തിരയുക

വടക്കൻ ഗാസായിലെ കമൽ അദ്വാൻ ആശുപത്രി - ഫയൽ ചിത്രം വടക്കൻ ഗാസായിലെ കമൽ അദ്വാൻ ആശുപത്രി - ഫയൽ ചിത്രം  (AFP or licensors)

കമൽ അദ്വാൻ ആശുപത്രി ഉപരോധിത യുദ്ധമേഖലയായി മാറി: യൂണിസെഫ്

വടക്കൻ ഗാസായിലെ കമൽ അദ്വാൻ ആശുപത്രിക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളെത്തുടർന്ന് അവിടം ഒരു ഉപരോധിതയുദ്ധമേഖലയ്ക്ക് സമാനമായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കൊച്ചുകുട്ടികൾക്ക് നൽകിവന്നിരുന്ന ചികിത്സാസാഹായം ഗുരുതരമായ തടസ്സപ്പെടുന്നുവെന്ന് ശിശുക്ഷേമനിധി അപലപിച്ചു. നവംബർ ആറാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് പ്രദേശത്തെ വിഷമസ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത അക്രമണങ്ങളെത്തുടർന്ന്, വടക്കൻ ഗാസായിൽ അവശേഷിച്ച ഏക ആശുപത്രിയായ കമൽ അദ്വാൻ ആശുപത്രി ഒരു ഉപരോധിതയുദ്ധമേഖലയായി മാറിയെന്നും, അവിടെ നൽകിവന്നിരുന്ന ചികിത്സാസൗകര്യങ്ങൾ ഗുരുതരമായ തോതിൽ തടസ്സപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഗാസാ പ്രദേശമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ, ആശുപത്രികൾക്ക് നേരെ നടന്ന ആക്രമണങ്ങൾ മൂലം നാലായിരത്തിലധികം ശിശുക്കൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും യൂണിസെഫ് അപലപിച്ചു. ആശുപത്രികളിലേക്കുള്ള പ്രവേശനം പോലും ബുദ്ധിമുട്ടേറിയതാണെന്നും, കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ നിരവധി ശിശുക്കൾ കൊല്ലപ്പെട്ടുവെന്നും യൂണിസെഫ് വ്യക്തമാക്കി.

നവജാതശിശുക്കൾക്ക് ചികിത്സ നൽകിവന്നിരുന്ന അത്യാഹിതവിഭാഗങ്ങളിൽ നല്ലൊരു ശതമാനവും വടക്കൻ ഗാസായിലായിരുന്നുവെന്നും, നവജാതശിശുക്കളുടെ ജീവൻ സംരക്ഷിച്ചിരുന്ന ഇൻക്യൂബേറ്ററുകൾ എഴുപത് ശതമാനവും നശിപ്പിക്കപ്പെട്ടുവെന്നും, ഇനിയും വെറും അൻപത്തിനാല് ഇൻക്യൂബേറ്ററുകൾ മാത്രമാണ് പ്രദേശത്ത് അവശേഷിക്കുന്നതെന്നും യൂണിസെഫ് വ്യക്തമാക്കി.

ഗാസായുടെ തെക്കൻ പ്രദേശത്ത് അത്യാഹിതവിഭാഗങ്ങളിൽ ഉണ്ടായിരുന്ന 109 ഇൻക്യൂബേറ്ററുകളിൽ ഒൻപതെണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

നവജാതശിശുക്കളുടെ മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, പലപ്പോഴും കുട്ടികൾ മാസം തികയാതെ ജനിക്കുന്നതിന് ഇത് കാരണമാകുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.

ആരോഗ്യകേന്ദ്രങ്ങൾ അന്താരാഷ്ട്രമാനവികനിയമങ്ങൾ അനുസരിച്ച് സംരക്ഷിക്കപ്പെടേണമെന്നും, എന്നാൽ, ദുർബലരായ നവജാതശിശുക്കൾ കൊല്ലപ്പെടുകയാണെന്നും, ഈ യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയപ്രതിബദ്ധത പലർക്കുംഇല്ല എന്നത് അടിസ്ഥാനമാനവികത നേരിടുന്ന പ്രതിസന്ധിയുടെ തെളിവാണെന്നും, നവംബർ ആറാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിൽ യൂണിസെഫ് പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2024, 16:39