തിരയുക

ഇസ്രായേലിൽ തകർക്കപ്പെട്ട വിദ്യാലയം ഇസ്രായേലിൽ തകർക്കപ്പെട്ട വിദ്യാലയം   (ANSA)

യുദ്ധനാടുകളിൽ കലാലയ വിദ്യാഭ്യാസം അനിശ്ചിതത്വത്തിൽ

ആഗോളതലത്തിൽ യുദ്ധത്തിന്റെ ഭീഷണി നിലനിൽക്കുന്ന മുപ്പത്തിനാലു രാജ്യങ്ങളിൽ കലാലയ വിദ്യാഭ്യാസം സാധ്യമല്ലെന്നും, ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നും, കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന വിലയിരുത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിവിധ യുദ്ധങ്ങളാൽ സംഘർഷഭരിതമായ രാഷ്ട്രങ്ങളിൽ,  സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നില്ലെന്നും, കലാലയ വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയിൽ തുടരുകയാണെന്നും ‘കുട്ടികളെ സംരക്ഷിക്കുക’ എന്ന ആഗോള സംഘടന വിലയിരുത്തി. ആക്രമണങ്ങൾ ലക്‌ഷ്യം വയ്ക്കുന്നതിനാലും, സൈനികതാവളങ്ങളായി വിദ്യാലയങ്ങളെ ഉപയോഗിക്കുന്നതിനാലും, ഈ രാജ്യങ്ങളിൽ മൂന്നിലൊന്നു കുട്ടികൾക്കും കലാലയവിദ്യാഭ്യാസം നേടുവാൻ സാധിക്കുന്നില്ലെന്നും സംഘടനയുടെ പത്രക്കുറിപ്പിൽ എടുത്തുകാണിക്കുന്നു.

2024-ൽ, ഏകദേശം 103 ദശലക്ഷം സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക്, സംഘട്ടനം നിലനിൽക്കുന്ന മുപ്പത്തിനാല് രാജ്യങ്ങളിൽ വിദ്യാലയങ്ങളിൽ പോകുവാൻ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഡാനിൽ, 2023 ഏപ്രിലിൽ ആരംഭിച്ച സംഘർഷം കാരണം 17.4 ദശലക്ഷം കുട്ടികൾ വീടുകളിൽ തന്നെ കഴിയുകയാണ്. അതുപോലെ ഗാസയിലും സമാനമായ സ്ഥിതികളാണ് നിലവിലുള്ളത്. ഏറെ സംഘർഷഭരിതമായി കണക്കാക്കുന്ന നൈജീരിയയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നേടുവാൻ സാധിക്കാത്തത്.  ദാരിദ്ര്യം, അരക്ഷിതാവസ്ഥ, സാമൂഹിക-സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവ കുട്ടികൾക്ക് പ്രത്യേകമായി പെൺകുട്ടികൾക്ക്  വിദ്യാഭ്യാസം നേടുന്നതിന് തടസങ്ങളായി നിലനിൽക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലുള്ള ആക്രമണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൈനിക ഉപയോഗവും 2022-ലും 2023-ലും കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 20% വർദ്ധിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് അവർ എവിടെ താമസിക്കുന്നുവെന്നത് പരിഗണിക്കാതെ തന്നെ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും സംഘടന ലോകരാജ്യങ്ങളോട്  അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2024, 12:43