സിറിയയിലെ കുട്ടികൾക്ക് സമാധാനം ഉറപ്പുവരുത്തണം: യൂണിസെഫ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഏകദേശം പതിനാലുവർഷങ്ങളായി നീണ്ടു നിന്ന യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും, സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരുന്ന സിറിയയിലെ കുട്ടികൾക്ക്, ശാന്തപൂർണ്ണമായ ജീവിതം നയിക്കുവാൻ കൂടുതൽ അവസരങ്ങൾ നൽകണമെന്ന് യൂണിസെഫ് സംഘടനാ വിവിധ രാഷ്ട്രങ്ങളിലെ നേതൃത്വത്തോട് അഭ്യർത്ഥിച്ചു. ഏകദേശം 7.5 ദശലക്ഷം കുട്ടികൾക്ക് മാനുഷിക സേവനങ്ങൾ ആവശ്യമാണെന്നും, 6.4 ദശലക്ഷം കുട്ടികൾക്ക് സംരക്ഷണ സേവനങ്ങൾ അടിയന്തിരമായി ആവശ്യമാണെന്നും സംഘടന വിലയിരുത്തുന്നു.
രാജ്യത്തെ 40 ശതമാനത്തോളം ആരോഗ്യകേന്ദ്രങ്ങളും, പ്രവർത്തനരഹിതമായി അവശേഷിക്കുന്നതിനാൽ ആളുകൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. 2020 മുതൽ വിവിധ തരത്തിലുള്ള സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും, ഏകദേശം 1,260-ലധികം കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
സിറിയൻ കുടുംബങ്ങൾ തങ്ങളുടെ രാജ്യത്തിനായി ഒരു പുതിയ പാത കണ്ടെത്തുമ്പോൾ, കുട്ടികൾക്ക് ശുഭമായ ഒരു ഭാവി പ്രദാനം ചെയ്യുവാൻ ലോകരാഷ്ട്രങ്ങളുടെ സഹായത്തിനായും സംഘടനാ അഭ്യർത്ഥിക്കുന്നു. ഇന്ധനം, റൊട്ടി, അടിസ്ഥാന സാധനങ്ങൾ എന്നിവയുടെ വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഏറ്റവും ദുർബലരായ കുട്ടികളും കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുന്നത് തടയാൻ സിറിയയ്ക്ക് വലിയ തോതിലുള്ള സാമൂഹിക സംരക്ഷണ പരിപാടി ആവശ്യമാണെന്നും സംഘടന പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: