ഈജിയൻ കടലിൽ ആറു കുട്ടികൾ മുങ്ങി മരിച്ചു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തുർക്കിക്കും ഗ്രീസിനും മദ്ധ്യേയുള്ള ഈജിയൻ കടലിൽ നവംബർ 25 തിങ്കളാഴ്ചയുണ്ടായ ബോട്ടപകടത്തിൽ ആറു കുട്ടികൾ മുങ്ങിമരിച്ചുവെന്ന് യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേക്കുമുള്ള യൂണിസെഫ് സംഘത്തിന്റെ ഡയറക്ടർ റെജീന ദേ ദൊമിനിച്ചിസ്. നവംബർ 27 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഈ ദാരുണ അപകടത്തെക്കുറിച്ച് യൂണിസെഫ് സംഘടന അറിയിച്ചത്.
നാൽപ്പത് പേർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയ സംഭവത്തിൽ എട്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് അറിയിച്ച ശിശുക്ഷേമനിധി പ്രാദേശികസംഘം, സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. 2014 മുതൽ 2024 ഒക്ടോബർ 21 വരെയുള്ള കാലയളവിൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ കൊച്ചുകുട്ടികളടക്കം 2508 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും, ദാരിദ്ര്യത്തിൽനിന്നും സംഘർഷങ്ങളിൽനിന്നും രക്ഷതേടിയുള്ള യാത്രയിലാണ് ഇത്തരം ദാരുണസംഭവങ്ങൾ നടന്നതെന്നും റെജീന ദേ ദൊമിനിച്ചിസ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
കുട്ടികളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, കുടിയേറ്റവും, അഭയാർത്ഥികളെ സ്വീകരിക്കുന്നതും സംബന്ധിച്ച ഉടമ്പടി ശരിയായ രീതിയിൽ ഉപയോഗിക്കാൻ സർക്കാരുകളോട് അഭ്യർത്ഥിച്ചു. യൂറോപ്പിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുമിക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങൾ അനുവദിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.
കുട്ടികളുടേതുൾപ്പെടെയുള്ള മുങ്ങിമരണങ്ങൾ ഒഴിവാക്കാനും, സംരക്ഷണം ഉറപ്പാക്കാനും, ഏകോപിതമായ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയവ അത്യന്താപേക്ഷിതമാണെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: