തിരയുക

ഗാസയിൽ നിന്നുള്ള ദൃശ്യം ഗാസയിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

ഗാസയിൽ കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു

ഗാസയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പതിനൊന്നു കുട്ടികൾ കൊല്ലപ്പെട്ടു. നാലു നവജാതശിശുക്കൾ കടുത്തതണുപ്പുമൂലവും മരണപ്പെട്ടു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്രായേൽ സൈന്യം ഹമാസിനെതിരെ നടത്തുന്ന ആക്രമണത്തിൽ, ഗാസ മുനമ്പിലുള്ള കുട്ടികൾ ഏറെ ദുരിതമനുഭവിക്കുന്നു. 2024 വർഷത്തിന്റെ അവസാനത്തോടടുക്കുമ്പോഴേക്കും, കുട്ടികൾക്ക് നേരെയുള്ള ആക്രമണഭീഷണികൾ ദിനംപ്രതി വർധിക്കുന്നതായി യൂണിസെഫ് സംഘടന വിലയിരുത്തി. ക്രിസ്തുമസ് കാലത്ത് മാത്രം പതിനൊന്നു കുട്ടികൾ കൊല്ലപ്പെടുകയും, മതിയായ പാർപ്പിടസൗകര്യവും, തണുപ്പിനെ ചെറുക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവവും നവജാതശിശുക്കളുടെ മരണത്തിലേക്കും നയിച്ചുവെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ പ്രസ്താവിക്കുന്നു.

വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, തണുപ്പിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാഹചര്യത്തിൽ മരണനിരക്ക് ഉയരുവാനുള്ള സാധ്യതയും സംഘടന പുറത്തുവിട്ടു. താത്ക്കാലികമായി നിർമ്മിക്കപ്പെട്ട കൂടാരങ്ങളിൽ അതി ശൈത്യത്തിലാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ രാവും പകലും കഴിച്ചുകൂട്ടുന്നത്. കുട്ടികൾക്ക് ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, അടിയന്തര സാമഗ്രികൾ എന്നിവ സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും, കൂടുതൽ സാധനങ്ങൾ എത്തിക്കുവാനുള്ള ബുദ്ധിമുട്ടുകൾ, ഏറെ വിഷമകരമാണെന്നും സംഘടനയുടെ വാർത്താകുറിപ്പിൽ പ്രസ്താവിക്കുന്നു.

ഗാസയിലേക്ക് മാനുഷികസഹായങ്ങൾ എത്തിക്കുന്നതിന് എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുന്നതോടൊപ്പം, ആക്രമണങ്ങൾ  എത്രയും വേഗം അവസാനിക്കട്ടെയെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികൾക്ക്, ഭയമില്ലാത്തതും വാഗ്ദാനങ്ങൾ നിറഞ്ഞതുമായ ഭാവിയിലേക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള ബാധ്യതയും, അതിനായി വെടിനിർത്തൽ കരാർ എത്രയും വേഗം പൂർണ്ണതോതിൽ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനും സംഘടന അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2024, 12:46