സങ്കീർത്തനചിന്തകൾ - 99 സങ്കീർത്തനചിന്തകൾ - 99 

സീയോനിൽ വാഴുന്ന ദൈവത്തെ നമുക്കും സ്തുതിക്കാം

വചനവീഥി: തൊണ്ണൂറ്റിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സീയോൻ മലയിൽ തന്റെ മഹത്വം വെളിവാക്കുന്ന ദൈവത്തിന് സ്തുതിയേകാൻ ഇസ്രായേൽ ജനതയെ ക്ഷണിക്കുന്ന ഒരു ഗീതമാണ് തൊണ്ണൂറ്റിയൊൻപതാം സങ്കീർത്തനം. ഇസ്രയേലിനെ തന്റെ ജനമായി തിരഞ്ഞെടുത്ത് അവർക്ക് പാലിക്കാനായി ഒരു നിയമവ്യവസ്ഥ നൽകുന്നതിലും ദൈവമഹത്വമാണ് വെളിവാകുന്നത്. മോശയിലൂടെയും, അഹറോനിലൂടെയും, സാമുവേൽ പ്രവാചകനിലൂടെയും ദൈവം തന്റെ പ്രിയപ്പെട്ട ജനത്തോട് സംസാരിച്ചതും സങ്കീർത്തനം പരാമർശിക്കുന്നുണ്ട്. ദൈവം പരിശുദ്ധനാണെന്ന മൂന്ന് തവണ ആവർത്തിക്കപ്പെടുന്ന പ്രസ്താവനയും (സങ്കീ. 99, 3; 5; 9), അവനെ സ്തുതിക്കാൻ രണ്ടുതവണ ആവർത്തിച്ചുള്ള ആഹ്വാനവും (സങ്കീ. 99, 5; 9) സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. യാക്കോബിന്, അതായത് ഇസ്രായേൽ ജനത്തിന്, നീതിയും ന്യായവും നടത്തിയവൻ യാഹ്‌വെയാണെന്ന പ്രഖ്യാപനവും സങ്കീർത്തനം നടത്തുന്നുണ്ട്. സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്ന പരിശുദ്ധനും രാജാവുമായ ദൈവത്തെ ആരാധിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ സങ്കീർത്തനത്തിൽ ഏശയ്യായുടെ വിളിയുമായി ബന്ധപ്പെട്ട ഏശയ്യാപ്രവാചകന്റെ പുസ്തകം ആറാം അദ്ധ്യായത്തിന്റെ സ്വാധീനമുണ്ടെന്ന് ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. ഇസ്രയേലിന്റെയും സർവ്വപ്രപഞ്ചത്തിന്റെയും നാഥനായ യാഹ്‌വെയുടെ രാജത്വം, പ്രപഞ്ചത്തിന്മേലുള്ള അവന്റെ സർവ്വാധികാരം, അന്ത്യവിധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനത്തിൽ ആരംഭിക്കുന്ന എട്ട് കീർത്തനങ്ങളിൽ ഏഴാമത്തേതുമാണ് ഈ സങ്കീർത്തനം.

പരിശുദ്ധനും ശക്തനും നീതിമാനുമായ ദൈവം

പരിശുദ്ധനും ശക്തനും നീതിമാനുമായ ദൈവമാണ് യാഹ്‌വെ എന്ന ഒരു ആശയമാണ് സങ്കീർത്തനത്തിലുടനീളം, പ്രത്യേകിച്ച് സങ്കീർത്തനത്തിന്റെ ആദ്യഭ്യാഗത്ത് നാം കാണുന്നത്. തൊണ്ണൂറ്റിമൂന്ന്, തൊണ്ണൂറ്റയേഴ് എന്നീ സങ്കീർത്തനങ്ങൾക്ക് ശേഷം, "കർത്താവ് വാഴുന്നു" എന്ന വാക്കുകളോടെ തുടങ്ങുന്ന മൂന്നാമത്തെ സങ്കീർത്തനംകൂടിയാണിത്. കെരൂബുകളുടെമേൽ സിംഹാസനസ്ഥനായിരിക്കുന്ന ദൈവത്തിന്റെ, യഹോവയുടെ മുന്നിൽ ജനതകൾ വിറകൊള്ളുകയും ഭൂമി കുലുങ്ങുകയും ചെയ്യട്ടെയെന്ന് സങ്കീർത്തകൻ എഴുതുന്നു (സങ്കീ. 99, 1). സീയോനിൽ, ജെറുസലേമിലും, സകല ജനതകളുടെയുംമേലും ഉന്നതനായ ദൈവമാണ് അവിടുന്ന് (സങ്കീ. 99, 2). സ്വർഗ്ഗത്തിലും ഭൂമിയിലും പ്രപഞ്ചം മുഴുവനിലും തന്റെ സാന്നിദ്ധ്യമറിയിക്കുന്ന ദൈവം പക്ഷെ, സീയോനെ തന്റെ സാന്നിദ്ധ്യത്തിന്റെ പ്രത്യേക ഇടമായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന ഒരു ചിന്തയും ഇവിടെ നമുക്ക് കാണാം. ജനതകളുടെയിടയിൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും, വാഗ്ദത്തനാട്ടിലേക്ക് നയിക്കപ്പെടുകയും, ദൈവത്തിന്റെ സാമീപ്യം അനുഭവിച്ചറിയാൻ സാധിക്കുകയും ചെയ്ത ഇസ്രായേൽ ജനതയുടെ ചരിത്രത്തിന്റെ കൂടി പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് നമുക്ക് ഈ സങ്കീർത്തനവരികളെ ശരിയായി മനസ്സിലാക്കാൻ സാധിക്കുക.

ശക്തിയേക്കാളും അധികാരത്തെക്കാളും യാഹ്‌വെ സ്തുത്യർഹനാകുന്നത് അവന്റെ പരിശുദ്ധിയാലാണ് എന്ന് മൂന്നാം വാക്യത്തിൽ സങ്കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. അവന്റെ നാമം മഹത്തും, ഭീതിജനകവുമാണ് (സങ്കീ. 99, 3). സകലതിനും സകലർക്കും മേലെ അധികാരമുള്ള, എന്നാൽ ഇസ്രയേലിനെ പ്രത്യേകമായി കരുതുകയും പരിപാലിക്കുകയും അവർക്ക് സമീപസ്ഥനായിരിക്കുകയും ചെയ്‌യുന്ന പരിശുദ്ധനായ ദൈവത്തിന്റെ നാമത്തെ ജനതകൾ സ്തുതിക്കട്ടെയെന്ന് സങ്കീർത്തനം ഇവിടെ ആഹ്വാനം ചെയ്യുന്നു.

കർത്താവിന്റെ ശക്തിയും, അവന്റെ നീതിയും ന്യായവും സംബന്ധിച്ചുള്ള ഒരു പ്രസ്താവനയാണ് നാലാം വാക്യം. സർവ്വശക്തനായ അവൻ നീതിയെ സ്നേഹിക്കുന്നവനും, ന്യായത്തെ സ്ഥാപിക്കുന്നവനുമാണ്. യാക്കോബിൽ നീതിയും ന്യായവും നടത്തിയതും അവനാണ് (സങ്കീ. 99, 4). യാഹ്‌വെ, ശക്തനും തന്റെ ജനത്തിന് നീതിയും ന്യായവും നടത്തിക്കൊടുക്കുന്നവനുമാണെന്ന ബോധ്യമുള്ള ജനം കർത്താവിനെ പുകഴ്ത്തുകയും, അവന്റെ പാദപീഠത്തിങ്കൽ പരിശുദ്ധനായ അവിടുത്തെ പ്രണമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു (സങ്കീ. 99, 5). പഴയനിയമചിന്തയിൽ (ഏശയ്യാ 66,1, വിലാപങ്ങൾ 2,1), ദൈവത്തിന്റെ പാദപീഠം എന്നത്, ദൈവാലയം മാത്രമല്ല, ഈ ഭൂമിമുഴുവനുമാണ് എന്ന ചിന്തയുടെ കൂടി പശ്ചാത്തലത്തിൽ, ഭൂമി മുഴുവനിലും ദൈവസ്‌തുതികൾ ഉയരേണ്ടിയിരിക്കുന്നു എന്ന് ഈ സങ്കീർത്തനവാക്യങ്ങളെ നമുക്ക് വ്യാഖ്യാനിക്കാനാകും. മറ്റു രാജ, ദൈവ സങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്‌തമായി, ഇസ്രയേലിന്റെ ദൈവമായ കർത്താവ്, തന്റെ അധികാരവും ശക്തിയും ആധിപത്യവും, സകലർക്കും സ്വീകാര്യമായ, നന്മയിലും സംരക്ഷണത്തിലും അനുഗ്രഹങ്ങളിലും രക്ഷയിലും സത്യത്തിലും നീതിയിലുമാണ് വെളിവാക്കുന്നത്.

സമീപസ്ഥനായ ദൈവവും ജനത്തിന്റെ ആരാധനയും

നാം ഇതുവരെ കണ്ട, തന്റെ ജനത്തോട് സമീപസ്ഥനായിരുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റെ ദൈവമായ കർത്താവെന്ന ചിന്തയെ കൂടുതൽ ആഴപ്പെടുത്തുന്ന ചില കാര്യങ്ങളാണ് സങ്കീർത്തനത്തിന്റെ ആറുമുതലുള്ള വാക്യങ്ങളിൽ നാം കാണുക. ജനത്തോടുള്ള തന്റെ സാമീപ്യം ദൈവം പലപ്പോഴും വെളിപ്പെടുത്തിയത് ദൈവം തിരഞ്ഞെടുത്ത പ്രവാചകരിലൂടെയും നേതാക്കന്മാരിലൂടെയും രാജാക്കന്മാരിലൂടെയുമാണ്. ഇസ്രായേൽ ചരിത്രത്തിൽ മാറ്റിവയ്ക്കാനാകാത്ത തിരഞ്ഞടുക്കപ്പെട്ടവരായിരുന്ന മോശയും അഹറോനും സാമുവേലും ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ദൈവത്തിന് പ്രീതരായ സംവാദകരും ഇടനിലക്കാരുമായിരുന്നു. വ്യക്തിപരമായ ജീവിതത്തിൽ കുറവുകളുള്ള മനുഷ്യരായിരുന്നപ്പോഴും, അവർ ജനത്തിന് വേണ്ടി വിശ്വാസത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുകയും, അവൻ അവരുടെ അപേക്ഷകൾക്ക് ഉത്തരമരുളുകയും ചെയ്‌തു (സങ്കീ. 99, 6). അനേകർക്ക് ദൈവഹിതമറിയാനും അതനുസരിച്ച് ജീവിക്കാനും സാധിച്ചത് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരുടെ ഇടപെടലിലൂടെയാണ്.

തന്റെ ജനത്തോട് കൂടെ വസിച്ച, മേഘസ്തംഭത്തിൽനിന്ന് അവരോട് സംസാരിച്ച, അവർക്ക് കല്പനകളും ചട്ടങ്ങളുമേകിയ ഒരു ദൈവത്തെ നാം പഴയനിയമപുസ്തകങ്ങളിൽ കാണുന്നത് സങ്കീർത്തനത്തിന്റെ ഏഴാം വാക്യം അനുസ്മരിപ്പിക്കുന്നുണ്ട്. മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങിവരുന്നതും, കർത്താവ് മോശയോട് സംസാരിക്കുന്നതും പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിമൂന്നാം അദ്ധ്യായത്തിലും, സംഖ്യയുടെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിലും നാം വായിക്കുന്നുണ്ടല്ലോ (പുറപ്പാട് 33, 9; സംഖ്യ 12, 5). ദൈവപ്രീതിയുടെയും, ന്യായത്തിന്റെയും, അവന്റെ കരുണയുടെയും സംരക്ഷണത്തിന്റെയും ഭാഗം തന്നെയായിരുന്നു, അവൻ തന്റെ ജനത്തിനേകിയ കൽപ്പനകൾ. അവന്റെ പ്രീതിക്കും, അതുവഴി രക്ഷയ്ക്കും കാരണമാകുന്ന നിയമങ്ങൾ മോശയിലൂടെയെന്നപോലെ, അവൻ തന്റെ മറ്റു തിരഞ്ഞെടുക്കപെട്ടവരിലൂടെയും തന്റെ ഹിതം ജനത്തെ അറിയിക്കുന്നുണ്ട്.

തന്റെ കല്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ശിക്ഷ നൽകുന്ന, എന്നാൽ തന്നിലേക്ക് തിരികെയെത്തുന്നവരിൽ കനിയുന്ന, കോപത്തെക്കാൾ ക്ഷമയിലും കരുണയിലും മുന്നിൽ നിൽക്കുന്ന ഒരു ദൈവത്തിന്റെ നീതിയും സ്നേഹവും നാം ഇസ്രയേലിന്റെ ദൈവത്തിൽ കാണുന്നുണ്ട് (സങ്കീ. 99, 8). പരിശുദ്ധനായ ഈയൊരു ദൈവത്തെ മഹത്വപ്പെടുത്തുവാനും, അവന്റെ വിശുദ്ധപർവ്വതത്തിൽ, ജറുസലേമിൽ ആരാധനയർപ്പിക്കുവാനും ജനം മുഴുവനെയും ആഹ്വാനം ചെയ്‌തുകൊണ്ടാണ് (സങ്കീ. 99, 9) സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

തിരഞ്ഞെടുക്കപ്പെട്ട പഴയനിയമജനമായ ഇസ്രെയേലിന് മാത്രമല്ല, സകലർക്കും സമീപസ്ഥനും സ്വീകാര്യനുമായ, എന്നാൽ ശക്തനും നീതിയും, ന്യായവുമനുസരിച്ച് വിധിക്കുന്നവനും, ഭൂമിയെയും സർവ്വപ്രപഞ്ചത്തെയും ഭരിക്കുന്നവനുമായ യാഹ്വെയെക്കുറിച്ചുള്ള ചിന്തകൾ ഉണർത്തുന്ന തൊണ്ണൂറ്റിയൊൻപതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, വിശുദ്ധിയിൽ വാഴുന്ന ആ ദൈവത്തിന് മുൻപിൽ നിർമ്മലവും വിശുദ്ധവുമായ ഒരു ജീവിതം നയിക്കാനും, നിരന്തരം ആരാധനയുടെയും സ്തുതിയുടേതുമായ മനോഭാവത്തോടെ ആയിരിക്കാനും സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നത് തിരിച്ചറിയാം. ദൈവികമായ പരിശുദ്ധിയും നീതിയും ന്യായവും നമ്മുടെ ജീവിതത്തിലും പുലർത്താനും, പരിപാലകനും രക്ഷകനുമായ ദൈവത്തിൽ ശരണമർപ്പിച്ച്, അവനോട് ചേർന്ന് ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. ലോകം നൽകുന്നവയിൽനിന്ന് വ്യത്യസ്തമായി കുറവുകളില്ലാത്ത, പാലിക്കപ്പെടുന്ന, രക്ഷയുടെയും ജീവന്റെയും വാഗ്ദാനങ്ങളാണ് ദൈവം നമുക്ക് നൽകുന്നത്. പരിശുദ്ധനായ ദൈവത്തിന്റെ സീയോനിൽ, ദൈവപാദങ്ങളിൽ ആരാധനയുടെയും സ്തുതിയുടെയും മനോഭാവത്തോടെ, വിശുദ്ധിയിലും വിശ്വസ്തതയിലും  ജീവിക്കാം. അവൻ നമുക്കും സമീപസ്ഥനായിരിക്കട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2024, 16:04