്തെ ശിശുമരണത്തിന്റെ പന്ത്രണ്ട് ശതമാനത്തിനും കാരണമെന്നും, നിലവിലെ പ്രതിസന്ധി ഇതിൽ ഉളവാക്കിയേക്കാവുന്ന ദൂഷ്യഫലങ്ങൾ മനസ്സിലാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും അബ്ദുള്ളാ ഫാദിൽ വ്യക്തമാക്കി.
ശുദ്ധവായു ലഭ്യത കുട്ടികളുടെ അവകാശമാണെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ്, കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ ഗവൺമെന്റിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത് വായുമലിനീകരണത്തോത് കുറയ്ക്കാനുള്ള ശ്രമങ്ങളിൽ പിന്തുണ നൽകേണ്ടതുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: