സാമ്പത്തിക പരിഷ്കരണത്തിനായുള്ള സന്ദേശമുയർത്തി കാരിത്താസ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇറ്റാലിയൻ കാത്തലിക് ആക്ഷൻ, പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി, ഇൻ്റർനാഷണൽ ഫോറം ഓഫ് കാത്തലിക് ആക്ഷൻ, ഇറ്റാലിയൻ കാരിത്താസ് സംഘടനകളുടെ കൂട്ടായ്മയിൽ, 58-ാമത് ലോക സമാധാന ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കൂ: ഞങ്ങൾക്ക് നിങ്ങളുടെ സമാധാനം നൽകൂ", എന്ന ആഹ്വാനത്തിന്റെ പ്രായോഗികത ലക്ഷ്യം വച്ചുകൊണ്ട്, പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. കടങ്ങൾ പൊറുക്കേണ്ടതിൻ്റെയും നീതിയിലും ഐക്യദാർഢ്യത്തിലും അധിഷ്ഠിതമായ സാമ്പത്തിക മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും അടിയന്തിരതയെക്കുറിച്ച് ചിന്തിക്കാൻ ഈ ജൂബിലി വർഷം നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞിരുന്നു.
യഹൂദ ജനതയുടെ ജൂബിലി പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാമ്പത്തിക കടവും പാരിസ്ഥിതിക കടവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടിക്കൊണ്ട്, വർത്തമാനകാലത്തെ ശ്വാസം മുട്ടിക്കുകയും ഭാവിയെ പണയപ്പെടുത്തുകയും ചെയ്യുന്ന അസമമായ സാമ്പത്തിക ബന്ധങ്ങളിൽ നിന്ന് അടിച്ചമർത്തപ്പെട്ട ജനതയെ മോചിപ്പിക്കുന്നതിനുള്ള ഒരു അനിവാര്യമായ ചുവടുവയ്പ്പായി സംഘടനകളുടെ ഈ കൂട്ടായ പരിശ്രമം ഫലം കാണുമെന്നു, പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
"കടം പ്രത്യാശയിലേക്ക് പരിണമിപ്പിക്കുക" എന്നതാണ് പ്രചാരണത്തിന്റെ ആപ്തവാക്യം. ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ പൊറുക്കുന്നതിനും അസമമായ അന്താരാഷ്ട്ര സാമ്പത്തിക വാസ്തുവിദ്യയെ പരിവർത്തനം ചെയ്യുന്നതിനും പുനർനിർമ്മാണത്തിൻ്റെ അടിയന്തിരാവസ്ഥയെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: